ആമസോണ്‍: മനുഷ്യനിര്‍മിത ദുരന്തം
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകള്‍ കത്തിയമരുന്ന ആദ്യ ഘട്ടങ്ങളില്‍ ലോകം കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് കാട്ടുതീ വ്യാപിക്കുന്നതില്‍ ഉണ്ടായിട്ടുള്ളത്. ലോകത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ശക്തമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആമസോണിലെ തീയണയ്ക്കാന്‍ ബ്രസീലും മറ്റു രാജ്യങ്ങളും രംഗത്തുണ്ടെങ്കിലും തീപൂര്‍ണമായി അണയ്ക്കാനാകുമോയെന്ന വെല്ലുവിളിയാണ് അവര്‍ക്കു മുന്നിലുള്ളത്.
ഭൂമിയുടെ ശ്വാസകോശം
ഭൗമാന്തരീക്ഷത്തിലെ 20 ശതമാനം ഓക്‌സിജന്‍ നല്‍കുന്നത് ആമസോണ്‍ മഴക്കാടുകളാണ്. ആഗോളതാപനത്തെ ചെറുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഭൂമിയുടെ ഹരിത മേല്‍ക്കൂരയാണ് ആമസോണ്‍ മഴക്കാടുകള്‍. ഇപ്പോള്‍ ഇവിടെയുണ്ടായ തീപിടിത്തം വലിയതോതില്‍ പരിസ്ഥിതിയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ആഗോളതാപനം ഓരോ വര്‍ഷവും പുതിയ വെല്ലുവിളികളെ സൃഷ്ടിക്കുമ്പോഴും ഒരു പരിധിവരെ പ്രകൃതി സ്വയം അതിജീവനം നടത്തിയത് ഇത്തരം കാടുകള്‍ വഴിയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ തള്ളുന്ന കാര്‍ബണ്‍ സന്തുലനം ചെയ്യുന്ന വലിയ ജോലിയാണ് ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ കാടുകള്‍ ചെയ്തുകൊണ്ടിരുന്നത്. ഭൂമിക്ക് ശ്വാസം നല്‍കിയ കാടുകള്‍ കത്തി പുക മേഘം പോലെ സാവോപോള നഗരത്തിനു മുകളില്‍ പടര്‍ന്നിട്ടും ബ്രസീല്‍ സര്‍ക്കാര്‍ ആഗോള സഹായം തേടിയില്ല.
ആദ്യം സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വാഗ്ദാനം തള്ളുന്ന സമീപനമാണ് ബ്രസീല്‍ സ്വീകരിച്ചത്. ഒരാഴ്ചക്കിടെ മാത്രം 9500 ഓളം കാട്ടുതീകള്‍ ആമസോണ്‍ കാടുകളില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്തായിരുന്നു ഇതെന്ന് ഓര്‍ക്കണം. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ബ്രസീല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാടിന്റെ ചില മേഖലകളില്‍ നേരിയ തോതില്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനവുമാണ് ആശ്വാസമാകുന്നത്.
മനുഷ്യനിര്‍മിതം, ഭരണാധികാരികള്‍ വരുത്തിവച്ചത്
ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയെ ആണ് ആഗോള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആമസോണ്‍ തീപിടിത്തത്തിലും തീയണയ്ക്കാനുള്ള സഹായം വൈകിപ്പിച്ചതിലും കുറ്റപ്പെടുത്തുന്നത്. നാസ ഉപഗ്രഹം ഉപയോഗിച്ച് തീപിടിത്തത്തിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ പുറത്തുവിട്ടിരുന്നു. അതൊന്നും ഉപയോഗപ്പെടുത്താന്‍ തയാറായില്ല. ആമസോണാസ് സംസ്ഥാനത്തെ ആമസോണ്‍ നദിക്ക് ഇരു വശത്തുമുള്ള മഴക്കാടുകളില്‍ ഈയിടെ വ്യാപക വന നശീകരണം നടന്നിരുന്നു. അവിടത്തെ ഗോത്രവര്‍ഗക്കാരുടെ സഹായത്തോടെ കാടുകളിലെത്തിയ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംരക്ഷിത വനത്തില്‍ മനുഷ്യന്റെ ഇടപെടലുകള്‍ വ്യാപകമായി നടന്നു. പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാടുകളിലെ മരം വെട്ടിമാറ്റിയത്.
ഇതിനായി നിയമത്തില്‍ പ്രസിഡന്റ് ഇളവു നല്‍കിയിരുന്നു. ഇത് പല രാജ്യങ്ങളും ചൂണ്ടിക്കാണിച്ചതാണ്. ഇത് ബ്രസീലിന്റെ ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാട്ടുതീ അണയ്ക്കാന്‍ സഹായം അഭ്യര്‍ഥിച്ചപ്പോഴും ഇതായിരുന്നു ബോല്‍സനാരോയുടെ മറുപടി.
തുടര്‍ന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നമ്മുടെ വീട് കത്തുകയാണെന്ന് ട്വീറ്റ് ചെയ്തത്. ഭൂമിയുടെ ശ്വാസകോശം ആണ് കത്തുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ആമസോണിലെ തീപിടിത്തം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ജി7 ഉച്ചകോടിയിലെ അംഗങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഈ അടിയന്തരസാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തീയണയ്ക്കാന്‍ 22 ദശലക്ഷം ഡോളറിന്റെ സഹായം ജി 7 രാജ്യങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാന്‍സിനു പുറമെ കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് രാജ്യങ്ങളാണ് ജി7 രാജ്യങ്ങളുടെ പട്ടികയിലുള്ളത്. സൈനിക പിന്തുണ ഉള്‍പ്പെടെ മാക്രോണ്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ ആമസോണിന്റെ പ്രതീക്ഷ, ലോകത്തിന്റേയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."