രാജസ്ഥാനില്‍ നഗരസഭാ ജീവനക്കാര്‍ മധ്യവയസ്കനെ അടിച്ചുകൊന്നു
ജയ്പൂര്‍: തുറസായ സ്ഥലത്ത് സ്ത്രീകള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് തടഞ്ഞ മധ്യവയസ്കനെ നഗരസഭാ ജീവനക്കാര്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ബഗ്വാസ് കാച്ചി ബസ്തിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.30നാണ് ക്രൂരകൃത്യം അരങ്ങേറിയത്.
സി.പി.ഐ(എം.എല്‍) നേതാവായ സഫര്‍ ഖാനെ(55)യാണ് മുനിസിപ്പില്‍ കമ്മിഷണര്‍ അശോക് ജെയിന് അടക്കമുള്ള സംഘം അടിച്ചുകൊന്നത്. ഭാര്യയും മകളും വെളിയിടത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് നഗരസഭാ ജീവനക്കാര്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സഫര്‍ ഖാനെ കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. അവശനായ ഖാനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം കുടുംബത്തിനു കൈമാറി.
അശോക് ജെയ്നിനു പുറമെ നഗരസഭാ ജീവനക്കാരായ കമല്‍ ഹരിജന്‍, റിതേഷ് ഹരിജന്‍, മനീഷ് ഹരിജന്‍ എന്നിവര്‍ ചേര്‍ന്നാണ് സഫര്‍ ഖാനെ മര്‍ദിച്ചത്. സംഭവത്തില്‍ സഹോദരന് നൂര്‍ മുഹമ്മദ് ഉദ്യോഗസ്ഥര്ക്കെതിരേ പ്രതാപ്ഗഢ് കോട്ട്വാലി പൊലിസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം അന്വേഷിച്ചുവരികയാണെന്നും എഫ്.ഐ.ആറില്‍ പേര് പരാമര്‍ശിക്കപ്പെട്ട നാലുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പൊലിസ് സൂപ്രണ്ട് ശിവരാജ് മീണ പറഞ്ഞു.
സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്ന് സി.പി.ഐ(എം.എല്‍) വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. ആള് ഇന്ത്യാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് കേന്ദ്ര നിര്‍വാഹക കമ്മിറ്റി അംഗവും സി.പി.ഐ(എം.എല്‍) ജില്ലാ കമ്മിറ്റി അംഗവുമാണ് സഫര്‍ ഖാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."