സ്വദഖ ആപത്തുകളെ തടയും
ഒട്ടുമിക്ക പള്ളിക്കുറ്റികളിലും ധര്‍മപ്പെട്ടികളിലും നേര്‍ച്ച ഭണ്ഡാരങ്ങളിലും കുറിച്ചുവച്ചിട്ടുള്ള സുപ്രസിദ്ധമായ ഒരു തിരുവചനമാണ് മേല്‍ കുറിച്ചത്. നാം വിചാരിച്ചതിനുമപ്പുറമാണ് സ്വദഖയുടെ ശക്തി. മലപോലെ വരുന്നത് മഞ്ഞുപോലെ മാറ്റിക്കളയാന്‍ സ്വദഖകൊണ്ട് സാധിക്കുമെന്നതാണ് സത്യം.
സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ ഒരു നൗകപോലെ ആടിയുലഞ്ഞു കൊണ്ടിരുന്ന ഈ ഭൂമിയെ അടക്കി നിര്‍ത്തിയ പടുകൂറ്റന്‍ പര്‍വതങ്ങളേക്കാളും പര്‍വതങ്ങളെ തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിവുള്ള ഇരുമ്പിനേക്കാളും ഇരുമ്പിനെ ഉരുക്കിക്കളയാന്‍ കഴിവുള്ള തീയിനേക്കാളും തീയിനെ കെടുത്തിക്കളയാന്‍ കഴിവുള്ള വെള്ളത്തിനേക്കാളും വെള്ളത്തെ ഇല്ലാതാക്കാന്‍ കഴിവുള്ള അടിച്ചുവീശുന്ന കാറ്റിനേക്കാളും ശക്തിയുള്ളതാണ് മനുഷ്യര്‍ ചെയ്യുന്ന സ്വദഖയെന്ന് തിരുവചനങ്ങളില്‍ കാണാം. നുബുവത്തിന്റെ ഉടമ മുഅ്ജിസത്തിന്റെ നാവ് കൊണ്ട് പറഞ്ഞത് എന്നും സത്യമായി തന്നെ നിലകൊള്ളും ആര്‍ക്കും സംശയം വേണ്ട. ആപത്തുകളും അപകടങ്ങളും പെടുമരണങ്ങളും ദുര്‍മരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇതിനെല്ലാം പരിഹാരം സ്വദഖ തന്നെയാണ്.
ഹലാലായ മുതലില്‍ നിന്നും സന്മനസ്സോടെ ആത്മാര്‍ഥമായി പരമാവതി രഹസ്യമായും നാമത് ചെയ്യുകയാണ് വേണ്ടത്. നോമ്പിന്റെയും തറാവിഹിന്റെയും ഖുര്‍ആന്‍ പാരായണത്തിന്റേയും ക്ഷമയുടേയും സഹനത്തിന്റേയും മാസമായ വിശുദ്ധ റമദാന്‍ സഹകരണത്തിന്റേയും സഹായത്തിന്റേയും സദഖയുടേയും മാസമാണെന്നോര്‍ക്കുക. റമദാന്‍ വിടപറയും മുമ്പ് നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി കിട്ടിയ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി ഉള്ളതുകൊണ്ട് ഉള്ളുരുകുന്നവന്‍ ഉദാരമായി നല്‍കുക. 'സ്വദഖ ആപത്തുകളെ തടയും' എന്ന ഉറച്ച വിശ്വാസത്തോടെ നല്ല നിയ്യത്തോടെ! നാഥന്‍ സ്വീകരിക്കുമാറാകട്ടെ! ആമീന്‍
(ജംഇയ്യത്തുല്‍ ഖുത്തുബ ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."