നജ്‌റാന്‍ അതിര്‍ത്തിയില്‍ ഹൂതി ആക്രമണം
സന്‍ആ: സഊദി- നജ്‌റാന്‍ അതിര്‍ത്തിക്ക് സമീപം യമനിലെ ഹൂതികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ശത്രുപക്ഷത്തെ 500ലേറെപേര്‍ കൊല്ലപ്പെട്ടതായും മൂന്ന് സൈനികവിഭാഗങ്ങള്‍ കീഴടങ്ങിയതായും ഹൂതി സൈനിക വക്താവ് യഹ്‌യ സരീ പ്രസ്താവനയില്‍ വ്യക്തമാക്കി. സൈനിക ഓഫിസര്‍മാരുള്‍പ്പെടെ ആയിരക്കണക്കിനു സൈനികരെ പിടികൂടിയതായും ഹൂതികള്‍ അറിയിച്ചു.
നജ്‌റാന്‍ പരിസരത്ത് ഡ്രോണ്‍, മിസൈല്‍, വ്യോമ പ്രതിരോധ യൂനിറ്റുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതായി വക്താവ് പറഞ്ഞു. നൂറുകണക്കിന് കവചിത വാഹനങ്ങളും ആയിരക്കണക്കിന് സഊദി സൈനികരെയും പിടിച്ചെടുത്തതായി ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സഊദി ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം പട്ടാളക്കാര്‍ കീഴടങ്ങുന്നതും സൈനികവാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകരുന്നതും ഹൂതികളുടെ അല്‍ മസീറ ടി.വി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ വിഡിയോ എപ്പോള്‍ തയാറാക്കിയതാണെന്ന് വ്യക്തമല്ല. സഊദി സൈനിക യൂനിഫോമിലുള്ള സൈനികരെയും മൃതദേഹങ്ങളും പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിലുണ്ട്.
യമനു നേരെയുള്ള സഊദി വ്യോമാക്രമണം തുടരുന്നപക്ഷം സഊദി പ്രദേശങ്ങളിലേക്കു കടന്ന് ആക്രമണം നടത്താന്‍ തങ്ങള്‍ക്കാവുമെന്ന് വ്യക്തമാക്കാനാണ് ഈ ഓപറേഷനെന്ന് ഹൂതി സൈനിക വക്താവ് പറഞ്ഞു. സഊദി പിടിച്ചെടുത്ത തടവുകാര്‍ സുരക്ഷിതരാണെന്ന ഉറപ്പു ഞങ്ങള്‍ക്കു ലഭിക്കണം- അദ്ദേഹം തുടര്‍ന്നു.
അതേസമയം കഴിഞ്ഞയാഴ്ച ഹൂതികള്‍ ആക്രമണം നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിനോട് സഊദി സഖ്യസേന അനുകൂലമായി പ്രതികരിക്കാതിരുന്നതിലുള്ള അമര്‍ഷമാണിതെന്നും ഹൂതികള്‍ക്ക് ആക്രമണം നടത്താന്‍ കഴിവുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണെന്നും യമനിലെ യു.എസ് ദൗത്യസേനയുടെ മുന്‍ ഉപമേധാവി നബീല്‍ ഖൗറി പറഞ്ഞു. ഹൂതികള്‍ക്ക് കടുത്ത പരിശീലനം ലഭിച്ച ഒരു ലക്ഷത്തോളം സൈനികരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമന്റെ വടക്കു ഭാഗം നിയന്ത്രിക്കുന്ന ഹൂതികള്‍ അടുത്തിടെ സഊദിയുടെ തെക്കേ അതിര്‍ത്തിയില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. സഊദി ദേശീയ ഓയില്‍ കമ്പനിയായ അരാംകോക്ക് നേരെ സെപ്റ്റംബര്‍ 14നുണ്ടായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.
ആക്രമണം സഊദിയുടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം പകുതിയായി കുറച്ചു. ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനവും കുറഞ്ഞു.
സെപ്റ്റംബര്‍ 21 ഹൂതികള്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതിന്റെ അഞ്ചാംവാര്‍ഷികമായിരുന്നു. 2014ല്‍ യമന്‍ സര്‍ക്കാരിനെ ഹൂതികള്‍ അട്ടിമറിച്ചതിനെ തുടര്‍ന്നാണ് യമനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
2015 മാര്‍ച്ചിലാണ് യു.എസ് പിന്തുണയോടെ സഊദി സഖ്യം യമനില്‍ സൈനികമായി ഇടപെട്ടു തുടങ്ങിയത്. യമനിലെ യുദ്ധത്തില്‍ ഇതുവരെ 70,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ പറയുന്നത്. ഇരുവിഭാഗവും യുദ്ധക്കുറ്റങ്ങള്‍ നടത്തിയതായും യു.എന്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."