മരുഭൂമികളായി ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍
കണ്ണൂര്‍: പൊടുന്നനെയാണ് ഒരു കുന്ന് ഇല്ലാതായത്. ഭൂമിയുടെ ജലസംഭരണിയായ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ ലോറിയില്‍ കയറ്റിയെങ്ങോ നാടുകടത്തി. കേരളത്തില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ അനുനിമിഷം ഇല്ലാതാകുന്നു. ജലസമൃദ്ധമായ കേരളം വരള്‍ച്ചയുടെ പടുകുഴിയില്‍ എത്തിയത് ഇതിനാലാണ്.
ജലസംഭരണിയായ ചെറു സുഷിരങ്ങളുള്ള ചെങ്കല്‍ക്കുന്നുകള്‍ (ഫ്രാക്ചര്‍ സോണുകള്‍) ഇല്ലാതായതോടെ ജലം സംഭരിക്കാനുള്ള മണ്ണിന്റെ ശേഷിയാണു നഷ്ടപ്പെട്ടത്. ആഴത്തില്‍ മുറിവേറ്റ ഭൂമിക്ക് ഇനി 'ആസന്ന മൃതിയില്‍ നിത്യശാന്തി'യെന്നു പറയാതെ വയ്യ.
കേരളത്തിലെ ഭൂഗര്‍ഭജലം നാലുമുതല്‍ അഞ്ചുമീറ്റര്‍ വരെ താഴ്ന്നുവെന്നാണു പഠനം. സംസ്ഥാനത്ത് ഉപേക്ഷിച്ചതും പ്രവര്‍ത്തിക്കുന്നതുമായ പതിനയ്യായിരത്തോളം ചെങ്കല്‍ ക്വാറികളുണ്ടെന്നാണു കണക്ക്. ജൈവവൈവിധ്യ കേന്ദ്രങ്ങളായിരുന്ന ഇവ ഇന്നു പുല്ലുപോലും മുളക്കാത്ത മരുക്കുഴികളായി മാറി.
കോടിക്കണത്തിനു ലിറ്റര്‍ വെള്ളം സംഭരിക്കുന്ന ചെങ്കല്‍ക്കുന്നുകളാണ് ഇല്ലാതായത്.
ലാറ്ററേറ്റ് കുന്നുകള്‍ ഇല്ലാതാകുന്നതോടെ ഗുരുതരമായ അസന്തുലിതാവസ്ഥയാണു കേരളത്തെ കാത്തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണു വ്യാപകമായി ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പുഴകളുടെ വൃഷ്ടിപ്രദേശത്താണു സ്ഥിതി ചെയ്യുന്നതും.
ചെങ്കല്‍ ക്വാറികള്‍ക്കൊന്നിനും ലൈസന്‍സില്ലെന്നതാണു ഞെട്ടിപ്പിക്കുന്ന വസ്തുത. ജിയോളജി വിഭാഗത്തിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) ഉപയോഗിച്ചാണ് എല്ലാ ചെങ്കല്‍ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ഈ രേഖ ലൈസന്‍സല്ലെന്നു നിരാക്ഷേപ പത്രത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഒത്താശയാണ് ഇതിനു കാരണം. ഗാര്‍ഹിക ആവശ്യത്തിനെന്നു കാണിച്ചാണു നിരാക്ഷേപ പത്രം വാങ്ങുന്നതെന്നതാണ് വിചിത്രമായ കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."