HOME
DETAILS

ഉടല്‍ പറയുന്ന കഥ

  
backup
August 31 2019 | 22:08 PM

review-of-famous-malayalam-novel-udal-bouthikam770511-212

 

കഥ പറഞ്ഞു തുടങ്ങാന്‍ നാം പലപ്പോഴും ഉപയോഗിക്കുന്ന 'once upon a time ' അല്ലെങ്കില്‍ പണ്ട്..പണ്ട്... എന്ന പ്രയോഗങ്ങളെല്ലാം ഉരുത്തിരിഞ്ഞത് പതിമൂന്നാം നൂറ്റാണ്ടിലായിരിക്കണം എന്നാണ് പറയുന്നത്. ലോകത്തിലെ എല്ലാ ഭാഷകളിലും തന്നെ അത്തരം പ്രയോഗങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും കാണാം. ഒരു കഥയെഴുത്തുകാരന്‍, കഥ പറച്ചിലുകാരന്‍, വായനക്കാരനെ യഥാര്‍ഥ്യങ്ങളില്‍ നിന്നു ഫിക്ഷന്റെ മായാജാലത്തിലേയ്ക്ക് പതിയെ കൈപിടിച്ച് വലിച്ചിടുന്ന സൂത്രവാക്യങ്ങളില്‍ പ്രധാനമായിരുന്നു അത്തരം പ്രയോഗങ്ങള്‍. പിന്നാലെ വരുന്ന, സംഭവിക്കുന്ന കെട്ടുകഥകള്‍ക്കും മാന്ത്രിക വിദ്യകള്‍ക്കും വീരപുരുഷ സ്ത്രീ കഥാപാത്രങ്ങള്‍ക്കും ജീവന്‍ വച്ച് വായനക്കാരനെ മറ്റൊരു ലോകത്തിലെത്തിക്കുകയും ചെയ്യുന്നു.


പറഞ്ഞുവന്നത്, ഒരു കഥയിലേക്ക് വായനക്കാരനെ കൊണ്ടുപോകാന്‍ ആദ്യ കുറെ പേജുകളുടെ സൃഷ്ടി, പ്രാധാന്യമര്‍ഹിക്കുന്നുണ്ട് എന്നുള്ള അഭിപ്രായങ്ങള്‍ വന്നതുകൊണ്ടാണ്. പല എഴുത്തുകാരുടെയും വലിയൊരു പ്രശ്‌നമായി ഇത്തരം ഒരു ഓപ്പണിങ് ഡിലെമ നിലനില്‍ക്കുന്നുണ്ട്. 1951 ല്‍ പ്രസിദ്ധീകരിച്ച The End of Affair ന്റെ കര്‍ത്താവ് ഗ്രഹാം ഗ്രീന്‍ ഒരു മുന്‍കൂര്‍ ജാമ്യമെന്ന പോലെ 'ഒരു കഥയ്ക്ക് തുടക്കമോ, ഒടുക്കമോ ഇല്ല, വായനക്കാരന്‍, അയാളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഏകപക്ഷീയമായി, തീരുമാനിക്കേണ്ട ഒന്നാണത്' എന്നര്‍ഥത്തില്‍ പറഞ്ഞ് വയ്ക്കുന്നുണ്ട്. വായനക്കാരന്റെ മനോധര്‍മം കഥയുടെ തുടക്ക ഒടുക്കങ്ങളില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട് എന്നു സാരം.

ഉടല്‍ ഭൗതികം

ഉടല്‍ ഭൗതികം എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയാണ് കഥ തുടങ്ങുന്നത്? എവിടെയാണ് കഥ അവസാനിക്കുന്നത് എന്ന തോന്നലില്‍ ഓര്‍ത്ത സംഭവങ്ങളാണിതെല്ലാം.
മനുഷ്യന്റെ ഉല്‍പത്തിയോളം പഴക്കമുള്ള തുടക്കമെന്നോ, മനുഷ്യന്റെ ആയുസോളം നീണ്ടുപോകുന്ന അവസാനമെന്നോ പറഞ്ഞുവയ്ക്കാവുന്ന ഒരു കൃതി.


നോവലില്‍ പ്രധാനമായും രണ്ട് കഥാപാത്രങ്ങളാണ്. ജീവന്‍ എന്നു പേരുള്ള മ്യൂസിയം ക്യൂറേറ്റര്‍ ആയി ജോലി ചെയ്യുന്ന കഥാകൃത്തായി നോവലിലുടനീളം നരേറ്ററായി വരുന്നയായാളും, അയാളുടെ സുഹൃത്തായ രാധിക എന്ന കോളജ് അധ്യാപികയും.


രാധികയുടെ ജീവിതത്തെ ആധാരമാക്കി അയാള്‍ കഥ എഴുതുന്നു. രാധികയുടെ സോഷ്യല്‍ മീഡിയ കുറിപ്പുകളും, ഡയറിക്കുറിപ്പുകളും ഇ- മെയില്‍ സന്ദേശങ്ങളും രാധികയുമായുള്ള ഒരു വൈല്‍ഡ് റിസോര്‍ട്ടിലെ താമസവും എല്ലാം കഥയെഴുത്തില്‍ അയാളെ നയിക്കുന്ന സംഭവങ്ങളാകുന്നു. ഈ അധ്യായങ്ങളിലൂടെ രാധിക ജനിച്ചു വളര്‍ന്ന മയിലാടും പാറയും അതിലെ നിരവധി മനുഷ്യരും അവരുടെ പ്രശ്‌നങ്ങളും കൊച്ചു കൊച്ചു മാറ്റങ്ങളും കഥയിലേക്ക് കയറിവരുന്നു. സമാന്തരമായി എഴുത്തുകാരന്റെ വിശദീകരണങ്ങളിലൂടെ, ഒരു കൃതി എഴുതി പൂര്‍ത്തിയാക്കുമ്പോഴുണ്ടാകുന്ന ഒരു എഴുത്തുകാരന്റെ മനോവ്യാപാരങ്ങള്‍, അയാളുടെ കുടുംബ ജീവിതം, ജോലി തുടങ്ങിയ മറ്റൊരു വശം കൂടി പറയാന്‍ ശ്രമിക്കുന്നു.


ഒരു ഘട്ടത്തില്‍, രാധികയും ജീവനും മയിലാടും പാറയിലേക്ക്, കഥയിലെ സ്ഥലങ്ങളെയും കഥാപാത്രങ്ങളെയും നേരിട്ട് കാണാനായി പുറപ്പെടുന്നു. അവിടെ കാണുന്ന കാഴ്ചകള്‍, ആകെ മാറിപ്പോയെന്നും പലതും ദു:ഖമുളവാക്കുന്ന കാഴ്ചകളാണെന്നും ഇരുവരും മനസ്സസിലാക്കുന്നു.


തിരിച്ചെത്തിയ രാധിക, മയിലാടും പാറയെ മൊത്തത്തില്‍ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കൊരു അറുതി വരുത്താനുള്ള ശ്രമത്തിന് തയ്യാറെടുക്കുകയും ജീവനെയും കൂട്ടി തിരികെ നാട്ടിലെത്തുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങള്‍ക്കൊടുവില്‍, നോവല്‍ പറഞ്ഞവസാനിപ്പിക്കുന്നു.


കാക്കാരിശ്ശി നാടകത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നു എന്ന പ്രത്യേകത ഉണ്ട്. കാണികള്‍, കളിക്കാരാകുന്നു.
നോവലിന്റെ ആഖ്യാനശൈലിയില്‍ പുതുമയുണ്ട്. നോണ്‍ ലീനിയര്‍ രീതിയില്‍ പറഞ്ഞിരിക്കുന്നു. രാധികയുടെ ഫ്‌ളാഷ് ബാക്കിലൂടെ ഒരു നാടിന്റെ കഥ പറയുന്ന ഭാഗങ്ങളെല്ലാം മനോഹരമായ വായന സമ്മാനിക്കുന്നുണ്ട്. അസംഖ്യം നാട്ടുകാര്‍ കഥാപാത്രങ്ങളായി വരുന്നു എന്ന് മാത്രമല്ല, ഒരു കൊച്ചു ഗ്രാമം, നഗരവല്‍ക്കരണത്തിന്റെ ഭാഗമായി കീറി മുറിക്കപ്പെടുന്നതിന്റെ നേര്‍ച്ചിത്രം കൂടിയാണ് ഉടല്‍ ഭൗതികം.


മനുഷ്യന്റെ ജീവിതത്തിന്റെ ആസക്തികളെ, ഉടലിന്റെ തൃഷ്ണകളെ നീതിന്യായങ്ങള്‍ക്കപ്പുറമായി കണ്ടു കൊണ്ട് വിശകലനം ചെയ്യുന്ന പ്രക്രിയ കൂടി, എഴുത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.


ഒരു വൈല്‍ഡ് റിസോര്‍ട്ടിലെ താമസം, അവിടത്തെ കൂടാരങ്ങളില്‍ വിചിത്രമായ നിയമങ്ങളോടു കൂടിയ താമസം, പ്രകൃതിയിലേക്ക് ചേരുന്ന മനുഷ്യന്റെ അവസ്ഥ, കാടിന്റെ മക്കളുടെ ജീവിതം, അവയെ നോക്കിക്കാണുന്ന ജീവനും രാധികയും കടന്നുപോകുന്ന ഫിലോസഫിക്കലായ കുറെ ചിന്തകള്‍, തിരിച്ച് മയിലാടും പാറയിലെത്തുന്ന അവരുടെ അവസ്ഥകള്‍ തുടങ്ങിയവ, നോവലിന്റെ പകുതി ഭാഗത്തെ ഒരു contemperory ശൈലിയില്‍ പറഞ്ഞ് പോകാന്‍ ശ്രമിക്കുമ്പോള്‍, കുട്ടിക്കാലവും മയിലാടും പാറയിലെ ചെറിയ വലിയ മാറ്റങ്ങളുമെല്ലാം ഒരു ഈസ്റ്റ്മാന്‍ കളര്‍ ചിത്രം പോലെ, എന്നാല്‍ ലളിതമായ ഭാഷയില്‍ പറഞ്ഞുവക്കുന്നു. ഒരു ദേശമെഴുത്തിന്റെ സൗകുമാര്യം, ഈ ഭാഗത്ത് കാണാം. സംസാരഭാഷ, ശൈലി, പ്രയോഗങ്ങള്‍ ആദ്യഭാഗത്ത് കൂടുതലായും, പിന്നീട് പലയിടത്തും നോവലില്‍ വരുന്നുണ്ട്.


ഒരു നാടിന്റെ കഥ പറഞ്ഞ്, വ്യക്തികളിലൂടെ വികസിച്ച്, വീണ്ടും നാടിന്റെ തന്നെ കഥയായി മാറുന്നു ഉടല്‍ ഭൗതികം.
ഒരു എഴുത്തുകാരന്റെ മാനസിക നിലകളെക്കൂടി സമാന്തരമായി പ്രതിപാദിക്കുന്നു എന്ന സവിശേഷത കൂടി നോവലിന്റെ ഫ്രെയിമിന് പുതുമ നല്‍കുന്നുണ്ട്.


നോവല്‍, അവസാന ഭാഗങ്ങളില്‍ ഒരു അനാവശ്യ വേഗതയില്‍ പറഞ്ഞ് അവസാനിപ്പിക്കാനുള്ള ശ്രമമായി തോന്നി. അഥവാ, അവസാനം ആര്‍ക്കും പ്രതീക്ഷിക്കാവുന്ന രീതിയില്‍ ആയത് ഇങ്ങനെയൊരഭിപ്രായമെഴുതാന്‍ കാരണമായിട്ടുണ്ട്.
വളരെ കരുത്തുള്ള ഒരു സ്ത്രീ, എന്ന രീതിയിലാണ് രാധിക എന്ന കഥാപാത്രത്തെ വായനക്കാര്‍ക്ക് മുന്‍പില്‍ കൊണ്ടു വന്നുനിര്‍ത്തുന്നത്. രാധിക എന്ന പെണ്‍കുട്ടിയില്‍ നിന്നു ഭാര്യയിലേക്കും അധ്യാപിക എന്ന ജോലിയിലേക്കും ഒരു ഡൈവോഴ്‌സി എന്ന നിലയിലേക്കും എത്തുന്നു. ഉടലിന്റെ സ്വാതന്ത്ര്യം എന്ന രീതിയില്‍ ഓപ്പണ്‍ സെക്‌സിലേയ്ക്ക് അവള്‍ എത്തുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടെ കുട്ടിക്കാലവും ഇടയ്‌ക്കെപ്പോഴോ കടന്ന് പോയ വിഷാദത്തിന്റെ കാലഘട്ടങ്ങളും വായനയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെല്ലാം കാരണമാകുന്നതെല്ലാം തത്വചിന്താപരമായ മാനസിക പരിവര്‍ത്തനങ്ങള്‍ക്ക് ഹേതുവാകുന്നു എന്ന് എഴുത്തുകാരന്‍ പറയുന്നു. എങ്കിലും, അത്തരമൊരു ട്രാന്‍സിഷന്‍, സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ അത്രകണ്ട് വായനയില്‍ അനുഭവഭേദ്യമാക്കുന്നതില്‍ വിജയിച്ചിട്ടുണ്ടോ എന്ന സംശയം പലപ്പോഴും തോന്നി.

എ.ഡി ഇരുപതിനായിരത്തില്‍ രാധിക വീണ്ടും ജനിച്ചു.
'ഇവിടെ ഒരു പാറയുണ്ടായിരുന്നു. അതിനെ നോക്കി വെറുതേ ഇരിക്കാറുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു' എന്ന് പറഞ്ഞ് തുടങ്ങി, കഥ അവസാനിക്കുന്നു.


വി. ഷിനിലാലിന്റെ ചെറുകഥകള്‍ വായനക്കാരോട് സംവദിക്കുന്ന രീതിയും ശ്രദ്ദേയമാണ്. എന്നാല്‍, തന്റെ ചെറുകഥകളിലൂടെ പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയം മുഖ്യധാരയില്‍ അത്രകണ്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോയിട്ടുണ്ട് എന്നാണ് കരുതുന്നത്.
ഷിനിലാലിന്റെ ഡാലിയമമ്മൂമ്മയുടെ പുഴ എന്ന കഥ വളരെ സൗമ്യമായി പറഞ്ഞിരിക്കുന്ന വലിയൊരു സത്യമാണ്. പ്രളയങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നു രണ്ടു വര്‍ഷമായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മറുപടിയാണ് ഈ കഥ.


നരോദപാട്യയില്‍ നിന്നുള്ള ബസ് എന്ന കഥയുടെ രാഷ്ട്രീയം അയാള്‍ എത്ര ഉച്ചത്തിലാണ് വിളിച്ചു പറഞ്ഞിരിക്കുന്നത്. മധ്യേ, വേടന്‍ തൊടി, ബുദ്ധ പഥം തുടങ്ങിയ കഥകള്‍ ഷിനിലാല്‍ എന്ന എഴുത്തുകാരനില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ഷിനിലാല്‍, സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ട്രാവലിങ്ങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു.


പുസ്തക ചര്‍ച്ചകളൊക്കെ സ്വയം പ്രകാശനത്തിനുള്ള വേദിയല്ലേ?

വി. ഷിനിലാല്‍/ ദിവ്യ ജോണ്‍ ജോസ്

ഐഡിയോളജികളുടെ അമിത ഭാരം വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരു തരം മടുപ്പാണെന്ന് തോന്നാറുണ്ട്. ലളിതമായ എഴുത്തുകള്‍, ജനപ്രീതി നേടുന്നു. ജീവീതാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത് എന്ന രീതിയില്‍, പുതിയ തലമുറയിലെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. താങ്കളുള്‍പ്പെടെയുള്ള ഈ തലമുറയിലെ എഴുത്തുകാരുടെ എഴുത്തുകളെ എങ്ങനെ നോക്കിക്കാണുന്നു? പരമ്പരാഗത എഴുത്തു രീതികളില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആ ട്രാന്‍സിഷനെ എങ്ങനെ നിര്‍വചിക്കാം?

ജീവിതത്തെ അതിന്റെ പുറത്തിറങ്ങി നിന്നു നോക്കുമ്പോഴാണ് ദാര്‍ശനികത ഉണ്ടാവുന്നത്. ദാര്‍ശനികത എന്നാല്‍ ഉപദേശങ്ങള്‍ കുത്തി നിറയ്ക്കല്‍ അല്ലല്ലോ. അത് മനുഷ്യാവസ്ഥയെ കുറിച്ചുള്ള അന്വഷണമാണ്. ജീവിതാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്തല്ല സാഹിത്യം. അത്തരം സാഹിത്യം അതാതു കാലത്തിനപ്പുറം സഞ്ചരിക്കാനുള്ള സാധ്യത കുറവാണ്. അത്തരം കൃതികള്‍ ചില ചരിത്രപരമായ കൗതുകങ്ങള്‍ മാത്രമാവും അവശേഷിപ്പിക്കുന്നത്.

നോക്കൂ, ധാരാളം പുതിയ ആശയങ്ങള്‍ വരുന്നു. എഴുത്തിന്റെ പ്രതലം മാറുന്നു. ഭാഷ മാറുന്നു. പുതിയ എഴുത്തുകാരില്‍ ചിലര്‍ അത് തിരിച്ചറിയുന്നു.

തുര്‍ക്കിയിലെ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ എലിഫ് ഷഫക്, Teds Talk ല്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നു. മുഖ്യധാര പൊളിറ്റിക്കല്‍ തിയറികളെല്ലാം മനുഷ്യരുടെ വികാരങ്ങളെ മാനിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് ഒരു കാര്യം. തുര്‍ക്കിയിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് എഴുതുമ്പോഴും, ഏഷ്യയിലെയും അറബ് രാജ്യങ്ങള്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അധിനിവേശ പലായന പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്നുണ്ട് ആ പ്രഭാഷണത്തില്‍. Global Citizen ആയിരിക്കാന്‍ ഏറ്റവും കഴിയുന്നത് എഴുത്തുകാര്‍ക്കാണെന്നും പറയുന്നു.

ഓര്‍ഹന്‍ പാമുക്, സല്‍മാല്‍ റുഷ്ദി, ഗൗരി ലങ്കേഷ്, ബൂചാനി എന്നിവരുടെ തൂലികകള്‍ സൃഷ്ടിച്ച ചലനങ്ങള്‍ നാം കണ്ടു. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ-മത-സാംസ്‌കാരിക പ്രകൃതി മേഖലകളില്‍ സംഭവിക്കുന്ന പലതും ആശങ്കാഭരിതമായ നിലയില്‍ ചിന്തകളെ ഉദ്ദീപിക്കുന്നു. ഈയൊരവസ്ഥയില്‍, നമ്മുടെ എഴുത്തുകാരുടെ നിലപാടുകള്‍ എങ്ങനെയായിരിക്കണമെന്നാണ് കരുതുന്നത്?

വളരെ സങ്കീര്‍ണമായ സാമൂഹ്യബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. മതത്തിന്റെയും ജാതിയുടെയും സ്വാധീനമാണ് ആത്യന്തികമായി അധികാരം നിര്‍ണയിക്കുന്നത്. ഏകാധിപത്യത്തിലേക്കാണ് ക്രമേണ നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ഏതെങ്കിലും എഴുത്തുകാരന് എഴുത്തുകാരിക്ക് വര്‍ത്തമാനകാലത്തെ അടയാളപ്പെടുത്തി വയ്ക്കാന്‍ കഴിയും എന്നല്ലാതെ സമൂഹത്തിന് ദിശാബോധം നല്‍കാനുള്ള പ്രാപ്തിയുണ്ടെന്ന് കരുതുന്നില്ല; ജനാധിപത്യം ശീലിക്കാത്ത പൊതുസമൂഹം അത് ഉള്‍കൊള്ളാന്‍ പ്രാപ്തവുമല്ല. മാത്രവുമല്ല, എഴുത്തിലെ രാഷ്ട്രീയം സ്വാഭാവികമായി വരേണ്ട ഒന്നാണ്. എഴുത്തുകാര്‍ ആക്ടിവിസ്റ്റോ, പ്രത്യയശാസ്ത്ര പ്രചാരകനോ ആകേണ്ടതില്ല എന്നും വിശ്വസിക്കുന്നു.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍, സ്വയം റിഫൈന്‍ ചെയ്യപ്പെടുക എന്നത് വലിയൊരു കാര്യമാണ്. പ്രത്യേകിച്ചും, വായനക്കാര്‍ അവരുടെ ലോകം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിപുലീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. എഴുത്തുപ്രക്രിയയെ കാര്യക്ഷമമാക്കാന്‍, ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളുണ്ടോ?

തീര്‍ച്ചയായും. ഇരുപത് വര്‍ഷം മുന്‍പുള്ളതില്‍ നിന്നു സമൂഹം ആശയപരമായി നവീകരിച്ചു. ധാരാളം പുതിയ ആശയങ്ങള്‍ അനുനിമിഷം മുന്നില്‍ വന്നുകൊണ്ടിരിക്കുന്നു. ജെന്‍ഡര്‍, ട്രാന്‍സ് ജന്‍ഡര്‍, ദലിത്, പരിസ്ഥിതി, ഇക്കോ പൊളിറ്റിക്‌സ് അങ്ങനെ പല ആശയങ്ങളും പെട്ടെന്ന് വ്യാപനം ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനനുസരിച്ച് ഭാഷയില്‍ പുതിയ വാക്കുകള്‍ കടന്നുവരുന്നു. നിലവിലുള്ള ചില വാക്കുകള്‍ക്കുള്ളില്‍ ഒളിച്ചുവച്ചിരുന്ന ക്രൂരത ബോധ്യപ്പെടുന്നു. ചില വാക്കുകള്‍ക്ക് അര്‍ഥം മാറുന്നു. ഇതെല്ലാം മനസിലാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഏത് ആശയത്തെയും അനുഭാവപൂര്‍വം മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.

ഇങ്ങനെ ഭാഷയെയും ക്രാഫ്റ്റിനെയും ആശയങ്ങളെയും പുതുക്കാതെ ഇക്കാലത്തെ എഴുത്തുകാര്‍ക്ക് മുന്നോട്ടു പോകാനാവില്ല. കാരണം, വായനക്കാര്‍ ഇന്നു കൂടുതല്‍ ശക്തരാണ്. എഴുത്തുകാരന് ആധികാരികതയും ദിവ്യത്വവുമൊന്നും ആരും കല്‍പിച്ചുനല്‍കുന്നില്ല.

പുസ്തക ചര്‍ച്ചകളിലും കൂട്ടായ്മകളിലും ഷിനിലാല്‍ സാന്നിധ്യമാകാറുണ്ട്. ഇത്തരം ചര്‍ച്ചകളും വിശകലനങ്ങളും എഴുത്തുകാരന്‍ എന്ന നിലയില്‍ എഴുത്തിനെ സ്വാധീനിക്കുന്നുണ്ടാകും എന്ന് പറഞ്ഞാല്‍ ശരിയാണോ?

പുസ്തക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ അതൊന്നും കാര്യമായി സ്വാധീനിക്കുന്നില്ല എന്നതാണ് കൂടുതല്‍ സത്യം. കാരണം, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന (ഞാന്‍ ഉള്‍പ്പെടെ) വര്‍ സ്വയം പ്രകാശനത്തിനുള്ള വേദിയായിട്ടാണ് ഇത്തരം ചര്‍ച്ചകളെ കാണുന്നത്. നമ്മുടെ ചര്‍ച്ചാവേദികള്‍ അന്ത:സാരശൂന്യമാണ്. ക്രിയാത്മകമായി ഒന്നും അവിടെ ഉരുത്തിരിയുന്നതായി കാണുന്നില്ല. (ഞാന്‍ ഇനിയും ചര്‍ച്ചകളില്‍ പങ്കെടുക്കും കേട്ടോ.)

പുസ്തകങ്ങള്‍ വായിക്കാന്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

എന്തും വായിക്കുന്ന ഒരു പ്രായമുണ്ടായിരുന്നു. കുറെക്കൂടി വായന മുതിര്‍ന്നപ്പോള്‍ സെലക്ടീവായി. ചരിത്രവും നരവംശ ശാസ്ത്രവുമാണ് ഇഷ്ടവിഷയങ്ങള്‍. മനുഷ്യനോടുള്ള കൗതുകമാണ് അതിനടിസ്ഥാനം. എന്‍.എസ് മാധവന്റെ കുറിപ്പ് കണ്ടാണ് സാപിയന്‍സ് വായിച്ചത്. ഒരു അഭിമുഖത്തില്‍ മാധവിക്കുട്ടി സൂചിപ്പിച്ചതുകണ്ടാണു ചെറുപ്രായത്തില്‍ തത്ത്വമസി വായിച്ചത്. ഉദ്ദേശാധിഷ്ഠിത വായനയാണ് ഇപ്പോള്‍ നടക്കുന്നത്.

പുതിയ എഴുത്തുകള്‍?

താമസിച്ച് എഴുതിത്തുടങ്ങിയതിന്റെ കുറ്റബോധം എഴുത്തിന് വേഗം കൂട്ടുന്നതിനെ മന:പൂര്‍വം തടയാന്‍ ശ്രമിക്കാറുണ്ട്. സമ്പര്‍ക്ക ക്രാന്തി എന്ന നോവല്‍ (ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശ: വന്നത്) താമസിയാതെ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കും. 'ഇരു' എന്ന് ഇപ്പോള്‍ പേരിട്ടിട്ടുള്ള നോവലിന്റെ രചനയിലാണ് ഇപ്പോഴുള്ളത്. കൃത്യമായ ഒരു പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിലല്ല എഴുത്ത്, അതുകൊണ്ടുതന്നെ എന്നു പൂര്‍ത്തിയാവുമെന്നു പറയാനാവില്ല.

 Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."