പദ്ധതി പ്രദേശം സാമൂഹ്യ വിരുദ്ധര്‍ കൈയടക്കി
ഫ്‌ളോട്ടിങ് ജട്ടി അപ്രത്യക്ഷമായി,കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു, കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു, ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല
ആറ്റിങ്ങല്‍: കോടികള്‍ ചിലവിട്ട് നടപ്പാക്കിയ പദ്ധതി അവതാളത്തില്‍, ഇപ്പോഴാകട്ടെ ഇത് സാമൂഹ്യ വിരുദ്ധരുടെ താവളവും. കോടികള്‍ ചെലവിട്ട് ആറ്റിങ്ങല്‍ കൊല്ലമ്പുഴയില്‍ നിര്‍മ്മിച്ച കായലോര ടൂറിസം പദ്ധതിയും കുട്ടികളുടെ പാര്‍ക്കുമാണ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നത്.
രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് ആറ്റിങ്ങല്‍ കൊല്ലമ്പുഴ കടവില്‍ കുട്ടികളുടെ പാര്‍ക്കും ഫ്‌ളോട്ടിങ് ജട്ടിയും നിര്‍മിച്ചത്. 2013 മേയ് രണ്ടിനായിരുന്നു ഉദ്ഘാടനം. കഠിനംകുളം കൊല്ലമ്പുഴ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി അഞ്ചു ബോട്ടുകള്‍ കൊല്ലമ്പുഴ വഴി സര്‍വീസ് നടത്തുമെന്നും സാംസ്‌കാരിക ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിദേശികളെ ആകര്‍ഷിക്കുന്നതരത്തില്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും അന്ന്അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ ഫ്‌ളോട്ടിംഗ് ജട്ടി തന്നെ അപ്രത്യക്ഷമായി. കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു. ഇതിനുള്ളില്‍ സ്ഥാപിച്ചിരുന്ന കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു. പാര്‍ക്കിനോടനുബന്ധിച്ച് നിര്‍മിച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല. ആളനക്കം ഇല്ലാതായതോടെ ഇവിടം സാമൂഹിയ വിരുദ്ധര്‍ കൈയടക്കി.
കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി കഠിനംകുളം, ചിറയിന്‍കീഴ്, പണയില്‍ കടവ് , കൊല്ലമ്പുഴ മേഖലയെ ബന്ധിപ്പിച്ചാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അവിഷ്‌കരിച്ചത്. പദ്ധതി ഏറെ ചര്‍ച്ചയ്യപ്പെട്ടിരുന്നുവെങ്കിലും ആരംഭ ശൂരത്വം മാത്രമായിരുന്നു അതെന്ന് നാട്ടുകാര്‍ക്ക് ഇപ്പോഴൊക്കെയാണ് മനസിലാകുന്നത്. പൊതുമുതല്‍ അവിടവിടെ ചെലവഴിച്ച് നഷ്ടപ്പെടുത്തിയെന്നല്ലാതെ പദ്ധതി എങ്ങും എത്തിയില്ല.
മാര്‍ത്താണ്ഡ വര്‍മ്മയുടെ ജനന സ്ഥലമായ ആറ്റിങ്ങല്‍ കൊട്ടാരത്തിനും തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിനും സമീപത്തായാണ് കൊല്ലമ്പുഴ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്.
ദേശീയപാത കടന്നു പോകുന്നതും ഇതിനു സമീപത്തു കൂടിയാണ്. ഒഴിവു വേളകള്‍ ആസ്വദിക്കുന്നതിന് ഏറെ സാധ്യതകളുള്ള പദ്ധതിയാണ് എങ്ങുമെത്താതെകാടുകയറിക്കിടക്കുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവില്‍ ബോട്ട് ക്ലബ് ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു. ഇവിടെ എട്ടു ബോട്ടുകള്‍ സജ്ജീകരിച്ചിരുന്നു. മറ്റ് ബോട്ട് ക്ലബ്ബുകളെ അപേക്ഷിച്ച് അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ അതും ഇപ്പോള്‍ ജനം ഉപേക്ഷച്ച മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."