യു.എസ് ഉപരോധത്തിനു തിരിച്ചടി; ഇറാനില്‍ ചൈന 40,000 കോടി ഡോളര്‍ നിക്ഷേപിക്കുന്നു
ബെയ്ജിങ്: യു.എസ് ഉപരോധത്തില്‍ ഞെരിഞ്ഞമരുന്ന ഇറാന് ആശ്വാസമേകാന്‍ ചൈന. ഇറാനിലെ എണ്ണ, പ്രകൃതിവാതക, പെട്രോകെമിക്കല്‍, ഗതാഗത, നിര്‍മാണ മേഖലകളില്‍ 40,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് യു.എസുമായി വ്യാപാരയുദ്ധത്തിലുള്ള ചൈന. പെട്രോളിയം എക്കണോമിസ്റ്റ് മാഗസിനാണ് ഇറാന്‍ എണ്ണ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതാവും കരാറെന്ന് മാഗസിന്‍ പറയുന്നു.
ഓഗസ്റ്റില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ദാരിഫ് നടത്തിയ ചൈനാ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. 25 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്രപ്രധാന പങ്കാളിത്ത കരാറിന് 2016ല്‍ രൂപംനല്‍കിയിരുന്നു. ഈ കരാര്‍ പുതുക്കുന്നതോടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിക്ഷേപം ആരംഭിക്കും.
എണ്ണ, പ്രകൃതിവാതക, പെട്രോകെമിക്കല്‍ മേഖലകളില്‍ 28,000 കോടി ഡോളറും ഗതാഗത- അടിസ്ഥാന സൗകര്യ നിര്‍മാണ രംഗത്ത് 12,000 കോടി ഡോളറുമാണ് നിക്ഷേപിക്കുക. ഇതിനു പകരമായി ഇറാന്‍ ചൈനീസ് കമ്പനികള്‍ക്ക് പുതിയ ടെന്‍ഡറുകളില്‍ മുന്‍ഗണന നല്‍കും. ചൈനീസ് പദ്ധതികള്‍ സംരക്ഷിക്കാന്‍ 5,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഇറാനില്‍ വിന്യസിക്കും.
കുറഞ്ഞ വിലയ്ക്ക് എണ്ണ, പ്രകൃതിവാതക, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ വാങ്ങാനും കരാര്‍ ചൈനക്ക് അനുമതി നല്‍കും. ഇതിന്റെ വില രണ്ടുവര്‍ഷത്തിനുള്ളില്‍ നല്‍കിയാല്‍ മതിയാകും. വിവിധ മേഖലകളില്‍ ചൈനക്ക് 32 ശതമാനം ഇളവ് അനുവദിക്കുന്നതാണ് നിര്‍ദിഷ്ട കരാര്‍. ചൈനയിലെ പ്രമുഖ കമ്പനികള്‍ ഇറാനിലുണ്ടാക്കുന്ന ഫാക്ടറികള്‍ക്ക് കുറഞ്ഞ പ്രതിഫലത്തിനു തൊഴിലാളികളെ ലഭിക്കും. ഇറാനിലെ വ്യാവസായികരംഗത്ത് ചൈന അടിസ്ഥാന സൗകര്യമൊരുക്കും.
ഇറാനെ സംബന്ധിച്ചിടത്തോളം പുതിയ കരാര്‍ യു.എന്‍ രക്ഷാസമിതി അംഗമായ ചൈനയുമായുള്ള പങ്കാളിത്തം ദൃഢമാക്കാന്‍ ഇതുപകരിക്കും. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉല്‍പാദന തോത് വര്‍ധിപ്പിക്കാനും സാധിക്കും. ഇറാനില്‍ നിന്ന് ചൈന വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യും. അതേസമയം ഈ കരാര്‍ സംബന്ധിച്ച് ഇതുവരെ പരസ്യ പ്രഖ്യാപനമുണ്ടായിട്ടില്ലെന്ന് ഇതു സംബന്ധിച്ച വിവരം നല്‍കിയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2017ല്‍ ഇറാനില്‍ റെയില്‍പ്പാളം പണിയുന്നതിന് 220 കോടി ഡോളറിന്റെ കരാറിലൊപ്പിട്ട ചൈന 2016ല്‍ ഇറാനില്‍ രണ്ട് ആണവോര്‍ജ നിലയങ്ങള്‍ നിര്‍മിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം വിപുലമാക്കുന്നതിനുമായി 60,000 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."