പാഠപുസ്തകത്തിലെ ഇസ്‌ലാമിക ചരിത്ര ഭാഗങ്ങള്‍ നിലനിര്‍ത്തും; സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു
#ശഫീഖ് പന്നൂര്
കോഴിക്കോട്: പത്താം ക്ലാസ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കാനുള്ള കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം മന്ത്രി ഇടപെട്ടത്തിനെ തുടര്‍ന്നു പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ
അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പുസ്തകം പരിഷ്‌കരണത്തിന്റെ ഭാഗമായി ചരിത്ര പ്രധാനമായ ചില പാഠഭാഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കു അധിക വായനക്കു നല്‍കിയ ഇസ് ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അങ്ങനെ തന്നെ അടുത്ത വര്‍ഷത്തെ പുസ്തകത്തിലും നിലനില്‍ക്കും.
പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള പാഠഭാഗവും പടപ്പാട്ടുകളെ കുറിച്ചുള്ള ഭാഗവും പുസ്തകത്തില്‍ നിന്നും ഒഴിവാക്കാനായിരുന്നു തീരുമാനം. സൈനുദ്ദീന്‍ മഖ്ദുമിന്റെ തുഫ്ഫത്തുല്‍ മുജാഹിദീനെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കാന്‍ തീരുമാനമായിരുന്നു.
അധിക വായനക്കു നല്‍കിയ ഭാഗങ്ങളാണ് ഒഴിവാക്കിയിരുന്നത്. പരിഷ്‌കരണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ ഒഴിവാക്കിയപ്പോള്‍ സമാനമായ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇസ്്‌ലാമിക ചരിത്രഭാഗത്തിനു പകരം ഒന്നും ഉള്‍പെടുത്തിയിരുന്നില്ല. ഇതാണ് വിമര്‍ശനത്തിനു കാരണമായത്.
എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രഭാതം ഈ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ഈ തീരുമാനം പിന്‍വലിച്ചത്. യോഗത്തിലെ ചില അംഗങ്ങള്‍ അപ്പോള്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുസ്തകം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന അഭിപ്രായമായിരുന്നു ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നിക്കാന്‍ തീരുമാനിച്ചതെന്നും വിയോജിപ്പുള്ളതു കൊണ്ട് അപ്പോള്‍ തന്നേ വേണ്ടെന്നു വെച്ചിരുന്നുവെന്നു കരിക്കുലം കമ്മിറ്റി അംഗമായ ഏ.കെ അബ്ദുല്‍ ഹകീം സുപ്രഭാതത്തോട് പറഞ്ഞു. പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കുകയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും അറിയിച്ചു.
പാഠഭാഗത്തെ ബോക്‌സ്‌കളുടെ ആധിക്യം ക്ലാസ്സ് റൂം വിനിമയത്തേയും കുട്ടികളുടെ വായനയേയും തടസ്സപ്പെടുത്തുന്നതായി പാഠപുസ്തകം പരിശോധിച്ച കരിക്കുലം സബ്കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നുവെന്നും ഇത് സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം തീരുമാനിച്ച സാഹചര്യത്തില്‍ 'ബോക്‌സുകള്‍' പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കേണ്ടതില്ല എന്ന് നിശ്ചയിക്കുകയാണുണ്ടായതെന്നു എസ്.സി.ഇ.ആര്‍.ടി ഡയറക്ടറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."