പൊതുമാപ്പ് ആനുകൂല്യം ലഭിച്ചത് നാലുലക്ഷത്തിലധികം പേര്‍ക്ക്
ജിദ്ദ: സഊദിയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മലയാളികളടക്കം 4,04,253 നിയമലംഘകര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിച്ചതായി പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ അറിയിച്ചു.
പിഴയും ശിക്ഷയുമില്ലാതെ ഒരുലക്ഷം വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങി. ഫൈനല്‍ എക്‌സിറ്റ് നേടിയ മൂന്നു ലക്ഷത്തിലധികം തൊഴിലാളികള്‍ സഊദിയില്‍ കഴിയുന്നുണ്ട്. ഇവര്‍ എത്രയുംവേഗം രാജ്യം വിടണമെന്നും അദ്ദേഹം പറഞ്ഞു.
മക്കയ്ക്കടുത്തുള്ള ഷുമൈസിയിലെ ജവാസാത്ത് തടവുകേന്ദ്രം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഷുമൈസി ചെക്ക്‌പോസ്റ്റില്‍ ഉംറ തീര്‍ത്ഥാടകര്‍ക്കായുള്ള പ്രവര്‍ത്തനം അദ്ദേഹം പരിശോധിച്ചു. തടവ്, പിഴകള്‍, ഫീസുകള്‍, വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നീ ശിക്ഷകളില്‍നിന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ചാലുടന്‍ നിയമലംഘകര്‍ക്കായി രാജ്യമെങ്ങും റെയ്ഡുകള്‍ ആരംഭിക്കും.
പിടിയിലാകുന്നവരുടെ ഇഖാമ പദവി ശരിയാക്കുന്നതിന് ഫീസും പിഴയും അടയ്ക്കണം. ഇവരെ നാടുകടത്തുമെന്നും പുതിയ വിസയില്‍ മടങ്ങിവരാന്‍ അനുവദിക്കില്ലെന്നും പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മുന്നറിയിപ്പ് നല്‍കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഒരുവിധ സഹായവും ചെയ്തുകൊടുക്കരുത്. ഇത്തരക്കാര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുന്‍പായി രാജ്യം വിടണം. അല്ലാത്തപക്ഷം വീണ്ടും നിയമ ലംഘകരായി കണക്കാക്കി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമാപ്പില്‍ അവശേഷിക്കുന്ന ദിവസങ്ങള്‍ നിയമലംഘകര്‍ പ്രയോജനപ്പെടുത്തണം. ചെയ്യുന്ന ജോലി ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. നിലവിലെ പ്രത്യേക പരിശോധനയില്‍ പൊലിസ്, അര്‍ധ സേന വിഭാഗം, ട്രാഫിക് പൊലിസ്, തൊഴില്‍ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവര്‍ പങ്കടുക്കും. റമദാനിനു ശേഷം അനധികൃത തൊഴിലാളികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സുരക്ഷാ ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്.
അതിനിടെ, ഔട്ട്പാസിന് അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 29,219 ആയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ മലയാളികളുടെ എണ്ണം രണ്ടായിരത്തിന് താഴെയാണ്.
ഇവരില്‍ 28,807 പേര്‍ക്ക് ഔട്ട്പാസ് വിതരണം ചെയ്തതായി ഇന്ത്യന്‍ എംബസി കമ്യൂനിറ്റി വെല്‍ഫെയര്‍ കോണ്‍സുലാര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."