ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവ്
തൊടുപുഴ: ചികിത്സക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും. സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ കേസില്‍ വിധിവരുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷമാണ്. കോട്ടയം മലയ കോട്ടേജില്‍ എന്‍.ഐ നൈനാനെ(65)യാണ് തൊടുപുഴ നാലാം അഡീഷണല്‍ ജഡ്ജി ശിക്ഷിച്ചത്.
നെടുങ്കണ്ടം കാഞ്ചന ആശുപത്രിയിലെ ഡോക്ടറും നടത്തിപ്പുകാരനുമായ ഡോ. ജോസ് കുര്യന്‍(50) ആണ് മരിച്ചത്. 1999 മാര്‍ച്ച് 20 മുതല്‍ നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ പ്രതി ജോലിയില്‍ പ്രവേശിച്ച് ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ചീഫ് ഫിസീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മെയ് 16ന് പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡോ. ജോസ് കുര്യനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പിന്നീട് ജോസിനെ ഐ.സി.യുവിലേക്ക് മാറ്റി. ഡോക്ടറുടെ ആരോഗ്യാവസ്ഥ അറിയുവാന്‍ പരിചയക്കാരും സഹപ്രവര്‍ത്തകരുമായ ഡോക്ടര്‍മാരെത്തുകയും രോഗാവസ്ഥയെ കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രാഥമികമായി നല്‍കേണ്ട മരുന്നുകള്‍ പോലും നല്‍കിയിട്ടില്ലെന്ന് അറിയുകയും ചെയ്തു. പിന്നീട് മരുന്ന് നല്‍കിയെങ്കില്‍ രാവിലെ 10.30 ഓടെ കുര്യന്‍ മരിച്ചു. ചികിത്സ സംബന്ധിച്ച് കേസ് ഷീറ്റില്‍ ഒന്നും രേഖപ്പെടുത്താതെ മരണപ്പെട്ട ശേഷം ഇവ എഴുതി ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.
ഐ.പി.സി 304 പ്രകാരം 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ച് മാസം തടവും ഐ.പി.സി 419, 465 വകുപ്പുകള്‍ പ്രകാരം മൂന്നും രണ്ടും വര്‍ഷം വീതം തടവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ പോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടിര്‍ അഡ്വ. എബി. ഡി. കോലോത്ത് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."