ജില്ലയില്‍ ബൈക്കപകടങ്ങള്‍ വര്‍ധിക്കുന്നു
ടി.പി. ഷാജി
മണ്ണഞ്ചേരി: ജില്ലയില്‍ ബൈക്കപകടങ്ങള്‍ ഞെട്ടിക്കുന്ന തരത്തില്‍ വര്‍ദ്ധിക്കുന്നു. യുവാക്കളാണ് അപകടത്തില്‍പ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. അരൂരിനും കായംകുളത്തിനും ഇടയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം നൂറിലേറെ അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള അപകടങ്ങളില്‍പ്പെട്ട 14 യുവാക്കളാണ് ഈ കാലയളവില്‍ ആലപ്പുഴ ജില്ലയില്‍ തല്‍ക്ഷണം മരിച്ചത്. മുഹമ്മ പഞ്ചായത്തില്‍ മാങ്കുഴില്‍ സാജന്‍ - അജിത ദമ്പതികളുടെ മകന്‍ ജോജി (21) ആണ് ബൈക്കപകടത്തില്‍പ്പെട്ട് ജില്ലയില്‍ അവസാനം മരിച്ചത്. ഈ അപകടത്തില്‍ മറ്റു രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മുഹമ്മ പഞ്ചായത്ത് പാപ്പാളിയില്‍ സാലിയുടെ മകന്‍ ഹരിലാല്‍ (23), കുടിലില്‍ തിലകന്റെ മകന്‍ അഖില്‍ (21) എന്നിവരാണ് സാരമായി പരുക്കേറ്റ് ചികിത്സയിലുള്ളത്.
പുത്തനമ്പലം ലൂഥര്‍ റോഡിലൂടെ സഞ്ചരിച്ചിരുന്ന ഇവരുടെ ബൈക്ക് പ്രോഗ്രസീവ് വോളിബോള്‍ കോര്‍ട്ടിന് സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. കളിക്കളത്തിലെ ഇരുമ്പ് തൂണില്‍ തലയിടിച്ചായിരുന്നു ജോജിയുടെ മരണം.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ആലപ്പുഴ നഗരത്തിലും ഇത്തരത്തിലുള്ള അപകടം നടന്നു. ആലപ്പുഴ നഗരസഭ വാടയ്ക്കല്‍ വാര്‍ഡില്‍ ഗുരുമന്ദിരം ജങ്ഷനിലായിരുന്നു നാടിനെ ഞെട്ടിച്ച അപകടം നടന്നത്. വാടയ്ക്കല്‍ കൊച്ചുതൈയ്യില്‍ ഷാജിയുടെ മകന്‍ ശ്രീജിത്ത് (20), തൈവേലിച്ചിറയില്‍ പ്രസാദിന്റെ മകന്‍ വിനയ് (19) എന്നിവര്‍ക്കാണ് ഈ അപകടത്തില്‍ പരുക്കേറ്റത്. ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീജിത്തിന്റെ നില വഷളായതിനാല്‍ ഇയാളെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ആര്യാട് പഞ്ചായത്ത് കളിക്കളത്തിന് സമീപത്ത് ഇരുചക്രവാഹനം നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ ആര്യാട് പഞ്ചായത്തിലെ 15 -ാം വാര്‍ഡില്‍ എ.എസ്. കനാല്‍ തീരത്ത് താമസിക്കുന്ന സുനിലി (32)ന് പരുക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇയാളുടെ ജീവന്‍ നിലനില്‍ക്കുന്നത്. രാത്രി 10 മണിയോടെയായിരുന്നു ഈ അപകടം. അപകടശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കല്‍, വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈല്‍ ഫോണുകളുടെ ഉപയോഗം, അമിത വേഗത എന്നിവയാണ് നിലവില്‍ ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന്റെ പ്രധാന കാരണം എന്നാണ് പൊലിസ് ഭാഷ്യം. ജില്ലയില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അരൂര്‍ (18), തുറവൂര്‍ (14), ചേര്‍ത്തല -(11), മാരാരിക്കുളം (18), ആലപ്പുഴ (24), ഹരിപ്പാട് (21), കായംക്കുളം (19), മാവേലിക്കര (7), ചെങ്ങന്നൂര്‍ (5), കുട്ടനാട് (3) എന്നി ക്രമത്തിലാണ് ജില്ലയിലുണ്ടായ ഇരുചക്രവാഹനങ്ങളുടെ അപകടങ്ങളുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."