ക്രൈംത്രില്ലറുകളെ തോല്‍പ്പിക്കുന്ന ജത്മലാനിയുടെ ജീവിതം
ന്യൂഡല്‍ഹി: ക്രൈംത്രില്ലറുകളെ തോല്‍പ്പിക്കുന്നതാണ് രാം ജത് മലാനിയുടെ ജീവിതം. വിഭജനത്തിന് പിന്നാലെ പാകിസ്താനില്‍ നിന്ന് പലായനം ചെയ്ത യുവ അഭിഭാഷകന്‍ ഇന്ത്യയിലെത്തി രാജ്യത്തെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകനായി മാറുന്നു. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യത്ത് പിന്ന് പലായനം ചെയ്യേണ്ടി വരുന്നു. തിരിച്ചെത്തി പിന്നീട് കേന്ദ്രമന്ത്രിയാവുന്നു. നിലപാടുകളുടെ പേരില്‍ മന്ത്രിപദവിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു. ക്രിമിനല്‍ക്കേസുകളില്‍ വമ്പന്‍മാര്‍ അദ്ദേഹത്തിന്റെ സേവനത്തിന് വേണ്ടി ലക്ഷങ്ങളുമായി കാത്തിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഭാരിച്ച ഫീസ് വാങ്ങുന്ന ക്രിമിനല്‍ അഭിഭാഷകനായിരുന്നു ജത്മലാനി. ജത്മലാനി ഹാജരായ കേസുകളുടെ നിര അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാക്കുന്നു.
ഡബിള്‍ പ്രമോഷന്‍ നേടി 13ാം വയസിലാണ് ജത്മലാനി സ്‌കൂള്‍ പഠനകാലം പൂര്‍ത്തിയാക്കിയത്. 17ാം വയസില്‍ ബോംബെ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി നേടി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ 21 വയസാകണമെന്ന ചട്ടം ജത്മലാനിക്കു മുന്നില്‍ വഴിമാറുകയായിരുന്നു. 18ാം വയസ്സില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ജത്മലാനി എല്‍.എല്‍.എമ്മും നേടി സുഹൃത്ത് എ.കെ ബ്രോഹിക്കൊപ്പം കറാച്ചിയില്‍ നിയമകമ്പനി സ്ഥാപിച്ചു. തങ്ങളെ സമീപിച്ച ആദ്യ കക്ഷിയില്‍ നിന്ന് ഒരു രൂപയാണ് ജത്മലാനി പ്രതിഫലം വാങ്ങിയത്. വിഭജന സമയത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങളെത്തുടര്‍ന്ന് 1948ലെ കലാപത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറി. 1959ലെ രാജ്യത്തെ ഇളക്കിമറിച്ച നാനാവതി കേസായിരുന്നു ജത്മലാനിയുടെ ജീവിതത്തിലെ വഴിത്തിരിവ്. നാവികസേനാ കമാന്‍ഡറായിരുന്ന കെ. മനേക്ഷാ നാനാവതി തന്റെ ബ്രിട്ടീഷുകാരിയായ ഭാര്യ സില്‍വിയയുടെ കാമുകന്‍ പ്രേം അഹൂജയെ ബെഡ്‌റൂമില്‍ക്കയറി വെടിവച്ച് കൊന്ന് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതായിരുന്നു കേസ്.
1959 സപ്തംബര്‍ 23ന് നാനാവതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ 1960 മാര്‍ച്ച് 11ന് വിധി റദ്ദാക്കിയ ഹൈക്കോടതി നാനാവതിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ അന്നത്തെ ബോംബെ ഗവര്‍ണര്‍ അസാധാരണമായ ഉത്തരവിലൂടെ വിധി റദ്ദാക്കി.
തുടര്‍ന്നങ്ങോട്ട് ഇന്ദിരാഗാന്ധി വധക്കേസ്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ഖേതന്‍ പരേഖ് കേസ്, എല്‍.കെ അഡ്വാനി പ്രതിയായ പ്രതിരോധ ഹവാലാ കേസ്, ജയലളിതയുടെ അനധികൃത സ്വത്തു കേസ്, 2ജി സ്‌പെക്ട്രം അഴിമതി, ജസീക്കാലാല്‍ വധക്കേസ്, ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കേസ്, യെദ്ദിയുരപ്പ പ്രതിയായ ഖനനകേസ്, അഫ്‌സല്‍ ഗുരു കേസ്, സഹാറാ-സെബി കേസ്, അരവിന്ദ് കെജ്‌രിവാളിനെതിരായി അരുണ്‍ ജയ്റ്റ്‌ലിയുടെ കേസ്, ആശാറാം ബാപ്പു കേസ്, അമിത്ഷായ്ക്ക് വേണ്ടി സുഹ്‌റാബുദ്ദീന്‍ കേസ്, രാജീവ് ഗാന്ധി കൊലക്കേസ്, ബാബാ രാംദേവിനെതിരായ കേസ് തുടങ്ങി സുപ്രധാന വ്യവഹാരങ്ങളാണ് ജത്മലാനിയെ തേടിയെത്തിയത്.
അടിയന്തിരാവസ്ഥക്ക് മുമ്പും ശേഷവും ബാര്‍കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. എക്കാലത്തും വധശിക്ഷയ്‌ക്കെതിരായ ശബ്ദമായിരുന്നു ജത്മലാനിയുടെത്. എക്കാലത്തും വലതുപക്ഷ രാഷ്ട്രീയത്തോടായിരുന്നു ജത്മലാനിക്ക് ചായ്‌വ്. ഒരിക്കല്‍ മഹാരാഷ്ട്രയിലെ ഉല്ലാസ നഗര്‍ മണ്ഡലത്തില്‍ നിന്നും ശിവസേനയുടെയും ഭാരതീയ ജനസംഘത്തിന്റെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു.
1975 മുതല്‍ 1977 വരെ ബാര്‍കൗണ്‍സില്‍ ചെയര്‍മാനായിരിക്കെ ഇന്ദിരാഗാന്ധിയെ തുടര്‍ച്ചയായി വിമര്‍ശിച്ചതോടെ അദ്ദേഹത്തിനെതിരേ കേരളത്തില്‍ നിന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. നാനി പല്‍ക്കിവാലയുടെ നേതൃത്വത്തില്‍ 300 അഭിഭാഷകരാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. എന്നാല്‍ പിന്നീട് സ്റ്റേ നീക്കിയതോടെ അദ്ദേഹത്തിന് കാനഡയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
1988ല്‍ രാജ്യസഭാംഗമായി. 1996ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായി. 1999ല്‍ രണ്ടാം വാജ്‌പേയി നിയമമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് ആര്‍ശ് സെയ്ന്‍ ആനന്ദ്, അറ്റോര്‍ണി ജനറല്‍ സോളി സോറാബ്ജി എന്നിവരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം രാജിവയ്ക്കാന്‍ വാജ്‌പേയി ആവശ്യപ്പെട്ടു. 2004ല്‍ വാജ്‌പേയിക്കെതിരെ ലഖ്‌നൗവില്‍ അദ്ദേഹം മല്‍സരിച്ചു. ആ സമയം ജത്മലാനിക്ക് കോണ്‍ഗ്രസ് പിന്തുണനല്‍കിയെങ്കിലും പരാജയപ്പെട്ടു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ചെങ്കിലും അദ്ദേഹത്തിന് തുടര്‍ന്നും പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കി. ബി.ജെ.പിക്കെതിരെ നിശിതവിമര്‍ശനങ്ങള്‍ തുടര്‍ന്നതോടെ 2012ല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ ബി.ജെ.പി വിമര്‍ശനം മരണം വരെ അദ്ദേഹം തുടര്‍ന്നുപോന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."