പരീക്ഷ എഴുതാതിരിക്കാന്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ നുണക്കഥ; പതിനാലുകാരന്റെ വാക്കുവിശ്വസിച്ച് നിരപരാധികളായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍
മലപ്പുറം: പരീക്ഷാപ്പേടിയില്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നുണക്കഥ പ്രചരിപ്പിച്ച പതിനാലുകാരന്റെ അതിസാമര്‍ത്ഥ്യത്തില്‍ ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നത് നിരപരാധികളായ രണ്ട് കാര്‍യാത്രികര്‍ക്ക്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്തുള്ള, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് കുട്ടിയുടെ വാക്കുംകേട്ട് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
മലപ്പുറം ഓമാനൂരിലാണ് സംഭവം നടന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് പരീക്ഷ എഴുതാതിരിക്കാനായി വിദ്യാര്‍ഥി കാണിച്ച അതിബുദ്ധിയാണ് സംഭവങ്ങള്‍ക്കിടയാക്കിയത്. ഓമാനൂരില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ കാറിലെത്തിയ സംഘം തന്റെ കൈകള്‍ കയറുകൊണ്ട് ബന്ധിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കുതറിയോടുകയായിരുന്നുവെന്നും കുട്ടി നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ.സി.ടി.വി പരിശോധിച്ച നാട്ടുകാര്‍ക്ക് ദൃശ്യത്തിലുണ്ടായിരുന്ന ഒരു കാര്‍ കുട്ടി കാണിച്ചുകൊടുക്കകയും ചെയ്തു.
തുടര്‍ന്ന് പൊലിസ് ഈ വാഹനത്തിലുള്ളവരെ ബന്ധപ്പെടുകയും വാഴക്കാട് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറയുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന റഹ്മത്തുള്ള, സഫറുള്ള എന്നിവരെ സ്റ്റേഷനിലേക്ക് വരുന്ന വഴി നാട്ടുകാര്‍ തടയുകയായിരുന്നു. ഇവര്‍ തന്നെയാണ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കുട്ടി ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ ഇവരെ ക്രൂരമായ മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
പൊലിസ് സ്ഥലത്തെത്തി കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ഥ വസ്തുത ബോധ്യമായത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് താന്‍ ഇത്തരത്തിലുള്ള ഒരു കഥ മെനഞ്ഞതെന്ന് പതിനാലുകാരന്‍ സമ്മതിക്കുകയായിരുന്നു. പരുക്കേറ്റ യുവാക്കള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ മൂന്ന് പേരെ വാഴക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. ഓമനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, വാഹനം നശിപ്പിക്കല്‍ എന്നിവ ചുമത്തി 46 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."