എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും കെ.എസ്.ആര്.ടി.സി ജീവനക്കാരും ഏറ്റുമുട്ടി
തിരുവനന്തപുരം: കോളജിന് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളും കെ.എസ്.ആര്.ടി.സി ജീവനക്കാരും ഏറ്റുമുട്ടി. പാപ്പനംകോട് എന്‍ജിനീയറിങ് കോളജ് വളപ്പിലാണ് വിദ്യാര്‍ഥികളും കെ.എസ്.ആര്.ടി.സി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കല്ലേറിലും കൈയാംകളിയിലും പൊലിസുകാരുള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളും കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്. കെ.എസ്.ആര്.ടി.സിയുടെ 12.5 ഏക്കര്‍ ഭൂമി കോളജിനു പാട്ടത്തിനു നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും 4.9 ഏക്കര്‍ ഭൂമി മാത്രമാണ് ഇതുവരെ വിട്ടുനല്‍കിയിരുന്നത്. കെ.എസ്.ആര്.ടി.സി എം.ഡിയുടെ അനുമതി ഇല്ലാത്തതിനാല്‍ ബാക്കി ഭൂമി വിട്ടുനല്‍കിയിരുന്നില്ല. ഈ ഭൂമിയില്‍ കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി സ്ഥാപിച്ച ഇരുമ്പുഷീറ്റുകള്‍ വിദ്യാര്‍ഥികള്‍ പൊളിക്കുകയും ബസുകളില്‍ കൊടി നാട്ടുകയും ചെയ്തിരുന്നു. ഈ ഷീറ്റുകള്‍ വീണ്ടും സ്ഥാപിക്കാന്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു വഴിവച്ചത്.
ഭൂമി കൈമാറ്റം സംബന്ധിച്ച വിഷയം ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യം അറിയിച്ചതോടെയാണു വിദ്യാര്‍ഥികളും കെ.എസ്.ആര്.ടി.സി ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."