ശമനമില്ലാതെ ദുരിതപ്പെയ്ത്ത്
കാസര്‍കോട്: മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴക്ക് ജില്ലയില്‍ ശമനമില്ല. താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനിടിയിലായി. വൈദ്യുതി ബന്ധം പല സ്ഥലത്തും താറുമാറായി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലാണ്. തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. മലയോരത്തുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. ബെദിരയില്‍ ചില വീടുകളില്‍ വെള്ളം കയറി.
കാസര്‍കോട് കസബ കടപ്പുറത്ത് തീരദേശ റോഡ് വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം താറുമാറായി. മഞ്ചേശ്വരം മുസോടി അതിക്ക കടപ്പുറത്ത് എട്ടു കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇവരെ മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്ന് തഹസില്‍ദാര്‍ തുറമുഖവകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ മഴയ്ക്കു മുന്‍പെ ഓവുചാലുകള്‍ വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് ഓവുചാലുകളില്‍ വെള്ളം കെട്ടിനിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമാവുകയാണ്. പഴയ ബസ് സ്റ്റാന്‍ഡ് അടക്കമുള്ള ഭാഗങ്ങളില്‍ ഇത്തരത്തില്‍ മലിനജലം കെട്ടി നില്‍ക്കുകയാണ്. കാസര്‍കോട്-കാങ്ങങ്ങാട് കെ.എസ്.ടി.പി റോഡില്‍ മണ്ണിടിഞ്ഞു തുടങ്ങിയിട്ടുണ്ട്. പല ഭാഗത്തും അപകട ഭീഷണി നിലനില്‍ക്കുകയാണ്.
ഒടയംചാല്‍: എടത്തോട്ട് മരംവീണു വൈദ്യുതി തൂണുകള്‍ കടപുഴകി. വന്‍മരം വീണ് ആറഴ വൈദ്യുതി തൂണുകളാണു കടപുഴകിയത്. ഇതേ തുടര്‍ന്ന് എടത്തോട് പരപ്പ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ കനത്ത കാറ്റിലും മഴയിലുമാണ് മരം വൈദ്യുതി തൂണില്‍ വീണത്. മരം വീണു തൂണുകള്‍ തകര്‍ന്നതിനു പിന്നാലെ വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തൃക്കരിപ്പൂര്‍: കനത്ത മഴയില്‍ വീട് തകര്‍ന്നു. വലിയപറമ്പ മാവിലാക്കടപ്പുറത്ത് വെളുത്ത പൊയ്യയിലെ കെ. സരോജിനിയുടെ ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് പൂര്‍ണമായും തകര്‍ന്നത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
സംഭവ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല. സരോജിനിയും മകനും മകന്റെ ഭാര്യയും ജോലിക്കു പോയ സമയത്തായിരുന്നു അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."