ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവെന്ന് ക്രൈംബ്രാഞ്ച്
ചോദ്യപേപ്പര്‍ മൊബൈലില്‍ പകര്‍ത്തി അയച്ചു
ഇന്വിജിലേറ്റര്മാര്ക്കെതിരേ നടപടിക്ക് സാധ്യത
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് കേസിലെ മുഖ്യപ്രതി പ്രണവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുമായി കയറിയ ഇയാള്‍ പരീക്ഷ തുടങ്ങിയ ഉടന്‍ ചോദ്യപേപ്പര്‍ മൊബൈലില്‍ പകര്‍ത്തി യൂനിവേഴ്സിറ്റി കോളജിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയുടെ ഫോണിലേക്ക് അയക്കുകയായിരുന്നുവെന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. പ്രണവിനു പുറമെ മറ്റു പ്രതികളായ ശിവരഞ്ജിത്തും നസീമും മൊബൈല്‍ഫോണുമായാണ് പരീക്ഷാഹാളില്‍ പ്രവേശിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
പരീക്ഷാസമയത്ത് പ്രതികള്‍ പരസ്പരം അയച്ച എസ്.എം.എസുകള്‍ നേരത്തെ അന്വേഷണസംഘം വീണ്ടെടുത്തിരുന്നു. എന്നാല്‍ അപ്പോഴും ചോദ്യപേപ്പര്‍ എങ്ങനെ കോളജിനു പുറത്തുണ്ടായിരുന്നുവര്ക്ക് ലഭിച്ചുവെന്ന് വ്യക്തമായിരുന്നില്ല. പ്രതികള്‍ പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സാഹചര്യത്തില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്വിജിലേറ്റര്ക്കെതിരേയും നടപടിയെടുക്കണമോയെന്നത് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. പ്രണവ് ചോദ്യപേപ്പര്‍ അയച്ചുനല്‍കിയ വിദ്യാര്‍ഥിക്ക് തട്ടിപ്പിലുള്ള പങ്കും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."