തോറ്റവര്‍ക്കും 'ചിക്കന്‍ ഡിന്നര്‍'; പബ്ജി തീമില്‍ പണിത കഫേ ശ്രദ്ധേയമാവുന്നു
ഓണ്‍ലൈന്‍ ഗെയിം കളിക്കാര്‍ മാരകമായി അഡിക്ടായ പബ്ജിയുടെ തീമില്‍ കഫേ സെറ്റ് ചെയ്തിരിക്കുകയാണ് ജയ്പൂരില്‍.
മാര്‍ച്ച് മാസത്തില്‍ അവതരിപ്പിച്ച ഗെയിം ഇതിനകം 100 മില്യണ്‍ ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തു കളിക്കുന്നത്. ഓണ്‍ലൈനിലൂടെ സഹകളിക്കാരെ കണ്ടെത്തി മുന്നേറുന്നതാണ് ഗെയിം.
ക്യാംപസുകളിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഏറെ സ്വാധീനമുണ്ടാക്കിയ ഗെയിം, കളിക്കാത്തവര്‍ക്ക് ഒരു ശല്യംകൂടിയാണ്. ഇടയ്ക്കിടെ നിര്‍ദേശങ്ങള്‍ വിളിച്ചുപറയുന്നതിനാലാണിത്.
ഈയിടെ മുംബൈയില്‍ പബ്ജി മൊബൈല്‍ ക്യാംപസ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരുന്നു. 15 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി നല്‍കിയത്.
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്പൂരില്‍ പബ്ജി തീമില്‍ കഫേ പണിതതും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
കേഫയ്ക്ക് പേരിട്ടിരിക്കുന്നതും പബ്ജി എന്നു തന്നെയാണ്. ആഷിഷ് ചൗധരി എന്നയാളാണ് ഓണ്‍ലൈന്‍ ഗെയിമിനെ ഓഫ്‌ലൈന്‍ സെറ്റില്‍ കൊണ്ടുവന്നത്. സുഹൃത്ത് രാഹുലുമൊത്ത് റസ്റ്റോറന്റ് മേഖലയിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ വന്ന ഐഡിയയാണിത്. പബ്ജി കളിക്കാരായ ഇവര്‍ക്ക് ഇതു പ്രാവര്‍ത്തികമാക്കാന്‍ അധികം സമയംവേണ്ടിവന്നില്ല.
എന്തായാലും സംഭവം ക്ലിക്കായതായി ഇരുവരും പറയുന്നു. രാപ്പകല്‍ കുറേ കാലം പബ്ജി കളിച്ചുനടന്നുവെന്നും ആദ്യ കൈവയ്ക്കലില്‍ തന്നെ ബിസിനസ് ക്യാച്ച് ചെയ്യാനായെന്നും ഇവര്‍ തെളിയിക്കുന്നു.
എന്നാല്‍ ഗെയിമുകള്‍ക്ക് ഒരു കാലമുണ്ടെന്നും പെട്ടെന്നു തന്നെ ഔട്ട്‌ഡേറ്റഡ് ആവുമെന്നും ഇവര്‍ കണക്കുകൂട്ടുന്നുണ്ട്. പോക്കിമോന്‍ ഗോ എന്ന വിശ്വവൈറലായ ഗെയിമിന്റെ പൊടിപോലും ഇപ്പോഴില്ലല്ലോ.
ചിക്കന്‍ ഡിന്നറാണ് ഇവിടുത്തെ പ്രധാന വിഭവം. പബ്ജി ഗെയിമില്‍ വിജയിച്ചാല്‍ സ്‌ക്രീനില്‍ തെളിയുന്ന 'വിന്നര്‍ വിന്നര്‍ ചിക്കന്‍ ഡിന്നര്‍' എന്ന വാചകം തന്നെയാണ് ഈ മെനുവിനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."