പനിച്ചു വിറച്ച് തലസ്ഥാനം
തിരുവനന്തപുരം: ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പനി ബാധിതര്‍ കൂടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മഴക്കാലരോഗ പ്രതിരോധത്തിന് പണം ചെലവഴിക്കുമ്പോഴും തലസ്ഥാനം പനിക്കിടക്കയിലാണ്. മാറി മാറിയുള്ള മഴയും രോഗം പകരാന്‍ കാരണമാകുന്നു. വിവിധ ആശുപത്രികളില്‍ പനി വാര്‍ഡുകളുണ്ടെങ്കിലും സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശപത്രിയില്‍ ചികിത്സ തേടിയെത്തിയത് 17609 പേരാണ്.
ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സ തേടിയെത്തിയവര്‍ 1840 പേരും. ഇവരില്‍ 523 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ചിക്കന്‍ ഗുനിയ ലക്ഷണവുമായി ആശുപത്രികളിലെത്തിയവരില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബീമാപ്പള്ളി, കണ്ണേട്ടുമുക്ക്, നന്തന്‍കോട്, പേരൂര്‍ക്കട, പേട്ട, തിരുമല, കരമന, ആറ്റിങ്ങല്‍, ബാലരാമപുരം, നെടുമങ്ങാട്, നേമം, തിരുവല്ലം, പൂന്തുറ, വിഴിഞ്ഞം, വട്ടിയൂര്‍ക്കാവ്, നെയ്യാറ്റിന്‍കര എന്നിവടങ്ങളിലാണ് ഭൂരിഭാഗവും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് അധികൃതരുടെ വാദം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സമീപത്തുള്ള ലാബുകളിലും രോഗികളുടെ തിരക്ക് വര്‍ധിച്ചു. അതേസമയം, ലാബുകള്‍ പകല്‍ സമയം മാത്രം പ്രവര്‍ത്തിക്കുന്നത് രോഗികളെ ദുരിതത്തിലാക്കുകയാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ലാബുകള്‍ രാത്രികാലങ്ങളില്‍ പൂട്ടിയിടുന്നത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആരോപണവും ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
പനിബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും പ്ലേറ്റ്‌ലറ്റ് നല്‍കാന്‍ ജീവനക്കാരില്ലാതെ നട്ടം തിരിയുന്ന കാഴ്ച്ചയാണ് മെഡിക്കല്‍ കോളജ് ബ്ലഡ്ബാങ്കില്‍. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങി പലവിധ പനിക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും പ്ലേറ്റ്‌ലറ്റ് നല്‍കി ചികിത്സ സുഗമമാക്കാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ല. ആശുപ്രതിയില്‍ എത്തുന്ന കിടപ്പുരോഗികളില്‍ ഏറെയും ഡെങ്കിപ്പനി ബാധിതരാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ് രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലും നിരവധി രോഗികള്‍ ആശുപത്രിയില്‍ എത്താറുണ്ട്.
തിരുവനന്തപുരത്ത് ഇരുപതിലധികം ബ്ലഡ് ബാങ്കുകളുണ്ടെങ്കിലും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കാവശ്യമായ രക്തവും രക്തഘടകങ്ങളും മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നിന്നു മാത്രമേ സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, പുറത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ആര്‍.സി.സി ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും ആവശ്യമെങ്കില്‍ ഇവിടുന്ന് രക്തവും രക്തഘടകങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ. മറ്റ് സേവനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ കഴിയുമെങ്കിലും ബ്ലഡ് ബാങ്ക് സേവനത്തിന് അതിനു സാധിക്കുകയുമില്ല.
ഇത്തരത്തില്‍ ടെക്‌നീഷ്യന്മാരില്ലാതെ ദീര്‍ഘകാലമായി ബുദ്ധിമുട്ടുകയാണ് മെഡിക്കല്‍ കോളജ് ബ്ലഡ്ബാങ്ക് . ബ്ലഡ്ബാങ്ക് ജീവനക്കാര്‍ തന്നെ ഇക്കാര്യം അധികൃതരെ പല തവണ അറിയിച്ചെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. പനിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് അറിയാനാവാത്ത അവസ്ഥയിലാണ് ജിവനക്കാര്‍. നിലവിലുള്ള ജീവനക്കാര്‍ തന്നെ അവധിയെടുക്കാതെ ജോലി ചെയ്തിട്ടും തീര്‍ക്കാന്‍ കഴിയാത്തത്രയും ജോലിഭാരമാണ് ഇപ്പോഴുള്ളത്. 100 പേരില്‍ നിന്നും രക്തം ശേഖരിച്ച സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 250 പേര്‍ എത്തുന്നുണ്ട്. സമയ നിഷ്ടയില്ലാതെ രക്തമെടുക്കുന്നതിന് ട്രയിനികളായ ജീവനക്കാരെയാണുപയോഗിക്കുന്നത്. ശേഖരിക്കുന്ന രക്തം ഘടകങ്ങളാക്കുന്നതിനോ നിര്‍ബന്ധിത പരിശോധന കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനോ ആവശ്യത്തിന് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരോ അനുബന്ധ ജീവനക്കാരോ ഇവിടെയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."