വെസ്റ്റിന്‍ഡീസ് പര്യടനം: റിഷഭ് പന്ത്, കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമില്‍
മുംബൈ: ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, ഉത്തര്‍പ്രദേശ് ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവ് എന്നിവരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.
ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള ഓപണര്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്‌റ എന്നിവര്‍ക്ക് വശ്രമം അനുവദിച്ചു. 15 അംഗ ടീമില്‍ ചാംപ്യന്‍സ് ട്രോഫിയലെ ബാക്കി 13 പേരെയും നിലനിര്‍ത്തിയിട്ടുണ്ട്. അനില്‍ കുംബ്ലെ തന്നെ പരിശീലകനായി പര്യടനത്തിനുള്ള ടീമിനൊപ്പം തുടരുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ഐ.പി.എല്ലിലും രഞ്ജിയിലും അണ്ടര്‍ 19 ലോകപ്പിലും നടത്തിയ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് റിഷഭ് സീനിയര്‍ ടീമില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടിനെതിരേ ഒരു ടി20 മത്സരത്തില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള റിഷഭ് നടാടെയാണ് ഏകദിന ടീമില്‍ അംഗമാകാനൊരുങ്ങുന്നത്. നേരത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടുള്ള കുല്‍ദീപും സമീപ കാലത്തെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ടീമില്‍ സ്ഥാനം കണ്ടത്.
കുല്‍ദീപും ആദ്യമായാണ് പരിമിത ഓവര്‍ ടീമില്‍ ഇടം പിടിക്കുന്നത്. യുസ്‌വേന്ദ്ര ചഹല്‍, വെറ്ററന്‍ താരം അമിത് മിശ്ര എന്നിവരെ പിന്തള്ളിയാണ് കുല്‍ദീപിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെ ഓപണറുടെ റോള്‍ ഏറ്റെടുക്കും.
അഞ്ച് ഏകദിനങ്ങളും ഒരു ടി20 മത്സരവുമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരേ കളിക്കുന്നത്. ഈ മാസം 23ന് ആദ്യ ഏകദിനവും 25ന് രണ്ടാം ഏകദിനവും അരങ്ങേറും. ജൂലൈ ആറിനാണ് പരമ്പരയിലെ അവസാന മത്സരം. ഏക ടി20 പോരാട്ടം ജലൈ ഒന്‍പതിന് നടക്കും.
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിഷഭ് പന്തി, അജിന്‍ക്യ രഹാനെ, മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ്, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ജഡേജ, മുഹമദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."