നടപ്പാത നിര്‍മാണം അനിശ്ചിതമായി നീളുന്നു; വഴിയാത്രക്കാര്‍ ദുരിതത്തില്‍
എളേറ്റില്‍: എളേറ്റില്‍ വട്ടോളി അങ്ങാടി നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച നടപ്പാത-ഓവുചാല്‍ നിര്‍മാണം അനിശ്ചിതമായി നീളുന്നത് പൊതുജനത്തിന് പ്രയാസം സൃഷ്ടിക്കുന്നു.
2015-16 സാമ്പത്തിക വര്‍ഷം വി.എം ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ ആയ കാലയളവില്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച നാല്‍പ്പത്തഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണം ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. വാഹന പെരുപ്പം കൊണ്ട് ഗതാഗതക്കുരുക്ക അനുഭവിക്കുന്ന അങ്ങാടിക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നതാണ് നിര്‍മ്മാണത്തിലെ കാലതാമസം.
അങ്ങാടിയുടെ മധ്യഭാഗത്തുള്ള ഓട്ടോ ടാക്‌സികളും റോഡിന്റെ ഇരു വശങ്ങളിലായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ഗതാഗത തടസ്സം രൂക്ഷമാക്കുന്നു. നവീകരണത്തിന്റെ ഭാഗമായി ഇളക്കിമാറ്റിയ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇതേവരെ മാറ്റിയിട്ടില്ല.
നടപ്പാതയോട് ചേര്‍ന്ന് കടകളിലെ വില്‍പ്പന സാമഗ്രികള്‍ നിരത്തിവെക്കുന്നത് കാരണം വഴിയാത്രക്കാരും പ്രയാസപ്പെടുന്നു. നാലോളം റോഡുകള്‍ സന്ധിക്കുന്ന അങ്ങാടിയില്‍ രാവിലെയും വൈകീട്ടും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ വാഹനങ്ങളും ഒന്നിച്ചെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഗതാഗത നിയന്ത്രണത്തിന് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. വൈകുന്നേര സമയങ്ങളില്‍ വാഹനങ്ങളില്‍ വച്ചുള്ള വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."