ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരത്തെ മാനിക്കുന്നു; നിലപാട് മയപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തില്‍ അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ നിലപാടില്‍ അയവുവരുത്തി കേന്ദ്രം. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ മാനിക്കുന്നുവെന്ന് ധനമന്ത്രാലയം. ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവന്നത്.
ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആര്‍.ബി.ഐ ആക്ടില്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അതിനെ അംഗീകരിക്കുകയും ബുഹുമാനിക്കുകയും ചെയ്യുന്നു. പൊതുജന താല്‍പ്പര്യാര്‍ഥമാണ് കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും പ്രവര്‍ത്തിക്കേണ്ടത്. ഇതിനൊപ്പം സമ്പദ്‌വ്യവസ്ഥ കൂടി പരിഗണിക്കണമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഉചിതമല്ല. സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍.ബി.ഐയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."