ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ചെയ്‌തെന്ന് നിയമ വിദ്യാര്‍ഥിനി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ സോഷ്യല്‍ മീഡിയ മുഖേന ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനി കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി വീണ്ടും രംഗത്ത്.
ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ചെയ്‌തെന്നും ശാരീരികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി ആരോപിച്ചു. പീഡനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ലോധി റോഡ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അത് ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുര്‍ പൊലിസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുകയോ വിഷയം പൊലിസ് ഗൗരവത്തിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ജന്മനാടായ ഷാജഹാന്‍പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി.
ചിന്മയാനന്ദ് ഡയറക്ടറായ എസ്.എസ് കോളജിലെ എല്‍.എല്‍.എം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്താണ് ആദ്യം ആരോപണം ഉന്നയിച്ചത്. അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയെ കാണാതായതോടെ വിഷയം സുപ്രിംകോടതിയിലുമെത്തി.
അഭിഭാഷകര്‍ നല്‍കിയ പരാതി പരിഗണിച്ച സുപ്രിംകോടതി സംഭവം അന്വേഷിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുകയും പെണ്‍കുട്ടിയെ മറ്റൊരു കോളജിലേക്കു മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. ഇതുപ്രകാരം പെണ്‍കുട്ടിക്കും സഹോദരനും മറ്റൊരു കോളജില്‍ പ്രവേശനം ലഭിച്ചതിന് പിന്നാലെയാണ് ഇന്നലെ കടുത്ത ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നത്.
ഞായറാഴ്ച പെണ്‍കുട്ടിയെ പ്രത്യേക സംഘം 11 മണിക്കൂറോളമാണ് ചോദ്യംചെയ്തത്. ഈ സമയം താന്‍ നേരിട്ട അനുഭവങ്ങളെല്ലാം എസ്.ഐ.ടിയോട് പറഞ്ഞതായും പെണ്‍കുട്ടി വ്യക്തമാക്കി. എന്നാല്‍, ചിന്മായാനന്ദിന്റെ അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്. സ്വാമി ഇപ്പോള്‍ ആത്മീയപാതയിലാണെന്നും എപ്പോള്‍ വേണമെങ്കിലും പോലിസിന് മുന്നില്‍ കീഴടങ്ങാന്‍ തയാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."