കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള കുടിവെള്ള വിതരണ പ്രതിസന്ധി നീങ്ങുന്നു
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കുന്നതിലെ പ്രതിസന്ധികള്‍ നീങ്ങുന്നു. ചീക്കോട് കുടിവെള്ള പദ്ധതിയില്‍നിന്ന് വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആറുകോടി രൂപയാണ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിരുന്നത്. ഇതിനായി കൊല്‍ക്കത്തയില്‍നിന്ന് പൈപ്പുകളും എത്തിച്ച് പ്രവൃത്തികള്‍ തുടങ്ങാനിരിക്കെയാണ് കൊണ്ടോട്ടി നഗരസഭയും പുളിക്കല്‍പഞ്ചായത്തും പ്രദേശ വാസികളും സമരവുമായി രംഗത്തെത്തിയത്. തദ്ദേശീയര്‍ക്ക് കുടിവെള്ളമെത്തിച്ചതിന് ശേഷം വിമാനത്താവളത്തിലേക്ക് വെള്ളം നല്‍കിയാല്‍ മതി എന്നായിരുന്നു ആവശ്യം. പുളിക്കല്‍ കോമ്പറമ്പിലെ ടാങ്കില്‍നിന്ന് വെള്ളം വിമാനത്താവളത്തിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ ചാലുവെട്ടുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ കഴിഞ്ഞ വേനലില്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
കൊണ്ടോട്ടി നഗരസഭയിലേക്ക് കുടിവെള്ള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 78.5 കോടി രൂപയുടെ അംഗീകാരം നല്‍കിയതോടെ സമീപ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിയാകുമന്നാണ് പ്രതീക്ഷ. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയിലേക്ക് വെള്ളമെത്തിക്കാന്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 2050 ലെ ജനസംഖ്യ കണക്കാക്കി ആളോഹരി 150 ലിറ്റര്‍ വെള്ളമെന്ന് കണക്കാക്കി 13.6 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് നഗരസഭയിലേക്ക് നല്‍കുക.
വേനല്‍ എത്തും മുന്‍പേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജീവനക്കാര്‍ക്ക് ആവശ്യമായതും നിര്‍മാണ പ്രവൃത്തികള്‍ക്കും ജലക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവളത്തിന് വിളിപ്പാടകലെ കിണറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനലില്‍ ഇവ വറ്റുന്നതോടെ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കേണ്ട ഗതികേടായിരുന്നു. ഇതേതുടര്‍ന്നാണ് ചീക്കോട് കുടിവെള്ളപദ്ധതിയെ എയര്‍പോര്‍ട്ട് അതോറിറ്റി ആശ്രയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."