ഗൃഹപ്രവേശ സ്വപ്‌നം ബാക്കിയാക്കി അബൂട്ടി
ഉരുവച്ചാല്‍: മകളുടെ ദുരന്തത്തില്‍ നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പിനൊപ്പം വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് അബൂട്ടി യാത്രയായത്. മകളുടെ മരണത്തില്‍ തകര്‍ന്നുപോയ അബൂട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ നാട് തേങ്ങുകയാണ്. മകളെ ഡോക്ടറാക്കാനുള്ള മോഹത്തില്‍ അബൂട്ടിയുടെ ജീവിതം തന്നെ മകള്‍ക്കുവേണ്ടി നീക്കിവച്ച് കളമശ്ശേരിയിലെ മെഡിക്കല്‍കോളജ് അധികൃതര്‍ക്കെതിരെ നിയമയുദ്ധം നടത്തിയിരുന്നു. ഒടുവില്‍ മകളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചു അബൂട്ടി യാത്രയായി. ഇനി ആ നീതിക്കായി ആരു പോരാടുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് അബൂട്ടിയുടെ ബന്ധുക്കള്‍.
2016 ജൂലൈ 16നായിരുന്നു കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരിക്കെ ഷംന തസ്‌നീം സാധാരണ പനിക്ക് കുത്തിവെയ്പ്പിനെ തുടര്‍ന്നു മരണപ്പെട്ടത്. ഡോക്ടറുടെ അനാസ്ഥകാരണം മകള്‍ നഷ്ടപ്പെട്ടത് മുതല്‍ തകര്‍ന്ന മനസുമായി നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളിലുണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി എട്ടോടെയാണ് അബൂട്ടിയുടെ മരണവാര്‍ത്ത നാട്ടിലെത്തിയത്. രണ്ടാഴ്ച മുമ്പായിരുന്നു അവിടേക്കു പോയത്. മസ്‌ക്കറ്റില്‍ ബിസിനസ് ചെയ്യുന്ന അബൂട്ടി മകളുടെ മരണത്തിനുശേഷം ഗള്‍ഫ് ഉപേക്ഷിച്ചിരുന്നു. നാട്ടിലെ പൊതു പ്രവര്‍ത്തകനും ചിപ്പൂസ് ബസ് ഉടയുമായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് മസ്‌ക്കറ്റിലെ ദാറുല്‍ സമ ആശുപത്രിയിലേക്ക് മലയാളികള്‍ ഒഴുകി എത്തിയിരുന്നു. ഞായറാഴ്ച രാത്രി മസ്‌ക്കറ്റിലാണു ശിവപുരം പടുപാറ ആയിഷാസില്‍ കെ.എ അബൂട്ടി കുഴഞ്ഞുവീണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ എട്ടോടെ ശിവപുരത്തെത്തും. വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പടുപാറ ജലാലിയ മദ്‌റസയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഒന്‍പതോടെ പടുപാറ പള്ളിയില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."