ഡാം തകര്‍ന്നാല്‍ എന്ത് സംഭവിക്കും?
ബാസിത് ഹസന്‍#
തൊടുപുഴ: കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ള ഇടമലയാര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ ഡാം ബ്രേക്ക് അനാലിസിസ് പഠനം തുടങ്ങി. ആസ്‌ത്രേലിയന്‍ കമ്പനിയായ എന്‍ഡ്യൂറ ഹൈഡ്രോ ടാസ്മാനിയയാണ് ഡാം തകര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് പഠനം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഒന്‍പതിനാണ് കെ.എസ്.ഇ.ബി എന്‍ഡ്യൂറയുമായി 1.75 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചത്. 15 മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കരാര്‍.
ഓരോ അണക്കെട്ടും വ്യക്തിഗതമായെടുത്താണ് പഠനം നടത്തുന്നത്. അണക്കെട്ട് തകര്‍ന്നാല്‍ അല്ലെങ്കില്‍ നിറഞ്ഞുകവിഞ്ഞാല്‍ എവിടെയൊക്കെ വെള്ളം കയറും ഏതൊക്കെ മേഖലകളെ ബാധിക്കും തുടങ്ങിയവയാണ് ഡിജിറ്റലൈസ് ചെയ്ത് പരിശോധിക്കുക. ഉപഗ്രഹ സഹായത്തോടെ പൂര്‍ണമായും കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് പഠനം. പ്രളയ മാപ്പ് ഗ്രാഫിക് മോഡലുകളുടെ പിന്‍ബലത്തോടെ തയാറാക്കും. കെ.എസ്.ഇ.ബിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പഠനം നടക്കുന്നത്.
ലോകബാങ്ക് പദ്ധതിയായ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ (ഡ്രിപ്പ്) ഭാഗമായി കേന്ദ്രജല കമ്മിഷന്റെ സഹായത്തോടെ ജലവിഭവ വകുപ്പിന്റെ 12 ഡാമുകളിലും കെ.എസ്.ഇ.ബിയുടെ 13 ഡാമുകളിലും നടത്തുന്ന ഡാം ബ്രേക്ക് അനാലിസ് ഒന്നാംഘട്ടം പൂര്‍ത്തിയായി. കെ.എസ്.ഇ.ബിയുടെ ഇടുക്കി, കുളമാവ്, ചെറുതോണി, ശബരിഗിരി, കക്കി, ലോവര്‍ പെരിയാര്‍, പമ്പ, ആനത്തോട്, മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, പൊന്മുടി ഡാമുകളും ജലവകുപ്പിന് കീഴിലുള്ള മലമ്പുഴ, നെയ്യാര്‍, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, പോത്തുണ്ടി, വാഴാനി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, ചിമ്മിണി, മലങ്കര, പഴശ്ശി ഡാമുകളുമാണ് ഡ്രിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശബരിഗിരി പദ്ധതിയുടെ റിപ്പോര്‍ട്ട് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ തിരിച്ചയച്ചതിനാല്‍ വീണ്ടും റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്. 2019 മണ്‍സൂണിന് മുന്‍പ് പരമാവധി അണക്കെട്ടുകളുടെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാനും ഡാം ബ്രേക്ക് അനാലിസിസും പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി യുടെ ശ്രമമെന്ന് ഡ്രിപ്പ് ആന്‍ഡ് ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ ബിബിന്‍ ജോസഫ് സുപ്രഭാതത്തോട് പറഞ്ഞു. എമര്‍ജന്‍സി ആക്ഷന്‍ പ്ലാനും ഡാം ബ്രേക്ക് അനാലിസിസും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കെ.എസ്.ഇ.ബി രൂപീകരിച്ച സ്‌പെഷല്‍ ടീം തലവന്‍ ഹൈഡ്രോളജി വിദഗ്ധന്‍ കൂടിയായ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. മോഹനനെ ഇന്‍വെസ്റ്റിഗേഷന്‍ സര്‍ക്കിളിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌പെഷല്‍ ടീമില്‍ പൂര്‍ണ ശ്രദ്ധ ചെലുത്താനാണ് ബോര്‍ഡിന്റെ നടപടി. അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സൂസന്‍ നൈനാന്‍, അസി. എന്‍ജിനീയര്‍മാരായ സി.ആര്‍ ജയകുമര്‍, വി. ഈശ്വരയ്യ എന്നിവരാണ് സ്‌പെഷല്‍ ടീം അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."