കുറ്റ്യാടിയില്‍ ശുചീകരണം എങ്ങുമെത്തിയില്ല
കുറ്റ്യാടി: മലയോരമേഖലയില്‍ പനിപടരുമ്പോഴും ആരോഗ്യവകുപ്പിന്റെ തികഞ്ഞ നിസ്സംഗത ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇന്നലെ മാത്രം ആയിരത്തോളം രോഗികളാണ് കുറ്റ്യാടി ഗവ. താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ പകുതിയിലേറെപ്പേരും പനി ബാധിച്ച് ചികിത്സ തേടാന്‍ എത്തിയവരാണ്. പനിബാധിതരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുമ്പോഴും ബോധവല്‍ക്കരണത്തിനും ശുചീകരണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയാറാവുന്നില്ലെന്ന ആക്ഷേപവും വ്യാപകമായിട്ടുണ്ട്. പല പഞ്ചായത്തുകളും മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടപ്പാക്കാത്തതാണ് കൊതുക് പെരുകുന്നതിനും പകര്‍ച്ചപ്പനിയും മറ്റ് രോഗങ്ങളും പടരുന്നതിനും ഇടയാക്കിയത്. ബോധവല്‍ക്കരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ഇവയൊന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല.ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം പല പഞ്ചായത്തുകളിലും പേരിനുമാത്രമാണ്. കുറ്റ്യാടി ടൗണിലെ ഇറച്ചി-മത്സ്യ കടകളില്‍ നിന്ന് ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."