മുംബൈ സ്‌ഫോടനം: അന്വേഷണം നടന്നത് തെളിവില്ലാതെ- വെളിപ്പെടുത്തലുമായി ജസ്റ്റിസ് ശ്രീകൃഷ്ണ
മുംബൈ: രാജ്യത്തെ നടുക്കിയ സ്‌ഫോടന പരമ്പരയുടെ അവസാന വിധിക്കായി ജനം കാതോര്‍ത്തിരിക്കെ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സുപ്രിം കോടതി മുന്‍ ജഡ്ജ് ബി.എന്‍ ശ്രീകൃഷ്ണ. തെളിവുകള്‍ ഇല്ലാതെയാണ് സ്‌ഫോടനക്കേസില്‍ അന്വേഷണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂസ്18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നരസിംഹ റാവു സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായിരുന്നു ശ്രീകൃഷ്ണ.
കേസിന്റെ അന്വേഷണ രീതിയെ വരെ താന്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. കമ്മീഷന്റെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കിയില്ല. ഇത് താന്‍ പലതവണ വ്യക്തമാക്കിയതാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശരിയായ രീതിയില്‍ അന്വേഷിക്കേണ്ട നിരവധി കേസുകള്‍ ഉണ്ടായിരുന്നു. തെളിവുകളില്ലാതെയും സത്യം കണ്ടെത്താതെയുമാണ് മിക്ക കേസുകളും അന്വേഷിച്ചത്. ഇതാണോ കേസ് അന്വേഷിക്കുന്ന രീതിയെന്ന് താന്‍ ചോദിച്ചതാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഒന്നും കണ്ടെത്തുക സാധ്യമല്ലെന്നാണ് തനിക്ക് ലഭിച്ച മറുപടി. ജസ്റ്റിസ് ശ്രീകൃഷ്ണ പറയുന്നു.
257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ രണ്ടാം ഘട്ട വിചാരണ ഇന്ന് ആരംഭിക്കുകയാണ്. പ്രത്യേക ടാഡ കോടതിയിലാണ് വിചാരണ. രണ്ടാം ഘട്ടത്തില്‍ അബു സലീമിന് പുറമെ മുസ്തഫ ഡോസ, കരീമുല്ല ഖാന്‍, ഫിറോസ് അബ്ദുല്‍ റാഷിദ് ഖാന്‍, റിയാസ് സിദ്ദീഖി, താഹിര്‍ മര്‍ച്ചന്റ് അബ്ദുല്‍ ഖയ്യൂം എന്നിവരാണ് വിചാരണ നേരിടുന്നത്. ആദ്യഘട്ട വിചാരണയുടെ അവസാന സമയത്ത് പിടിയിലായതിനെ തുടര്‍ന്നാണ് ഈ ഏഴുപേരെ പ്രത്യേകം വിചാരണ ചെയ്യാന്‍ കോടതി തീരുമാനിച്ചത്.
ആദ്യഘട്ട വിചാരണയില്‍ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."