താക്കീതുകള്‍ക്ക് പുല്ലുവില; മലയോര മേഖലയില്‍ സ്‌കൂള്‍ സമയങ്ങളിലും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍
മുക്കം: ടിപ്പര്‍ അപകടത്തില്‍ അധ്യാപികയും മകളും മരിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ താക്കീതുകള്‍ക്ക് പുല്ലുവില. നിയമങ്ങളും നിര്‍ദേശങ്ങളും അവഗണിച്ച് ടിപ്പര്‍ ലോറികള്‍ കഴിഞ്ഞ ദിവസങ്ങളിലും സര്‍വിസ് നടത്തി.
കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ അധ്യാപികയും 12 വയസുകാരിയായ മകളും മരിച്ച പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ നിയമം ലംഘിക്കുന്ന ടിപ്പറുകള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നുണ്ടെങ്കിലും ഡ്രൈവര്‍മാരോ ക്വാറി ഉടമകളോ നാട്ടുകാരുടെ അഭ്യര്‍ഥന ചെവികൊള്ളുന്നില്ല.
ചെറുവാടി, പന്നിക്കോട്, ചുള്ളിക്കാപറമ്പ്, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നാട്ടുകാര്‍ ടിപ്പര്‍ലോറികള്‍ തടഞ്ഞുവച്ച് ഡ്രൈവര്‍മാരോട് സഹകരിക്കാനാവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ ഗൗനിക്കാതെ ചില ടിപ്പര്‍ ജീവനക്കാര്‍ ഇന്നലെയും സ്‌കൂള്‍ സമയങ്ങളില്‍ സര്‍വിസ് നടത്തി.
സ്‌കൂള്‍ ആരംഭിക്കുന്നതിനും വിട്ടതിനു ശേഷവുമുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ അപകടകരമായ ഓട്ടം നിര്‍ത്തണമെന്ന പൊതുജന താല്‍പര്യം പോലും അംഗീകരിക്കാതെയാണ് ടിപ്പര്‍ ലോറികള്‍ പ്രകോപനം സൃഷ്ടിച്ച് ഓട്ടം തുടരുന്നത്.
ജില്ലയിലെ ഭൂരിഭാഗം ക്വാറികളും പ്രവര്‍ത്തിക്കുന്ന മലയോര മേഖലയിലെ റോഡുകളെ അപകടമുക്തമാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു ഭാഗത്ത് നടന്നു വരുമ്പോഴാണ് ടിപ്പര്‍ ജീവനക്കാരുടെ നിസഹകരണം.
ഒരപകടം നടന്നിട്ടും മരണപ്പാച്ചില്‍ തുടരുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരേ കൊടിയത്തൂരില്‍ വന്‍ ജനരോഷമാണ് ഉയരുന്നത്. എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ഗവ. യു.പി സ്‌കൂള്‍ കൊടിയത്തൂര്‍ ടൗണിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
നഴ്‌സറി ക്ലാസ് മുതലുള്ള കുട്ടികളില്‍ ഭൂരിപക്ഷവും റോഡിലൂടെ നടന്നാണ് വിദ്യാലയങ്ങളിലെത്തുന്നത്. വീതികുറഞ്ഞ തെയ്യത്തുംകടവ് -കൊടിയത്തൂര്‍ കോട്ടമ്മല്‍ റോഡിലൂടെ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാതെ കൊലവിളി നടത്തി സഞ്ചരിക്കുന്ന ടിപ്പര്‍ ലോറികളെ ഭീതിയോടെയാണ് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും കാണുന്നത്.
പ്രദേശത്തെ മിക്ക ക്വാറികളും രാഷ്ട്രീയ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നവയായതിനാലാണ് അവിടെനിന്നു ചരക്കുമായി അമിതവേഗതയില്‍ പോകുന്ന ടിപ്പര്‍ ലോറികളെ നിയന്ത്രിക്കാന്‍ പൊലിസോ മോട്ടോര്‍ വാഹന വകുപ്പോ താല്‍പര്യം കാണിക്കാത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."