സംഘ്പരിവാര്‍ ലക്ഷ്യം സര്‍ക്കാരിനെ മറിച്ചിടല്‍
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വലിയൊരു വിഭാഗം അയ്യപ്പഭക്തരുടെ മനസുകളില്‍ ആശങ്കയും എതിര്‍പ്പും സൃഷ്ടിച്ചൊരു ഘട്ടത്തില്‍ അക്രമാസക്ത സമരവുമായി സംഘ്പരിവാര്‍ സംഘടനകള്‍ ചാടിവീണപ്പോള്‍ തന്നെ അതിനു പിന്നിലെ ഗൂഢലക്ഷ്യത്തെക്കുറിച്ചു വ്യാപകമായി സംശയമുയര്‍ന്നിരുന്നു. ഇപ്പോള്‍ ആ ലക്ഷ്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വലിയ ബുദ്ധിരാക്ഷസനെന്ന് അണികള്‍ പാടിപ്പുകഴ്ത്തുന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായാണ് അബദ്ധത്തിലോ അല്ലാതെയോ ആ ലക്ഷ്യം പുറത്തുവിട്ടത്. ആചാരങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന പ്രസ്താവനയിലൂടെ.
ഒട്ടും സത്യസന്ധതയില്ലാത്തതും നീതീകരിക്കാനാവാത്തതുമായ സമരമാണ് ശബരിമലയുടെ പേരില്‍ സംഘ്പരിവാര്‍ നടത്തുന്നത്. ഈ കേസ് കോടതിയുടെ പരിഗണനക്കെത്തിയ കാലം മുതല്‍ അവിടെ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് വാദിക്കുന്നവരുടെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് സംഘ് പരിവാറിന്റെ നട്ടെല്ലായ ആര്‍.എസ്.എസ്.എസ് ആണ്. എന്നാല്‍ വിധി വന്നപ്പോള്‍ വോട്ട് ലക്ഷ്യത്തോടെ രാഷ്ട്രീയ ധാര്‍മികതയുടെ കണിക പോലുമില്ലാതെ മലക്കംമറിയുകയായിരുന്നു ബി.ജെ.പിയും മറ്റു സംഘ് പരിവാര്‍ സംഘടനകളും. അയ്യപ്പഭക്തരുടെ രോഷം സംസ്ഥാന സര്‍ക്കാരിനെതിരേ തിരിച്ചുവിട്ട് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ് അവരിപ്പോള്‍.
ശബരിമലയിലെ സ്ത്രീപ്രവേശനം സര്‍ക്കാര്‍ നിയമമുണ്ടാക്കി അനുവദിച്ചതൊന്നുമല്ല. സുപ്രിം കോടതി വിധിച്ചതാണ്. കോടതി വിധി സ്വീകാര്യമല്ലെന്നു തോന്നിയാല്‍ അതിനെ മറികടക്കാന്‍ നമ്മുടെ രാജ്യത്ത് നിയമാനുസൃത മാര്‍ഗങ്ങളുണ്ട്. വേണമെങ്കില്‍ പുനഃപരിശോധനാ ഹരജി നല്‍കാം. അല്ലെങ്കില്‍ സര്‍ക്കാരിനു നിയമം കൊണ്ടുവരാം. ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഈ മാര്‍ഗങ്ങള്‍ തുറന്നുകിടപ്പുണ്ട്. ബി.ജെ.പി നേതാക്കള്‍ക്കും പുനഃപരിശോധനാ ഹരജിയുമായി കോടതിയെ സമീപിക്കാവുന്നതാണ്. കേരളത്തില്‍ ബി.ജെ.പിയെ നയിക്കുന്നത് പ്രഗത്ഭനായ ഒരു നിയമവിദഗ്ധനാണ്. മറ്റു സംഘ് പരിവാര്‍ സംഘടനകളുടെ തലപ്പത്തുമുണ്ട് നിയമം നന്നായി അറിയാവുന്നവര്‍. അവര്‍ക്കൊന്നും മനസിലാവാത്ത കാര്യമല്ലിത്. എന്നാല്‍ നിയമാനുസൃത മാര്‍ഗങ്ങള്‍ തേടുന്നതിനു പകരം ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തകരെ ശബരിമലയിലേക്കയച്ച് കല്ലേറും സ്ത്രീകളെ കൈയേറ്റം ചെയ്യലും അസഭ്യവര്‍ഷവുമടക്കമുള്ള അക്രമങ്ങള്‍ നടത്തുകയായിരുന്നു അവര്‍.
സാമൂഹ്യാന്തരീക്ഷം നന്നായി കലക്കിമറിച്ച ശേഷം ഒരു രഥയാത്രയ്ക്കു കോപ്പുകൂട്ടുകയാണ് ബി.ജെ.പി. വിവാദ വിഷയങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ അവര്‍ നടത്തിയ രഥയാത്രകളുടെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങള്‍ അധികമാരും മറന്നുകാണില്ല. അധികാരത്തിനായി കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പോലും മടിക്കാത്തവരാണ് സംഘ് പരിവാര്‍ നേതാക്കളെന്നത് പലതവണ തെളിയിക്കപ്പെട്ടതുമാണ്. അത്തരമൊരു കൈവിട്ട കളിക്ക് കേരള നേതൃത്വം ഒരുങ്ങുന്നതിനിടയിലാണ് ദേശീയ പ്രസിഡന്റ് ഇവിടെ വന്ന് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.
ഇതോടെ കാര്യങ്ങള്‍ വ്യക്തമാകുകയാണ്. ഒരു സംസ്ഥാനത്ത് ക്രമസമാധാനം പാടെ തകരുന്ന അവസ്ഥയുണ്ടായാല്‍ വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരിനു പിരിച്ചുവിടാവുന്നതാണ്. ഭരണനേതൃത്വം പറയുന്നത് അനുസരിക്കുന്ന രാഷ്ട്രപതിയാണുള്ളതെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. സംഘ് പരിവാറിന് അനുകൂലമായ അത്തരമൊരു സാഹചര്യം ഇപ്പോള്‍ രാജ്യത്തുണ്ട്. സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് അതിന്റെ പേരുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള മുന്നൊരുക്കമാണ് ബി.ജെ.പി നേതൃത്വം നടത്തുന്നതെന്നു കരുതാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.
എന്നാല്‍ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ അത്ര എളുപ്പത്തില്‍ ഇവിടെ സഫലമാകുമെന്ന് തോന്നുന്നില്ല. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷത്തുള്ള യു.ഡി.എഫില്‍ നിന്നു പോലും ശക്തമായ പ്രതിഷേധമുയര്‍ന്നത് അതിന്റെ വ്യക്തമായ സൂചനയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ ഒരു സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കത്തെ കേരള ജനത ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. ഏറെക്കാലത്തെ പ്രയത്‌നത്തിലൂടെ സംസ്ഥാനത്തു ബി.ജെ.പി സമാഹരിച്ചെടുത്ത പരിമിതമായ ജനപിന്തുണ പോലും ചോര്‍ന്നുപോകുകയായിരിക്കും ഇതിന്റെ അന്തിമഫലം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംഘ് പരിവാറിന്റെ നീക്കത്തെ സര്‍ക്കാര്‍ ഉദാസീനമായി കാണരുത്. സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കു തടയിടുക തന്നെ വേണം. ഇപ്പോള്‍ തന്നെ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. കേരളത്തില്‍ വന്ന് സുപ്രിം കോടതി വിധിക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയാണ് അമിത് ഷാ പോയത്. കോടതിയലക്ഷ്യത്തിനു കേസെടുക്കാവുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണിവ. ബി.ജെ.പി പ്രഖ്യാപിച്ച രഥയാത്രയും സുപ്രിം കോടതി വിധിക്കെതിരേയാണ്. നിയമാനുസൃത മാര്‍ഗത്തിലൂടെ തന്നെ ആ യാത്ര തടയുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. ജനകീയപ്രശ്‌നങ്ങളുടെ പേരില്‍ നിയമം ലംഘിക്കാതെ തന്നെ സമരം ചെയ്ത പലര്‍ക്കുമെതിരേ കേസെടുത്ത നാടാണിത്. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്നവര്‍ ഉന്നത രാഷ്ട്രീയ തലങ്ങളിലുള്ളവരാണെന്ന കാരണത്താല്‍ നിയമനടപടി കൂടാതെ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."