പിളരാതെയും വളരാതെയും കേരളാ കോണ്‍ഗ്രസ്
വളരുന്തോറും പിളരുന്തോറും വളരുന്ന പാര്‍ട്ടിയുടെ അടിവേരറുക്കുന്ന തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ഏതാനും മാസങ്ങളായി പിളരാതെയുള്ള കേരളാ കോണ്‍ഗ്രസ് (എം)ന്റെ തളര്‍ച്ച മധ്യകേരളത്തില്‍ യു.ഡി.എഫിന്റെ അടിത്തറയിളക്കാന്‍ പോന്നതാണ്. കേരളാ കോണ്‍ഗ്രസ് (എം) ജോസഫ്-ജോസ് വിഭാഗങ്ങളായി നിന്ന് പരസ്പരം നടത്തുന്ന പോര്‍വിളികളുടെ ആദ്യ ഫലം കൂടിയാണ് ഇന്നലെ പാലായിലെ ജനവിധിയിലൂടെ ഉണ്ടായത്. കേരളാ കോണ്‍ഗ്രസ് (എം)ലെ അധികാരം സ്ഥാപിക്കാനുള്ള മത്സരമാണ് പാലായില്‍ ദുരന്തപര്യവസായിയായി മാറിയതെന്ന് വ്യക്തം.
കെ.എം മാണിയെന്ന അതികായനെ പാലാക്കാര്‍ അത്ര കണ്ട് സ്‌നേഹിച്ചിരുന്നില്ലെന്ന് കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതിയില്‍നിന്ന് തന്നെ വ്യക്തമാണ്. 2016ല്‍ ശരിക്കും വിയര്‍ത്താണ് മാണി കടന്നു കൂടിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് തന്നെ ജോസ് വിഭാഗം അമിത പ്രതീക്ഷ പ്രകടിപ്പിച്ചിരന്നു. ജോസ് ടോമിന്റെ ആഹ്ലാദ പ്രകടനം 10.30ന് ആരംഭിക്കുമെന്നും നിയുക്ത എം.എല്‍.എയെ സ്വീകരിച്ചുകൊണ്ട് കെ.എം മാണിയുടെ കല്ലറയിലും വസതിയിലും പോകുന്ന വിവരവുമറിയിച്ച് കൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം വ്യാഴാഴ്ച ഉച്ചക്ക് തന്നെ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.
ജോസ് ടോമിനെ നിയുക്ത എം.എല്‍.എയാക്കി അനുമോദിക്കുന്ന പോസ്റ്ററുകളിറക്കിയും കേരളാ കോണ്‍ഗ്രസ് അപമാനം ക്ഷണിച്ചു വരുത്തി. എന്നാല്‍ ജോസ് വിഭാഗത്തിന്റെ ഈ ആവേശം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കാണാനില്ലായിരുന്നുവെന്നതാണ് സത്യം. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍ നിഷാ ജോസ് കെ. മാണിയുടെ പേരാണ് ഉയര്‍ന്നുകേട്ടത്. ഒരു ഘട്ടത്തില്‍ പി.ജെ ജോസഫും ഇതിന് അനുകൂലമായിരുന്നു. എന്നാല്‍ ജോസ് വിഭാഗം നേതൃയോഗം നിഷയടക്കം മാണി കുടുംബത്തില്‍നിന്ന് ആരും സ്ഥാനാര്‍ഥിയാകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
പാലായില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കൊടുത്ത കോണ്‍ഗ്രസിന് വോട്ടെടുപ്പിന് ശേഷം ഫലം സംബന്ധിച്ച ഒരു ചിത്രം ലഭിച്ചിരുന്നു. ജയസാധ്യത കൂടുതല്‍ മാണി സി. കാപ്പന് കല്‍പ്പിച്ച് കൊണ്ടുള്ള കണക്കാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മാണി സി. കാപ്പന്‍ 3600 വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരുന്നു ബൂത്ത് തലത്തില്‍നിന്ന് ശേഖരിച്ച കണക്കുകളില്‍നിന്ന് കിട്ടിയത്. ജോസ് ടോമിന്റെ തോല്‍വിക്ക് മുഖ്യകാരണം കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തന്നെയാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
എല്‍.ഡി.എഫ് പ്രചാരണം രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ പോലും ജോസഫ്-ജോസ് വിഭാഗങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഓട്ടത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഇത് കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാരിലും മണ്ഡലത്തിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും യു.ഡി.എഫിനോട് ശക്തമായ പ്രതിഷേധത്തിന് തന്നെയിടയാക്കി. വോട്ടര്‍മാര്‍ പരസ്യമായി ഇക്കാര്യം പ്രകടിപ്പിക്കുന്ന സാഹചര്യം പോലുമുണ്ടായി. മാണിയെ എക്കാലവും കാത്ത പാലാ നഗരസഭയിലും രാമപുരമെന്ന കോണ്‍ഗ്രസ് ശക്തികേന്ദ്രത്തിലുള്‍പ്പെടെ യു.ഡി.എഫിനെ പിന്നോട്ടടിപ്പിച്ചതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.
ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകാതിരുന്നതാണ് കാര്യങ്ങള്‍ കൈവിട്ടു പോകാനിടയാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പതിനൊന്നാം മണിക്കൂറില്‍ പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നേതൃത്വം കച്ച കെട്ടിയപ്പോഴേക്കും ജോസഫ്-ജോസ് വിഭാഗങ്ങള്‍ അത്രകണ്ട് അകന്നിരുന്നു. പാലായില്‍ നടത്തിയ കണ്‍വന്‍ഷനില്‍ ജോസഫ് നേരിടേണ്ടി വന്ന അപമാനവും പ്രതിഛായ ലേഖനവും മുറിവില്‍ മുളക് പുരട്ടലായി.
യു.ഡി.എഫിന്റെ പാലാ കണ്‍വന്‍ഷനില്‍ ജോസഫിനുണ്ടായ അപമാനത്തിലും ജോസഫിനെതിരേയുള്ള പ്രതിഛായ ലേഖനത്തിലും കോണ്‍ഗ്രസ് നേതൃത്വം ജോസ് കെ. മാണിയെ അതൃപ്തി അറിയിച്ചിരുന്നു.
കൂടാതെ പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനത്തില്‍ ജോസ് കെ. മാണിക്കെതിരേയും സ്ഥാനാര്‍ഥി ജോസ് ടോമിനെതിരെയും ജോയി ഏബ്രഹാം നടത്തിയ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതാണെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗവും വിലയിരുത്തിയിരുന്നു. പരസ്പരമുണ്ടായ വാക്‌പോരിന്റെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരു വിഭാഗവും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പുകളുടെ തിരക്കിലേക്ക് മുന്നണി നേതൃത്വം നീങ്ങുന്നതോടെ കേരളാ കോണ്‍ഗ്രസ് (എം)ലെ ഇരുവിഭാഗങ്ങളുടെയും പരാതികള്‍ പരിഗണിക്കുന്നത് വൈകിയേക്കും. ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് കിട്ടുന്ന ഭൂരിപക്ഷത്തിന്റെ കണക്കുകളുടെ പേരിലും ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായേക്കും. കെ.എം മാണിയില്ലാത്ത പാലായില്‍ അദ്ദേഹത്തോട് പലകുറി പൊരുതിത്തോറ്റ മാണി സി. കാപ്പനോട് വോട്ടര്‍മാര്‍ക്ക് പൊതുവില്‍ സഹതാപവുമുണ്ടായിരുന്നു. ഇക്കുറി കാപ്പന്‍ ജയിച്ചോട്ടെ എന്ന് കരുതിയ വോട്ടര്‍മാരും എല്‍.ഡി.എഫിന് തുണയായി.
പാലായിലെ ഫലവുമായി വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ നേരിടാനിരുന്ന യു.ഡി.എഫിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയ എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും പാലായിലെ വിജയം വലിയ ആത്മവിശ്വാസവുമായി ഉപതെരഞ്ഞെടുപ്പുകളെ നേരിടാന്‍ പ്രാപ്തമാക്കുമെന്ന് ഉറപ്പാണ്. പാലായില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അടിപതറിയ കേരളാ കോണ്‍ഗ്രസ് (എം)ന്റെയും യു.ഡി.എഫിന്റെയും ബലഹീനത ചിട്ടയായ പ്രചാരണപ്രവര്‍ത്തനത്തിലൂടെ പ്രയോജനപ്പെടുത്തിയാണ് എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചത്.
മൂന്നു ദിവസം പാലായില്‍ ക്യാംപ് ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളും പ്രചാരണത്തിന് നേതൃത്വം നല്‍കി വിജയം നെയ്‌തെടുത്തു. ചെങ്കൊടി ഒഴിവാക്കിയാണ് കലാശക്കൊട്ടിന് വരെ സി.പി.എം അണിനിരന്നത്. യു.ഡി.എഫ് കോട്ടയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള വോട്ടര്‍മാരുടെ വൈമുഖ്യം മനസിലാക്കിയുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു അത്. ഒടുവില്‍ മാണി സി. കാപ്പന്റെ വിജയാഹ്ലാദ പ്രകടനങ്ങളില്‍ മാത്രമാണ് സി.പി.എമ്മിന്റെ ചെങ്കൊടി ദൃശ്യമായത്.
ബി.ജെ.പി വോട്ട് വലത്തോട്ടോ ഇടത്തോട്ടോ എന്ന പതിവ് ചര്‍ച്ച പാലായിലും ഒഴിവാകുന്നില്ല. 2016ല്‍ കിട്ടിയ 24,000 വോട്ട് ബി.ഡി.ജെ.എസും കൂടി ചേരുന്നതാണെന്നും ഇത്തവണ അവരുടെ വോട്ട് തനിക്കാണ് കിട്ടിയതെന്നും മാണി സി. കാപ്പന്‍ തന്നെ പറഞ്ഞതാണ് ബി.ജെ.പിക്ക് പിടിവള്ളിയാകുന്നത്. സ്ഥാനാര്‍ഥി തന്നെ യു.ഡി.എഫിന് വോട്ട് വിറ്റെന്ന് ആരോപിച്ച് നിയോജകമണ്ഡലം പ്രസിഡന്റ് രാജി വച്ച സംഭവം എല്‍.ഡി.എഫ് വിജയത്തോടെ തല്‍ക്കാലം വിസ്മൃതിയിലായേക്കും. കേരളം ബി.ജെ.പിക്ക് ബാലികേറാമലയായി തന്നെ തുടരുകയാണ്.
ഒന്നര വര്‍ഷക്കാലം നിയമസഭാ സാമാജികനായി ഇരിക്കാനുള്ള ജനവിധിയാണ് മാണി സി. കാപ്പന് ലഭിച്ചത്. ചക്ക വീണ് മുയല് ചത്തതല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത മാണി സി. കാപ്പനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ കെ.എം മാണിക്ക് കൊണ്ടു വരാനാവാത്ത വികസനം പാലായിലെത്തിക്കാന്‍ കാപ്പന് കഴിയണം. അത് അസാധ്യമല്ല, അത്ര എളപ്പവുമല്ല. എല്‍.ഡി.എഫ് കനിഞ്ഞാല്‍ എന്‍.സി.പി അനുവദിച്ചാല്‍ മന്ത്രിപദവിയുടെ കിരീടവും ചെങ്കോലും കൂടി കിട്ടിയാല്‍ പാലായില്‍ ചിലതൊക്കെ ചെയ്യാന്‍ മാണി സി. കാപ്പന് കഴിയുമായിരിക്കും.
മറുവശത്ത് പരാജയം കണ്ണു തുറപ്പിക്കാനുള്ള അവസരമാണ് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം. മുതിര്‍ന്ന നേതാക്കളെയും അവരുടെ ഉപദേശങ്ങളെയും അംഗീകരിച്ച് അനുസരിച്ച് മുന്നോട്ട് പോകുകയെന്നതാണ് ജോസ് കെ. മാണിയുടെ മുമ്പിലുള്ള എളുപ്പവഴി. ജോസ് കെ. മാണിയുമായി ഇനി സഹകരിക്കുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ഒന്നിനോടും നോ പറയാന്‍ കഴിയില്ലെന്ന ജോസഫിന്റെ ക്ലാസിക് മറുപടി തന്നെ ജോസ് കെ. മാണിക്ക് വഴികാട്ടിയാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."