മണ്‍സൂണ്‍: കൊങ്കണ്‍ ട്രെയിനുകളുടെ സമയമാറ്റം നാളെ മുതല്‍
കണ്ണൂര്‍: കൊങ്കണ്‍ വഴി സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ സമയമാറ്റം നാളെ മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണു മണ്‍സൂണ്‍ സമയക്രമം. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 741 കിലോമീറ്റര്‍ കൊങ്കണ്‍ പാതയില്‍ മഴക്കാലത്ത് മണ്ണിടിച്ചിലടക്കമുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതു കണക്കിലെടുത്ത് വേഗത കുറയ്ക്കാനാണു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. യാത്രാ ട്രെയിനുകളുടെ വേഗത എണ്‍പതില്‍ നിന്നു 60 ആയി കുറയും. ഗുഡ്സ് ട്രെയിനുകളുടെ വേഗത 40 കിലോമീറ്ററായി നിജപ്പെടുത്തും. കാലാവസ്ഥ അനുസരിച്ച് വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്കു നിര്‍ദേശമുണ്ട്.
12617 എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് രണ്ടര മണിക്കൂര്‍ നേരത്തെ, രാവിലെ 10.45ന് പുറപ്പെടും. വേനല്‍ക്കാല സമയങ്ങളില്‍ ഉച്ചയ്ക്ക് 1.15നാണ് ഈ ട്രെയിന്‍ പുറപ്പെടാറുള്ളത്. 12224 എറണാകുളം-ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി രാത്രി 11.30നും യാത്ര തുടങ്ങും. 16337,16338 ഓഖ-എറണാകുളം എക്സ്പ്രസ് ഹാപ്പയ്ക്കും ഓഖയ്ക്കും ഇടയിലുള്ള യാത്ര വര്‍ഷകാല സമയത്ത് താല്‍ക്കാലികമായി റദ്ദാക്കും. കൊങ്കണ്‍ വഴി കേരളത്തിലേക്കുള്ള ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണു ലക്ഷ്യസ്ഥാനത്തെത്തുക.
12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 22475 ബിക്കാനീര്‍-കോയമ്പത്തൂര്‍, 12978 അജ്മീര്‍-എറണാകുളം, 12618 നിസാമുദ്ദീന്‍-എറണാകുളം മംഗള, 12218 ഛണ്ഡീഗഢ്-കൊച്ചുവേളി, 12484 അമൃത്സര്‍-കൊച്ചുവേളി, 22660 ഡെറാഡൂണ്‍-കൊച്ചുവേളി, 16345 ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 19262 പോര്‍ബന്തര്‍-കൊച്ചുവേളി, 12619 ലോക്മാന്യതിലക്-മംഗളൂരു മത്സ്യഗന്ധ, 12201 ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ്, 16333 വെരാവല്‍-തിരുവനന്തപുരം, 16311 ബിക്കാനീര്‍-കൊച്ചുവേളി, 16335 ഗാന്ധിധാം-നാഗര്‍കോവില്‍, 16337 ഓഖ-എറണാകുളം, 11097 പൂനെ-എറണാകുളം, 19260 ഭാവ്നഗര്‍-കൊച്ചുവേളി എന്നിവയാണു വൈകിയെത്തുന്ന ട്രെയിനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."