തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കള്ളപ്പണ കേസ്: അങ്ങോട്ടു വരാമെന്ന് ശരദ് പവാര്‍, ഇപ്പോള്‍ വേണ്ടെന്ന് ഇ.ഡി
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരെ കള്ളപ്പണ കേസ് ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കുന്നു. കേസില്‍ തുടര്‍നടപടിക്കായി ഓഫിസിലേക്ക് വരാമെന്നു ശരദ് പവാര്‍ പറഞ്ഞതോടെ, ഇപ്പോള്‍ വേണ്ടെന്നും പോകുന്നത് ഒഴിവാക്കണമെന്നും പൊലിസുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ ഹാജരാകേണ്ടെന്ന് ആവശ്യപ്പെട്ടത്. ഇതോടെ അദ്ദേഹം നീക്കത്തില്‍ പിന്തിരിഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍.
ഇ.ഡി ഓഫിസിലേക്കുള്ള റോഡുകള്‍ അടച്ചിടുകയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശരദ് പവാറിന്റെ വീടിനു മുന്നിലും വലിയ പൊലിസ് സന്നാഹമുണ്ട്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ (എംഎസ്സി) ബാങ്കില്‍ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാര്‍ ഇഡിയുടെ ഓഫീസില്‍ ഹാജരാകുന്നത്. 25,000 കോടി രൂപയുടെ എംഎസ്സി ബാങ്ക് തട്ടിപ്പ് കേസില്‍ അദ്ദേഹം കള്ളപ്പണം വെളുപ്പിച്ചതായി ഏജന്‍സി കേസെടുത്ത ശേഷം എന്തെങ്കിലും വിവരങ്ങള്‍ ആവശ്യമുണ്ടോ എന്ന് ചോദിക്കാന്‍ താന്‍ ഇഡിയുടെ ഓഫീസിലേക്ക് പോകുമെന്ന് പവാര്‍ ബുധനാഴ്ച പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ജില്ലാ കേന്ദ്ര സഹകരണ (ഡിസിസി) ബാങ്കുകളുടെ സുപ്രധാന സ്ഥാപനമാണ് എംഎസ്സി ബാങ്ക്.
ബാങ്ക് ഡയറക്ടറ്ററില്‍ അംഗമാവുകയോ അഭിപ്രായ രൂപീകരണത്തില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലാത്ത തന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്ര ഏജന്‍സിക്ക് നന്ദി പറയുന്നുവെന്നാണ് ശരദ് പവാര്‍ പ്രതികരിച്ചത്. എനിക്കെതിരേയും അവര്‍ കേസെടുത്തിട്ടുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ അത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം തുടരും. ബാങ്ക് തട്ടിപ്പ് കേസില്‍ ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. തന്റെ പേര് എങ്ങനെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്ടികയില്‍ വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."