കക്കാടന്‍ചാല്‍ തീരത്ത് കടലാക്രമണ ഭീഷണി; അധികൃതര്‍ പറഞ്ഞുപറ്റിച്ചെന്ന് നാട്ടുകാര്‍
പഴയങ്ങാടി: മാട്ടൂല്‍ കക്കാടന്‍ചാല്‍ കടപ്പുറത്ത് തകര്‍ന്ന ഭിത്തികള്‍ കാരണം തീരദേശവാസികള്‍ സുരക്ഷാ ഭീഷണിയില്‍. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കടലാക്രമണവും വെള്ളപ്പൊക്കവും ഇവരെ ഭയപ്പാടിലാക്കുകയാണ്. എട്ടുവര്‍ഷത്തോളമായി കടലാക്രമണ സമയത്ത് എത്തിച്ചേരുന്ന അധികൃതര്‍ പറയുന്ന വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാവുകയാണെന്നു പ്രദേശവാസികള്‍ പറയുന്നു. ശക്തമായ കടലാക്രമണം ഉണ്ടാകുമ്പോള്‍ കക്കാടന്‍ചാല്‍ പ്രദേശത്തെ നാട്ടുകാര്‍ മറ്റു സ്ഥലങ്ങളിലേക്കു ചേക്കേറുന്നതു പതിവാണ്. കിലോമീറ്ററുകളോളം തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തികള്‍, തീരദേശ റോഡ് എന്നിവ വര്‍ഷങ്ങളായി സമാന അവസ്ഥയിലാണ്. മേഖലയില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണം നടക്കുന്ന പ്രദേശമാണ് കക്കാടന്‍ചാല്‍.
മാസങ്ങള്‍ക്കു മുന്‍പ് രാത്രിയില്‍ ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകളില്‍ വെള്ളം ഇരച്ചുകയറിയിരുന്നു. പത്തോളം കുടുംബങ്ങളെ സമീപത്തുള്ള സ്‌കൂളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ അധികൃതരെത്തി പല വാഗ്ദാനങ്ങളും നല്‍കും. പിന്നീട് അവരെ കാണാറില്ലെന്ന് സമീപവാസികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മാട്ടൂല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തീരദേശത്ത് 400 മീറ്റര്‍ കടല്‍ഭിത്തി നിര്‍മാണത്തിന് അനുമതി ലഭിച്ചെങ്കിലും 83 മീറ്റര്‍ മാത്രമാണു പ്രവൃത്തി നടന്നത്. പിന്നീട് പ്രവൃത്തി നടന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
കക്കാടന്‍ചാല്‍ മുതല്‍ മാടായി പഞ്ചായത്ത് അതിര്‍ത്തിയായ നീരൊഴുക്കുംചാല്‍ വരെ 800 മീറ്ററോളം കടല്‍ഭിത്തി തകര്‍ന്ന് മണ്ണിനടിയിലാണ്. കടലേറ്റം ഉണ്ടാകുമ്പോള്‍ തന്നെ വെള്ളം തീരദേശ റോഡിലെത്തുന്നു. 300 മീറ്ററോളം തീരദേശ റോഡ് തകര്‍ന്ന് ടാറിങ് പൂര്‍ണമായും കാണാനില്ല. റോഡ് മാര്‍ഗം മാട്ടൂല്‍, പുതിയങ്ങാടി ഭാഗത്തേക്കുള്ള യാത്ര പ്രയാസകരമാണ്. കടലാക്രമണ സമയത്ത് കടലില്‍നിന്ന്കരയിലേക്കെത്തുന്ന മാലിന്യങ്ങള്‍ കാരണം പരിസരം ദുര്‍ഗന്ധപൂരിതമാവുകയാണ്. കൂടാതെ രാത്രികാലങ്ങളില്‍ പുറമേ നിന്നു കൊണ്ടുവരുന്ന മാലിന്യ നിക്ഷേപവും പരിസരവാസികളുടെ സൈ്വര്യം കെടുത്തുകയാണ്. തകര്‍ന്ന ഭിത്തിയും തീരദേശ റോഡും പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ഇവിടത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."