മൊബൈല്‍ വഴി സമ്മാനതട്ടിപ്പ്: അന്വേഷണം ഫലപ്രദമാകുന്നില്ല
മാവേലിക്കര:മൊബൈല്‍ ഫോണിലൂടെയുള്ള സമ്മാനതട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു. മാവേലിക്കരയില്‍ ചെട്ടികുളങ്ങര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി തട്ടിപ്പിനിരയായി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മാധ്യമ പ്രവത്തകരായ കറ്റാനം സ്വദേശി ശ്യാമിനും, കുറത്തികാട് സ്വദേശി പ്രമോദിനുമാണ് സമ്മാന അറിയിപ്പുമായി ഫോണ്‍ എത്തിയത്.
ഹൈദ്രാബാദില്‍ പ്രവര്‍ത്തിക്കുന്ന ബാലാജി ജുവലേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പുതിയ ശാഖ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്നും അതിന്റെ പ്രചരണാര്‍ത്ഥം തിരഞ്ഞെടുക്കപ്പെട്ട മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണനാണയം സമ്മാനം ലഭിക്കുന്നുവെന്നുമാണ് അറിയിപ്പ് ലഭിച്ചത്.
അഡ്രസ് വാങ്ങിയ ശേഷം ഇവരോട് തപാലില്‍ സമ്മാനം ലഭിക്കുമെന്നും സര്‍വ്വീസ് ചാര്‍ജ്ജായ 4500 രൂപ പോസ്റ്റ് ഒഫീസില്‍ അടയ്ക്കണമെന്നുമാണ് ഫോണില്‍കൂടി നിര്‍ദ്ദേശം ലഭിച്ചത്.
എന്നാല്‍ തട്ടിപ്പിനെ പറ്റി മുന്‍കൂട്ടിയറിയാവുന്ന ശ്യാം കൂടുതല്‍ ആരാഞ്ഞപ്പോള്‍ തന്നോട് സമ്മാനം ലഭിച്ചുവെന്ന് അറിയിക്കാന്‍ മാത്രമാണ് കമ്പനി അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം എന്നു പറഞ്ഞുകൊണ്ട് മറുതലയ്ക്കല്‍ സംസാരിച്ചുകൊണ്ടിരുന്നയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. 7242011442 എന്ന നമ്പരില്‍ നിന്നുമാണ് ശ്യാമിന് വിളിവന്നത്. മറ്റുള്ളവര്‍ ഇത്തരം തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ പോലീസില്‍ പരാതിനല്‍കുമെന്നും ശ്യാം അറിയിച്ചു.
എന്നാല്‍ സമാനമായ സംഭവമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാവേലിക്കരയില്‍ ഉണ്ടായത്. ഒരു കമ്പനിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 12000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ സമ്മാനം എന്ന വാഗ്ദാനവുമായായിരുന്നു കണ്ണമംഗലം സ്വദേശി അഭിജിത്തിന് ഫോണ്‍ വന്നത്. അഭിജിത്ത് സമ്മാനം വാങ്ങാനായി പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ 3500 രൂപ സര്‍വ്വീസ് ചാര്‍ജ്ജായി അടയ്ക്കണമെന്ന് അറിയിച്ചു. തുടര്‍ന്ന് അഭിജിത്ത് പണമടച്ച് സമ്മാനം വാങ്ങിയപ്പോള്‍ അതില്‍ ഏലസുകള്‍ മാത്രമയിരുന്നു ഉള്ളത്. അന്നത്തെ മാവേലിക്കര എസ്.ഐ ശ്രീകുമാറിന്റെയും സാമൂഹ്യ പ്രവര്‍ത്തകരായ ഗിരീഷ് വൃന്ദാവനം, ഉണ്ണികൃഷ്ണന്‍ ചെട്ടികുളങ്ങര എന്നിവരുടെ സമയോജിതമായ ഇടപെടല്‍ മൂലം പണം തിരികെ ലഭിക്കുകയായിരുന്നു.
എന്നാല്‍ എസ്.ഐയുടെ ട്രാന്‍സ്ഫറിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ സംഭവത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഡല്‍ഹിയിലാണ് തട്ടിപ്പ് സംഘത്തിന്റെ ആസ്ഥാനമെന്നും ഹൈദ്രാബാദ് കേന്ദ്രീകരിച്ചാണ് ഇവരുടെ പണമിടപാടുകള്‍ നടക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
പലരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാറുണ്ടെന്നും ഇത്തരക്കാര്‍ അപമാനം നിമിത്തം പരാതി നല്‍കാന്‍ സന്നദ്ധരാകുന്നില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ സംഭവത്തിലുളള സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അന്വേഷണം നിലച്ചിരിക്കയാണെന്നാണ് പരാതിക്കാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."