മലയോരത്തേക്കുള്ള സര്‍വിസ് വെട്ടിക്കുറച്ചു; യാത്രക്കാര്‍ വലയുന്നു
കുന്നുംകൈ: കെ.എസ്.ആര്.ടി.സി ബസുകളുടെ ഷെഡ്യൂള്‍ വെട്ടിക്കുറച്ചത് കാരണം മലയോരത്ത് യാത്രാക്ലേശം രൂക്ഷമാകുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബസുകള്‍ നിര്‍ത്തലാക്കിയതിനാല്‍ വിദ്യാര്‍ഥികളടക്കം പൊതുജനം ബുദ്ധിമുട്ടിലാണ്.
കാഞ്ഞങ്ങാട് നിന്ന് കമ്പല്ലൂരിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് നിര്‍ത്തലാക്കിയത് ജനങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്. നീലേശ്വരത്ത് നിന്ന് എളേരിത്തട്ട് ഗവ. കോളജിലേക്കുള്ള ഏക കെ.എസ്.ആര്.ടി.സി ബസ് ഇടക്കിടെ മുടങ്ങുന്നതോടെ വിദ്യാര്‍ഥികളും ദുരിതത്തിലാണ്. രാവിലെ മലയോരത്ത് നിന്ന് കാഞ്ഞങ്ങാട്ടിലേക്കുള്ള ബസുകള്‍ കുറവായതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെടുകയാണ്. സ്വകാര്യ ബസുകളാവട്ടെ ഇവരെ കയറ്റാറുമില്ല. ചിറ്റാരിക്കലില്‍ നിന്ന് മണ്ഡപം വഴി നിലേശ്വരം വരെയുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ വിരളമാണ്.
ഇത് കാരണം ജനങ്ങള്‍ക്ക് മണിക്കൂറുകള്‍ കാത്ത് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. അതേസമയം പഴക്കമുള്ള കെ.എസ്.ആര്.ടി.സി ബസുകളാണ് മലയോരത്ത് സര്‍വിസ് നടത്തുന്നതെന്ന ആരോപണവുമുണ്ട്. ഇത്തരം ബസുകള്‍ പല തവണ സര്‍വിസിനിടെ തകരാറാകുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്. നിര്‍ത്തലാക്കിയ ബസുകള്‍ പുനസ്ഥാപിച്ചും കൂടുതല്‍ സര്‍വിസുകള്‍ നടത്തിയും യാത്രക്കാരുടെ ബുദ്ധിമുട്ടിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."