വീടിനു ഭീഷണിയായി കൂറ്റന്‍ പാറ; മരണഭീതിയില്‍ ഒരു കുടുംബം
പേരൂര്‍ക്കട: വീടിനു ഭീഷണിയായി നില്‍ക്കുന്ന കൂറ്റന്‍ പാറയ്ക്കു താഴെ മരണഭീതിയില്‍ ഒരു കുടുംബം. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് പരുത്തിവിള കല്ലുമല അന്‍വര്‍ മന്‍സിലില്‍ എച്ച്. മുബീനയും കുടുംബവുമാണ് ഭീതിയിലായിരിക്കുന്നത്. കല്ലുമലയില്‍ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ മൂന്നു കുടുംബങ്ങളുടെ വീടുകള്‍ സ്ഥിതിചെയ്യുന്നത് നിരപ്പായ ഭൂമിയിലാണ്. മുബീനയുടേത് പക്ഷേ, ഇളകി വീഴാറായ പാറയുടെ സമീപത്തായാണുള്ളത്.
അഞ്ചു വര്‍ഷം മുന്‍പ് പാറയുടെ ഒരുഭാഗം ഇളകിവീണ് ഇവരുടെ ഒരു ബന്ധുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാലവര്‍ഷം തുടങ്ങിയതോടെ പാറ മൊത്തത്തില്‍ വീടിനു മുകളില്‍ പതിച്ചേക്കാമെന്ന ഭീതിയിലാണ് കുടുംബം. മുബീനയുള്‍പ്പടെ രണ്ടു സ്ത്രീകളും ഒരു കുഞ്ഞുമാണ് വീട്ടിലുള്ളത്. കഴിഞ്ഞദിവസമുണ്ടായ മഴയില്‍ പാറയുടെ കുറച്ചുഭാഗം പൊടിഞ്ഞ് വീടിനു മുകളില്‍ പതിച്ചു. വിവരമറിഞ്ഞ് വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ റാണി വിക്രമനും തിരുവനന്തപുരം താലൂക്ക് അധികൃതരും ഇവിടം സന്ദര്‍ശിച്ചു. മുബീനക്കും കുടുംബത്തിനും ശാസ്തമംഗലത്തെ ഒരു സ്‌കൂളില്‍ അഭയം നല്‍കാന്‍ അവര്‍ തീരുമാനിച്ചെങ്കിലും തങ്ങള്‍ക്ക് സ്‌കൂളില്‍ കഴിയാന്‍ സാധിക്കില്ലെന്നും ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തശേഷം മറ്റെവിടെയെങ്കിലും വീടുവച്ചു നല്‍കിയാല്‍ മതിയെന്നുമാണ് മുബീനയും കുടുംബവും പറയുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ കാച്ചാണിയിലോ വട്ടിയൂര്‍ക്കാവിലോ ഉള്ള ബന്ധുവീടുകളിലേക്ക് ജീവനുംകൊണ്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."