റോഡ് ബഹിഷ്ക്കരിക്കാനൊരുങ്ങി സ്വകാര്യബസുകള്‍
ഇരിട്ടി: നഗരസഭ പുതിയസ്റ്റാന്റ് ബൈപാസ് റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡിലെ വെള്ളം നിറഞ്ഞ വലിയ കുഴികള്‍ ഇപ്പോള്‍ തടാകത്തിന് സമാനമാണ്. അഞ്ചുവര്‍ഷം മുന്‍പ് പുതിയസാന്റ് കോണ്‍ക്രീറ്റ് ചെയ്ത നവീകരിക്കുന്ന സമയത്താണ് ബൈപാസ് റോഡും നവീകരിച്ചത്.
നിര്‍മാണത്തിലെ അപാകത കാരണം ടാറിങ് നടത്തി ആറുമാസം തികയുന്നതിന് മുന്‍പ് തന്നെ തകര്‍ച്ചയും തുടങ്ങി. കാര്യമായ അറ്റകുറ്റപണികള്‍ ഒന്നും നടത്തിയില്ല. ചതുപ്പു പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ അടിത്തറ ബലപ്പെടുത്താതെയാണ് ടാറിങ് നടത്തിയത്. ഇതാണ് തകര്‍ച്ചക്ക് കാരണമായത്.
ദിനംപ്രതി 200ലധികം ബസുകള്‍ പ്രവേശിക്കുന്ന റോഡ് പൂര്‍ണമായും തകര്ന്നിരുക്കുകയാണ്. ആറുമാസം മുന്‍പ് സ്വകാര്യ ബസുകള്‍ ബൈപാസ് റോഡ് ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ വലിയകുഴികള്‍ ക്വാറിയില്‍ നിന്നുള്ള കല്ലും പൊടിയും നിറച്ച് ചെറിയ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. കനത്ത മഴയില്‍ ഇത് പൂര്‍ണമായും ഒഴുകിപോയി.
ബസുകള്‍ക്ക് ഇടയ്്ക്കിടെ കേടുപാടുകള്‍ പറ്റി വന്‍സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് സ്വകാര്യബസ് ഉടമകളും തൊഴിലാളികളും പറയുന്നത്. നഗരഭരണകൂടത്തിന്റെ അനാസ്ഥയാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം. നിലവിലുള്ള ഓവുചാലുകളിലേക്ക് മഴവെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യം ഒരുക്കി അറ്റകുറ്റപണിപൂര്ത്തിയാക്കിയില്ലെങ്കില് ബൈപാസ് ബഹിഷ്ക്കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്നാണ് സ്വകാര്യബസ് തൊഴിലാളികളും ഉടമകളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."