ല്യൂട്ടന്‍സ് എലീറ്റുകളുടെ കൂടുമാറ്റം
യു.പി.എ മാറി എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയുണ്ടായ മാറ്റങ്ങളിലൊന്ന് രാജ്യത്തെ നിയന്ത്രിക്കുന്ന എലീറ്റ് ക്ലാസ് കേന്ദ്രം ലോധിഗാര്‍ഡനിലെ പ്രഭാത നടത്തക്കാരില്‍ നിന്ന് ദീന്‍ദയാല്‍ ഉപാധ്യായ റോഡിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാറിയെന്നതാണ്. രാജ്യത്തെ നിയന്ത്രിക്കുന്ന സുസ്ഥിര ഉന്നത അധികാര വര്‍ഗം എക്കാലത്തും ഇന്ത്യയുടെ ഭരണ കേന്ദ്രങ്ങളിലുണ്ട്. അത് സര്‍ക്കാരിന്റെ ചിയര്‍ലീഡര്‍മാരായ കോര്‍പ്പറേറ്റുകള്‍ മാത്രമല്ല വിദ്യാഭ്യാസ വിദഗ്ധര്‍, ചാരിറ്റി കേന്ദ്രങ്ങള്‍, സാഹിത്യകാരന്‍മാര്‍, ബുദ്ധിജീവികള്‍ തുടങ്ങി വലിയൊരു സമൂഹമാണ്.
അമേരിക്കന്‍ സോഷ്യോളജിസ്റ്റായ സി.റൈറ്റ് മില്‍സ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഉന്നതരെക്കുറിച്ച് പവര്‍ എലീറ്റെന്ന പുസ്തകമെഴുതിയത് അമേരിക്കന്‍, യൂറോപ്യന്‍ പശ്ചാത്തലത്തിലാണ്. കച്ചവടത്തിനൊപ്പം വംശീയത കൂടി ചേര്‍ത്താല്‍ അതിലൊരു ഇന്ത്യന്‍ പശ്ചാത്തലം വായിക്കാം. ആര്‍.എസ്.എസ്സുകാരും അല്ലാത്തവരുമായ പുതിയൊരു അധികാര കേന്ദ്രമാണ് കുറഞ്ഞ കാലം കൊണ്ട് മോദിയെയും അമിത്ഷായെയും ചുറ്റിപ്പറ്റി രൂപം കൊണ്ടത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അതിത്ര പ്രകടമായിരുന്നില്ല.
ന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഡല്‍ഹിയിലെ അധികാര കേന്ദ്രമായ ല്യൂട്ടന്‍സ് ഡല്‍ഹിയിലെ എലീറ്റ് കേന്ദ്രങ്ങള്‍ ഒരു കാലത്ത് ല്യൂട്ടന്‍സിലെ ലോധി എസ്‌റ്റേറ്റിലെയും ഖാന്‍ മാര്‍ക്കറ്റിലെയും ഉന്നത കൈകളിലായിരുന്നു. എലീറ്റുകള്‍ മാത്രമല്ല, അധികാര ദല്ലാളുമാരും വാണിജ്യ ഇടപാടുകാരും ചേര്‍ന്ന വലിയൊരു സമൂഹമാണത്. മോദി സര്‍ക്കാര്‍ വന്നതോടെ മോഹന്‍ ഗോപാല്‍, സുമന്‍ ദുബെ തുടങ്ങിയ വിശാദരന്‍മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന് വഴിമാറി. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ സ്ഥാനം ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ നടത്തുന്ന ആര്‍.എസ്എസ് നേതാവ് രാംമാധവിന്റെ ഇന്ത്യാ ഫൗണ്ടേഷന്‍ മുഖ്യധാരയിലെത്തി. സാമ്പത്തിക വിദഗ്ധരുടെ ചര്‍ച്ചകളില്‍ അമര്‍ത്യസെന്‍ പുറത്തായി. പകരം സുബ്രഹ്മണ്യം സ്വാമിയും എസ്. ഗുരുമൂര്‍ത്തിയും വന്നു.
സാംസ്‌കാരിക മേഖലയില്‍ നിന്ന് എഴുത്തുകാരനായ അമിതാവ് ഘോഷ് പുറത്തായി, സഞ്ജീവ് സന്യാല്‍ വന്നു. അരുന്ധതി റോയ് ദേശീയതാ വാദി ചേതന്‍ ഭഗതിന് വഴിമാറി. കവികളില്‍ ജാവേദ് അക്തര്‍ ഇല്ലാതായി. പകരം പ്രസൂന്‍ ജോഷിയായി. മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്‌റിയാല്‍ തന്നെ 44 പുസ്തകമെഴുതിയ ബുദ്ധിജീവിയും എഴുത്തുകാരനും കവിയുമായി സ്വയം അവതരിച്ചു. ബൗദ്ധിക കേന്ദ്രങ്ങളായ ജെ.എന്‍.യുവും ഡല്‍ഹി സര്‍വ്വകലാശാലയും സര്‍ക്കാര്‍ നിരീക്ഷണത്തിലായി. ലോധി എസ്‌റ്റേറ്റിന് പകരം മോത്തി ബാഗിലെ പുതിയ സര്‍ക്കാര്‍ വീടുകളായി പുതിയ ബ്യൂറോക്രാറ്റ് കേന്ദ്രം. ആസൂത്രണങ്ങള്‍ ഇവിടെ ചുറ്റിപ്പറ്റിയായി.
സര്‍ക്കാര്‍ പദ്ധതികളെ ആര്‍.എസ്.എസ് കോര്‍പ്പറേറ്റ് കമ്പനി കൈയ്യടക്കിയതായിരുന്നു മറ്റൊന്ന്. ഒന്നാം മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം ലഭിച്ചത് ആര്‍.എസ്.എസ്സുകാരുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ കണ്‍സോഷ്യമായ പൂര്‍ത്തി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്കായിരുന്നു. പരിസ്ഥിതി സൗഹൃദമെന്ന നിലയിലാണ് രാജ്യത്തെ നഗരങ്ങളില്‍ എത്ത്‌നോള്‍ ഇന്ധനമാക്കുന്ന പദ്ധതി നിതിന്‍ ഗഡ്കരി അവതരിപ്പിക്കുന്നത്. 4000 കോടിയുടെ 36 പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ട് ഗഡ്കരി പ്രഖ്യാപിച്ചു. താജ്മഹലിനെ രക്ഷിക്കാനെന്ന മട്ടില്‍ ആഗ്രയില്‍ എത്ത്‌നോള്‍ ഇന്ധനമാക്കുന്ന പദ്ധതിയും ഇതിലുണ്ട്. ഇതിലെ കൗശലമറിയണമെങ്കില്‍ പൂര്‍ത്തി ഗ്രൂപ്പ് നടത്തുന്ന വ്യവസായങ്ങളിലേക്ക് കണ്ണോടിക്കണം.
പൂര്‍ത്തി പവര്‍ ആന്‍ഡ് ഷുഗര്‍ ലിമിറ്റഡ്, മഹാത്മ ഷുഗര്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, വെയ്ന്‍ ഗംഗ ഷുഗര്‍ ആന്‍ഡ് പവര്‍, യാഷ് അഗ്രോ എനര്‍ജി ലിമിറ്റഡ് ജി.എം.ടി, മൈനിങ് ആന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, പൂര്‍ത്തി അള്‍ട്ടര്‍നെറ്റിവ് ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പൂര്‍ത്തി അഗ്രോടെക് ലിമിറ്റഡ് തുടങ്ങിയവയാണ് പൂര്‍ത്തി ഗ്രൂപ്പിന് കീഴിലെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍.
പഞ്ചസാരയാണ് പ്രധാന വ്യവസായം. പഞ്ചസാരയില്‍ നിന്നാണ് എത്ത്‌നോള്‍ നിര്‍മിക്കുന്നത്. എത്ത്‌നോളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളെല്ലാം ലഭിച്ചത് പൂര്‍ത്തി ഗ്രൂപ്പിന് തന്നെയായിരുന്നു. മോദി സര്‍ക്കാര്‍ വന്നതോടെ പൂര്‍ത്തി ഗ്രൂപ്പ് അസാധാരണമാം വിധം വളര്‍ന്നു. എത്ത്‌നോള്‍ ഇന്ധനമാക്കിയുള്ള ബസുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തി ഗ്രൂപ്പ് ഈ പദ്ധതി തുടങ്ങിയിരുന്നു. 2016ല്‍ മനാസ് അഗ്‌റോ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയ്ക്ക് ഐ.ഡി.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യം അസാധാരണമായ രീതിയില്‍ 1,034 കോടിയുടെ ലോണ്‍ നല്‍കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മക്കളിലൊരാള്‍ മനാസ് അഗ്‌റോ ഇന്‍ഡസ്ട്രീസിന്റെ ഡയരക്ടറും മറ്റൊരു മകന്‍ അതിന്റെ പ്രമോട്ടറുമായിരുന്നു.
ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വൈഭവ് ദാംഗെയുടെ കമ്പനിയായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജിയാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിന് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനുള്ള ഫണ്ടുകള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പൂര്‍ത്തി പോലെ ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനിയാണിത്. അഞ്ചു കമ്പനികള്‍ ചേര്‍ന്ന പൂര്‍ത്തി ഗ്രൂപ്പിന്റെ കണ്‍സോഷ്യത്തില്‍ ഡയരക്ടര്‍മാരിലൊരാള്‍ ഗഡ്കരിയുടെ ഡ്രൈവറായിരുന്നു. മാനേജിങ് ഡയറക്ടര്‍ സുധീര്‍ ഡബള്യൂ ദിവെ.
ദിവെ ആരാണെന്ന് കൂടി അറിയുക. ഗഡ്കരിയുടെ പഴയ പേഴ്‌സണല്‍ സെക്രട്ടറി. 2010 മാര്‍ച്ചില്‍ ഗ്ലോബല്‍ സേഫ്റ്റി വിഷന്‍ കമ്പനിയുടെ ഉടമ ദത്രാത്രേയ പാണ്ഡുരങ് മഹിസ്‌കാര്‍ 164 കോടി രൂപ വെറും 36000 രൂപ പലിശ നിരക്കില്‍ വായ്പ പൂര്‍ത്തി ഗ്രൂപ്പിന്റെ ഉപവിഭാഗമായ പൂര്‍ത്തി ഷുഗര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കി. ഗഡ്കരി മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നിര്‍മാണ കോണ്‍ട്രാക്ടുകള്‍ ലഭിച്ച ഐഡിയല്‍ റോഡ് ബില്‍ഡേഴ്‌സ് ആരുടേതാണെന്നു കൂടി നോക്കിയാല്‍ ഇതിലെ തട്ടിപ്പ് ബോധ്യപ്പെടും. ദത്രാത്രേയ പാണ്ഡുരങ് മഹിസ്‌കാര്‍ തന്നെയാണ് അതിന്റെയും ഉടമ. ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ദല്ലാളുമാര്‍ക്ക് നല്ല കാലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."