നടക്കാത്ത ഫെസ്റ്റിവലിന് ശമ്പളമായി നല്‍കിയത് മൂന്ന് കോടി രൂപ !
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നും വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നുമുള്ള ടൂറിസം ഡയരക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എന്നാല്‍ ആറു വര്‍ഷമായി നടക്കാത്ത ഫെസ്റ്റിവലിന് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയത് മൂന്ന് കോടി രൂപയാണ്. ഫെസ്റ്റിവലിനായി 11 പേരാണ് വര്‍ഷങ്ങളായി ശമ്പളം വാങ്ങിയിരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നു വിശേഷിപ്പിച്ച പദ്ധതിയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ത്തിയത്.
2007 ഡിസംബറിലാണ് ആദ്യ സീസണ് തുടങ്ങിയത്. ടൂറിസം, വ്യാപാര വ്യവസായ മേഖലകളുടെ പുത്തനുണര്‍വ് പ്രതീക്ഷിച്ചാണ് വര്‍ഷത്തില്‍ ഫെസ്റ്റിവല്‍ നടത്തിയത്. ഷോപ്പിങ് ടൂറിസം എന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധനേടാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തുടക്കം മുതല്‍ തന്നെ പരിപാടി പാളി.
ഫെസ്റ്റിവല്‍ നടത്തിപ്പില്‍ വന്‍ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടു വര്‍ഷം മുന്‍പ് ഇത് പിരിച്ചുവിടണമെന്ന് എ.ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരോ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമോ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
ആറു വര്‍ഷമായി ഫെസ്റ്റിവല്‍ നടക്കുന്നില്ലെങ്കിലും ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കാത്തതിനാല്‍ ഇവിടെ നിന്നും 11 പേര്‍ക്ക് ശമ്പളം മുടങ്ങാതെ നല്കിക്കൊണ്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."