മൂന്ന് സെന്റുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് ലോണ്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യും
പാലക്കാട്: പട്ടിക ജാതി വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പട്ടിക ജാതിവര്‍ഗ ക്ഷേമ നിയമസഭ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ വ്യക്തമാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭ സമിതി സിറ്റില്‍ പരാതി പരിഗണിക്കവെയാണ്് സമിതി ഇക്കാര്യം പറഞ്ഞത്. സമിതിയുടെ സിറ്റിങ് നടക്കുന്ന ഒന്‍പതാമത്തെ ജില്ലയാണ് പാലക്കാട്. നിലവില്‍ പട്ടിക ജാതി കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കാന്‍ ചുരുങ്ങിയത് നാല് സെന്റ് സ്ഥലമെങ്കിലും വേണം. നിലവില്‍ ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗത്തിന് സര്‍ക്കാര്‍് നല്‍കുന്നത് മൂന്ന് സെന്റാണ്. ഇതിനാല്‍ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ വായ്പയെടുക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചത്.
വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ വായ്പയെടുക്കരുതെന്നും സമിതി നിര്‍ദ്ദേശിച്ചു. ലോണ്‍ എടുക്കുന്നവര്‍ അതുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സമിതി പറഞ്ഞു. വായ്പ എടുത്ത് തിരിച്ചടക്കാന്‍ കഴിയുന്നില്ലെന്നും ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും നഷ്ടമാവുമെന്ന സ്ഥിതി വ്യക്താക്കികൊണ്ടുളള പരാതി കേള്‍ക്കവെയാണ് സമിതിയുടെ നിര്‍ദ്ദേശം. അതേ സമയം വായ്പയുടെ തിരച്ചടവിനായി സാവകാശം ആവശ്യമെങ്കില്‍ ലഭ്യമാക്കാമെന്നും നിയമസഭ സമിതി പറഞ്ഞു.
വായ്പകളെടുക്കാതെ തന്നെ ആവശ്യമായ കാര്യങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. വീട്, പെണ്‍കുട്ടികളുടെ വിവാഹം, തൊഴിലധിഷ്ഠിത സഹായം, വിദേശപഠനത്തിനുളള സഹായം തുടങ്ങിയ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതായും സമിതി വൃക്തമാക്കി. മുന്‍കാലങ്ങളില്‍് വായ്പകള്‍ സര്‍ക്കാര്‍ എഴുതിതള്ളിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ അത് തുടരുന്നില്ലെന്നും അതിനാല്‍ തന്നെ വായ്പകള്‍ തിരിച്ചടക്കാനുള്ള ഉത്തരവാദിത്വം എടുക്കുന്നുവര്‍ക്കുണ്ടെന്നും നിയമസഭ സമിതി വ്യക്തമാക്കി.
മുന്‍പ് തീര്‍പ്പാക്കാതെയിരുന്ന ഒന്‍പത് പരാതികള്‍ സിറ്റിങില്‍ തീര്‍പ്പ് കല്‍പ്പിച്ച സമിതി പുതിയതായി ലഭിച്ച 18 പരാതികളും പരിഗണിച്ചു. സിറ്റിങില്‍ ജില്ലയില്‍ നിന്ന വിവിധ സ്വഭാവത്തിലുള്ള പരാതികളാണ് ലഭിച്ചതെന്നും സമിതി പറഞ്ഞു. പല പരാതികളിലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിച്ച സമിതി ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. പരാതികളില്‍ കൈക്കൊള്ളുന്ന നടപടികളെ കുറിച്ച് സമയബന്ധിതമായി സമിതിയെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ലക്ഷം വീട് കോളനികളില്‍ കാലങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കണമെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സ്ഥലം ലഭിച്ച ആള്‍ ജീവിച്ചിരിക്കുന്നില്ലെങ്കിലും അവരുടെ അനന്തരഅവകാശികള്‍ക്ക് ഭൂമി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ സര്‍ക്കാര്‍ ധനസഹായം വഴി സ്ഥലം വാങ്ങുമ്പോള്‍ വഴിയുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ പാടുള്ളുവെന്ന് റവന്യു വകുപ്പിനോടും പട്ടിക ജാതി-പട്ടികവര്‍ഗ വകുപ്പിനോടും സമിതി നിര്‍ദ്ദേശിച്ചു. വല്ലപ്പുഴ സ്വദേശിയുടെ വീടിലേക്കുള്ള വഴി സ്വകാര്യവ്യക്തി തടഞ്ഞുവെന്ന പരാതിയിലാണ് നിര്‍ദ്ദേശം. പരാതികാരി സ്ഥലം വാങ്ങിയപ്പോള്‍ വഞ്ചിക്കപ്പെട്ടുവെന്നും സമിതി വിലയിരുത്തി. പരാതി അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭ സമിതി സിറ്റിങ്ങില്‍ സമിതി അംഗങ്ങളായ എം.എല്‍.എമാര്‍ പുരുഷന്‍ കടലുണ്ടി, യു.ആര്‍. പ്രദീപ്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എഡിഎം ടി. വിജയന്‍, ഒറ്റപ്പാലം സബ കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."