പാകിസ്താനെ എറിഞ്ഞ് വീഴ്ത്തി
ലണ്ടന്‍: ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചിരവൈരികളായ പാകിസ്താനെ 124 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. ഇടയ്ക്ക് മഴ രസംകൊല്ലിയായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 48 ഓവറാക്കി ചുരുക്കുകയായിരുന്നു.
മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ വിജയ ലക്ഷ്യവും പുനര്‍നിര്‍ണയിച്ചു. 41 ഓവറില്‍ പാകിസ്താന്റെ ലക്ഷ്യം 289 റണ്‍സായിരുന്നു. അവരുടെ പോരാട്ടം 33.4 ഓവറില്‍ 164 റണ്‍സില്‍ അവസാനിച്ചു.
200 റണ്‍സ് പോലും തികയ്ക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പാക് ബാറ്റിങിനെ എറിഞ്ഞിട്ടുകയായിരുന്നു. അവസാന ബാറ്റ്‌സ്മാനായ വഹാബ് റിയാസ് പരുക്കിനെ തുടര്‍ന്ന് ബാറ്റിങിനിറങ്ങിയില്ല.
ഓപണര്‍ അസ്ഹര്‍ അലി (55), മുഹമ്മദ് ഹഫീസ് (33) എന്നിവരൊഴികെ മറ്റൊരു താരത്തിനും മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ, ജഡേജ എന്നിവര്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി പാകിസ്താന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിചയ സമ്പത്ത് കുറഞ്ഞ പാക് ബൗളിങ് നിര ഇന്ത്യക്ക് വെല്ലുവിളിയായില്ല. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓപണര്‍ രോഹിത് ശര്‍മ (91), നായകന്‍ വിരാട് കോഹ്‌ലി (പുറത്താകാതെ 81), ശിഖര്‍ ധവാന്‍ (68), യുവരാജ് സിങ് (53) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ആറ് പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സുകള്‍ പറത്തി 20 റണ്‍സ് വാരി ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.
ഓപണിങില്‍ രോഹിതും ധവാനും ചേര്‍ന്ന് 136 റണ്‍സെടുത്ത് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 119 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കമാണ് രോഹിത് 91 റണ്‍സെടുത്തത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരം അപ്രതീക്ഷിതമായി റണ്ണൗട്ടായി. ധവാന്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 65 പന്തിലാണ് 68 റണ്‍സ് കണ്ടെത്തിയത്. കോഹ്‌ലി 68 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കമാണ് 81 റണ്‍സെടുത്തത്. 32 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് യുവരാജിന്റെ 53 റണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."