പാഠം ഒന്ന്, സാക്ഷിമൊഴി എങ്ങനെ എടുക്കാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൊലിസുകാര്‍ക്ക് ക്രിമിനല്‍ കേസുകളില്‍ നിയമത്തിന്റെ പരിധിയില്‍നിന്നും സാക്ഷിമൊഴി എങ്ങനെ എടുക്കണമെന്ന് ഒന്നാം പാഠം മുതല്‍ പഠിപ്പിക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്.
നേരിട്ട് സാക്ഷിമൊഴി എടുക്കാതെ സാക്ഷിക്കഥയുണ്ടാക്കി കേസുകളില്‍ യഥാര്‍ഥ കുറ്റവാളികള്‍ നിയമത്തിന്റെ പരിധിയില്‍നിന്നും രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
പരാതിയില്‍ പരാമര്‍ശിക്കുന്നവരുടെ പേരില്‍ മൊഴി എടുക്കാതെ സാക്ഷിക്കഥ എഴുതി പല പ്രധാന കേസുകളുടെയും നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശീലന പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് തീരുമാനിച്ചത്.
പൊലിസ് മെനയുന്ന സാക്ഷിക്കഥ കോടതിയിലെത്തുമ്പോള്‍ സാക്ഷികള്‍ നേരിട്ട് പറയുന്നതും തമ്മിലുള്ള പൊരുത്തക്കേടിനെ തുടര്‍ന്ന് നിരവധി തവണ കോടതിയില്‍നിന്നും പൊലിസിനെതിരേ പരാമര്‍ശം ഉണ്ടാകുകയും പല കേസുകളും തള്ളിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘത്തിന് രൂപം നല്‍കി.
എസ്.ഐ, സി.ഐ മാര്‍ക്കുള്ള അതിതീവ്രപരിശീലനം 12 ഘട്ടങ്ങളിലായി ഈ മാസം 28ന് ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
പൊലിസ് അക്കാദമിയിലാണ് പരിശീലനം നല്‍കുക. യു.എന്‍ മനുഷ്യക്കടത്ത് വിരുദ്ധ സെല്‍ ദക്ഷിണേന്ത്യന്‍ മേധാവി മുന്‍ ഡി.ജി.പിയുമായ ഡോ. പി.എം നായര്‍, സി.ബി.ഐ മുന്‍ എസ്.പി കെ.എന്‍ വര്‍ക്കി, ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'വിശ്വാസ് ' സംഘടനയുടെ സെക്രട്ടറി പി. പ്രേംനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലാസുകള്‍ എടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."