HOME
DETAILS

റാഫേല്‍: ഇന്ത്യക്ക് നഷ്ടം, അംബാനിക്ക് ലാഭം

  
backup
November 04 2018 | 19:11 PM

p-ismail-wayanad-todays-article-5-11-2018

പി. ഇസ്മായില്‍ വയനാട്#

 


റാഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ്വാ ഓളന്ദിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കുശേഷം സുപ്രിംകോടതിയുടെ ഉത്തരവും കേന്ദ്രസര്‍ക്കാരിന് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്.
റാഫേല്‍ വിമാനങ്ങളുടെ വിലനിര്‍ണയം, ഗുണമേന്മ, റിലയന്‍സിന്റെ സാന്നിധ്യം തുടങ്ങിയ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ 10 ദിവസത്തിനകം മുദ്രവച്ച പേപ്പറില്‍ സുപ്രിംകോടതിക്ക് കൈമാറണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ ഉദയ് ഉമേഷ് ലളിത്, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിമാനത്തിന്റെ വില സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ പോലും അറിയിക്കാന്‍ പറ്റാത്തവിധം രഹസ്യ സ്വഭാവമുള്ളതാണെന്ന സര്‍ക്കാര്‍ വാദം പൂര്‍ണമായി കോടതി തള്ളിക്കളയുകയായിരുന്നു.
വിവരങ്ങള്‍ നല്‍കാന്‍ പറ്റില്ലെങ്കില്‍ കാരണങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്ന കോടതിയുടെ ഉഗ്രശാസനയും സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നതാണ്. വാജ്‌പേയ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അരുണ്‍ഷൂരി, യശ്വന്ത് സിന്‍ഹ, അഭിഭാഷകരായ മനോഹര്‍ലാല്‍ ശര്‍മ, വിനീത് ദണ്ഡ, പ്രശാന്ത് ഭൂഷന്‍ എന്നിവരുടെ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.
മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധവിമാനങ്ങള്‍ക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ വ്യോമസേന അത്യാധുനിക യുദ്ധവിമാനങ്ങളുടെ ആവശ്യം ഉന്നയിച്ചത്. നീണ്ട 18 വര്‍ഷത്തെ മുറവിളിക്കുശേഷമാണ് ഇന്ത്യന്‍ ഭരണകൂടം വ്യോമസേനയുടെ ആവശ്യം പരിഗണിക്കാന്‍ തയാറായത്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് വിദേശത്തുനിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 31 സ്‌ക്വാഡ്രണ്‍ വിമാനങ്ങളാണ് (ഒരു സ്‌ക്വാഡ്രണ്‍- 18 വിമാനങ്ങള്‍) ആ സമയം ഇന്ത്യന്‍ വ്യോമസേന സ്വന്തമായിട്ടുണ്ടായിരുന്നത്.
ഇത് ഏറ്റവും ചുരുങ്ങിയത് 45 സ്‌ക്വാഡ്രണ്‍ ആക്കണമെന്നായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യം. ഇതിന്റെ ഭാഗമായാണ് ഏഴ് സ്‌ക്വാഡ്രണ്‍ വിമാനങ്ങള്‍ (126 വിമാനങ്ങള്‍) വാങ്ങാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏഴുവര്‍ഷത്തെ പഠനങ്ങള്‍ക്കുശേഷമാണ് യു.പി.എ സര്‍ക്കാര്‍ ആഗോളാടിസ്ഥാനത്തില്‍ യുദ്ധവിമാന കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ക്ഷണിച്ചത്. അമേരിക്കയിലെ ലോക്ക് ഹീഡ് മാര്‍ട്ടിന്‍, ബോയിങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ്ഗ്രീപെന്‍, യൂറോ ഫൈറ്റര്‍ ടൈഫൂണ്‍, ഫ്രാന്‍സിലെ ദാസ്സോ ഏവിയേഷന്‍ റാഫേല്‍ തുടങ്ങിയ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.
ഇന്ത്യ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അന്തിമപട്ടികയില്‍ ഇടംപിടിച്ചത് ദാസ്സോഏവിയേഷന്‍ റാഫേല്‍, യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ എന്നീ കമ്പനികളായിരുന്നു. 2012ല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സിലെ ദാസ്സോ കമ്പനിയുമായി യു.പി.എ സര്‍ക്കാര്‍ ധാരണയായി. 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ചുനല്‍കും, 108 വിമാനങ്ങള്‍ ബംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡുമായി (എച്ച്.എ.എല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചുനല്‍കും, വിമാന നിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറും തുടങ്ങിയ വ്യവസ്ഥകളോടെയായിരുന്നു കരാറില്‍ ഏര്‍പ്പെട്ടത്. 54,000 കോടി രൂപക്കായിരുന്നു യു.പി.എ സര്‍ക്കാര്‍ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്രമവിരുദ്ധമായി കരാറില്‍ പൊളിച്ചെഴുത്ത് നടത്തുകയായിരുന്നു. പുതിയ കരാര്‍പ്രകാരം വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി ചുരുങ്ങുകയും കരാര്‍ തുക 54,000 കോടിയുടെ സ്ഥാനത്തുനിന്ന് 59,000 കോടിയായി ഉയരുകയും ചെയ്യുന്ന വിരോധാഭാസമാണ് കാണാന്‍ കഴിഞ്ഞത്.
പ്രതിരോധ മന്ത്രി, മൂന്ന് സേനകളുടെയും തലവന്‍മാര്‍, ഡി.ആര്‍.ഡി.ഒ ഡയരക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡി.എ.സി അറിയാതെയാണ് കരാറില്‍ വിമാനങ്ങളുടെ എണ്ണം കുറക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ പടിക്കുപുറത്ത് നിര്‍ത്തുകയും പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് 30,000 കോടി രൂപയുടെ നിര്‍മാണാനുമതിക്ക് ബി.ജെ.പി ഭരണകൂടം പച്ചക്കൊടി കാട്ടുകയും ചെയ്യുകയുണ്ടായി. ഇന്ത്യക്ക് ഭീമമായ സാമ്പത്തിക നഷ്ടവും മോദിയുടെയും ബി.ജെ.പിയുടെയും ഇഷ്ടക്കാരനായ അംബാനിക്ക് കൈനിറയെ ലാഭവും കിട്ടുന്നതരത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ ഒപ്പുചാര്‍ത്തിയിട്ടുള്ളത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒരു റാഫേല്‍ വിമാനത്തിന്റെ വില 526 കോടി രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കരാര്‍പ്രകാരം വിമാനത്തിന്റെ വില 1,526 കോടി രൂപക്ക് മുകളിലാണ്.
വില മൂന്നിരട്ടിയായി വര്‍ധിക്കുമ്പോള്‍ വിമാനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയുകയും ചെയ്യുകയാണ്. റാഫേല്‍ കരാറില്‍ നിഗൂഢതകളും ദുരൂഹതകളും അഴിമതിയുടെ ദുര്‍ഗന്ധവും അടങ്ങിയിട്ടുണ്ടെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം ശരിവയ്ക്കുംവിധമുള്ള തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വിമാനത്തിന്റെ വില നിശ്ചയിക്കാനും കരാറിന് മന്ത്രിസഭയുടെ അനുമതി ലഭിക്കാനുമുള്ള കുറിപ്പ് തയാറാക്കുകയും ചെയ്യേണ്ട കോണ്‍ട്രാക്ട് നെഗോഷിയേഷന്‍ അംഗവും വ്യോമസേനയില്‍ ജോയിന്റ് സെക്രട്ടറി ആന്‍ഡ് അക്വിഡിഷന്‍ മാനേജരുമായ രാജീവ് വര്‍മ പുതിയ കരാറിനെതിരായിരുന്നു. ഇദ്ദേഹത്തിന്റെ ശക്തമായ എതിര്‍പ്പുകാരണമാണ് പ്രഖ്യാപനം കഴിഞ്ഞിട്ടും കരാറില്‍ ഒപ്പുവയ്ക്കാന്‍ ഒരുവര്‍ഷം കാലതാമസം നേരിട്ടത്.
മോദി സര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാന്‍ രാജീവ് വര്‍മയെ ഒരു മാസം നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെടല്‍ നടത്തി പ്രസ്തുത തസ്തികയിലേക്ക് നിയോഗിച്ച സ്മിത നാഗരാജാണ് റാഫേല്‍ കരാറിന് ബി.ജെ.പി.ക്കും അംബാനിക്കുമെല്ലാം ലാഭം കിട്ടുംവിധമുള്ള റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. രാജീവ് വര്‍മ തയാറാക്കിയ റിപ്പോര്‍ട്ട് ഓഡിറ്റ് വിഭാഗത്തിന്റെ കൈവശം ലഭിച്ചിട്ടുണ്ട്. സി.ബി.ഐയുടെ തലപ്പത്ത് തിരക്കിട്ട് പാതിരാത്രിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇളക്കിപ്രതിഷ്ഠയും ചേര്‍ത്തുവായിക്കേണ്ടതാണ്.75 വര്‍ഷത്തെ അനുഭവസമ്പത്തുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ തഴഞ്ഞതിലും കരാര്‍ ഉറപ്പിക്കുന്നതിന് 13 ദിവസങ്ങള്‍ക്ക് മുന്‍പ് പിറവികൊണ്ട അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കരാറില്‍ പങ്കാളിത്തം നല്‍കിയതിലും ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എച്ച്.എ.എല്ലുമായി സംയുക്ത നിര്‍മാണം സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിച്ചിട്ടില്ലെന്നും പശ്ചാത്തല സൗകര്യങ്ങളുടെ കുറവാണ് അവരുമായി കരാറില്‍ ഏര്‍പ്പെടാന്‍ ദസ്സാള്‍ട്ട് കമ്പനി വിമുഖത കാട്ടുന്നതെന്നുമായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രതികരണങ്ങള്‍.
ദസ്സാള്‍ട്ടും എച്ച്.എ.എല്ലും വര്‍ക്ക് ഷെയര്‍ എഗ്രിമെന്റില്‍ ഒപ്പുവയ്ക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതായി എച്ച്.എ.എല്‍ മുന്‍ ചെയര്‍മാന്‍ പി. സുവര്‍ണരാജുവിന്റെ വിശദീകരണവും ദസ്സാള്‍ട്ട് സി.ഇ.ഒ എറിക്‌റിപ്പയര്‍ എച്ച്.എ.എല്ലുമായുള്ള ഇടപാടിന്റെ 96 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന പ്രഖ്യാപനവും സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനേറ്റ തിരിച്ചടിയാണ്. റാഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിച്ചത് തങ്ങളല്ലെന്നും ഇന്ത്യ തന്നെയാണെന്നുമുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ്വാ ഓളന്ദ് ഫ്രഞ്ച് വെബ്‌സൈറ്റിനോടും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടും നടത്തിയ തുറന്നുപറച്ചിലുകള്‍ മോദി സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതാണ്. എച്ച്.എ.എല്ലില്‍ പശ്ചാത്തല സൗകര്യമില്ലെന്ന പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വാദം ശുദ്ധ അസംബന്ധമാണ്.
വ്യോമസേനയുടെ പ്രധാന അവലംബമായ 25 ടണ്‍ ഭാരമുള്ള സുഖോയ് 30 വിമാനം നിര്‍മിച്ചിട്ടുള്ള എച്ച്.എ.എല്ലിനേക്കാളും മന്ത്രിക്ക് താല്‍പ്പര്യം കളിത്തോക്കുപോലും ഇന്നോളം നിര്‍മിച്ചിട്ടില്ലാത്ത അംബാനിയുടെ കമ്പനിയോടാണെന്ന് പറയാതെ പറയുകയാണ് ചെയ്തിട്ടുള്ളത്. അംബാനിയെ കരാറില്‍ പങ്കാളിയാക്കുന്നതിനായി ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ നിയമങ്ങള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തകിടംമറിക്കുകയായിരുന്നു.
30,000 കോടിയുടെ കരാര്‍ സ്വന്തമാക്കിയ അംബാനിയില്‍നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് നികുതിയിനത്തില്‍ വരുമാനമായി കിട്ടാനിടയില്ല. വിവിധ തരത്തിലുള്ള ഇളവുകള്‍ അനുവദിച്ച പ്രത്യേക സാമ്പത്തിക മേഖലയുടെ പരിധിയില്‍ വരുന്ന സ്ഥലത്താണ് അംബാനിയുടെ ആയുധ നിര്‍മാണ കമ്പനിക്ക് ശിലാസ്ഥാപനം നടത്തിയിട്ടുള്ളത്.
റാഫേല്‍ കരാറിന് രഹസ്യസ്വഭാവമാണുള്ളതെന്നും അതിനാല്‍ ഇതിലെ വ്യവസ്ഥകള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു പാര്‍ലമെന്റില്‍ പോലും സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. സുപ്രിംകോടതിയിലും ഈ വാദം തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
ഇന്ത്യ ടുഡേയുടെ എഡിറ്റോറിയല്‍ ഡയരക്ടര്‍ രാജ് ചെങ്കപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ അഭിമുഖം റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന്റെ പൊയ്മുഖം തുറന്നുകാട്ടുകയാണ്. കരാറിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ യാതൊരു തരത്തിലുമുള്ള തടസങ്ങളുമില്ലെന്നായിരുന്നു കരാറിനെക്കുറിച്ചും ഇന്ത്യയിലെ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള മക്രോണിന്റെ പ്രതികരണം.
ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും കുറഞ്ഞവിലയിലാണ് ഫ്രാന്‍സ് റാഫേല്‍ വിമാനങ്ങള്‍ നല്‍കുന്നത്. ഒരേ രാഷ്ട്രത്തില്‍നിന്ന് ഇന്ത്യയും മറ്റ് രാഷ്ട്രങ്ങളും ഒരേ മാതൃകയിലുള്ള വിമാനങ്ങള്‍ വാങ്ങുമ്പോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതിന്റെ കാരണം അഴിമതി മാത്രമാണ്.
സ്വകാര്യ നിക്ഷേപകരുടെ തോളില്‍ക്കയറി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെവി കടിക്കുകയും രാഷ്ട്രത്തിന്റെ നികുതിപ്പണം കുത്തക മുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത ഭരണകൂടത്തിനെതിരായി പ്രതിഷേധം ഉയരേണ്ടതുണ്ട്. ഊണിലും ഉറക്കിലും രാജ്യസ്‌നേഹ മന്ത്രം ഉരുവിടുകയും അതിന്റെപേരില്‍ പലരെയും കൊല്ലുകയും ചിലരെ കല്‍ത്തുറുങ്കിലടക്കുകയും ചെയ്യുന്നവരുടെ രാജ്യസ്‌നേഹം കാപട്യമാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ പ്രതിപക്ഷത്തിനാകണം.
റാഫേല്‍ കരാര്‍ മോദി സര്‍ക്കാരിനുള്ള അന്ത്യകൂദാശയായി മാറുംവിധത്തില്‍ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കും പ്രതിപക്ഷം കൈകോര്‍ക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago