ഭവനവായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
തൊടുപുഴ: ഹൗസിങ് ബോര്‍ഡില്‍നിന്ന് വീട് തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. കട്ടപ്പന നത്തുകല്ല് സ്വദേശി അയന്തിക്കല്‍ സെബാസ്റ്റ്യനാണ് (45) അറസ്റ്റിലായത്. ഭവന വായ്പ സംഘടിപ്പിച്ചു നല്‍കുമെന്ന് പത്രപ്പരസ്യം നല്കി പലരില്‍ നിന്നായി ഇയാള്‍ ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രഥമികമായി കണ്ടെത്തിയിരിക്കുന്നത്.
ഇരട്ടയാര്‍ സ്വദേശിയായ അജിയുടെ പരാതിയിലാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അജിയെക്കൂടാതെ തട്ടിപ്പിനിരയായ മറ്റു മൂന്നുപേരും ഇയാള്‍ക്കെതിരെ പൊലിസിന് മൊഴി നല്കി. കട്ടപ്പനയില്‍ ഹൗസിങ് ബോര്‍ഡ് കോംപ്ലക്സില്‍ മലനാട് നവജീവന്‍ റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു സെബാസ്റ്റ്യന്‍. സൊസൈറ്റിയുടെ പേരു മറയാക്കിയാണ് തട്ടിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്. രണ്ടു ലക്ഷം രൂപ ഹൗസിംഗ് ബോര്ഡിലടച്ചാല് വീടു നിര്‍മാണത്തിന് നാലു ലക്ഷം സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
രണ്ടു തവണയായി ഇരട്ടയാര്‍ സ്വദേശി അജിയുടെ കൈയ്യില്‍ നിന്നും രണ്ടു ലക്ഷം രൂപയിലധികം വാങ്ങി. ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. നാട്ടിലുള്ള എസ്.ബി.ടി ശാഖയില്‍ പണം നിക്ഷേപിക്കാമെന്ന് പറഞ്ഞ അജിയെ കട്ടപ്പനയില്‍ വിളിച്ചു വരുത്തി പണം വാങ്ങി സ്വന്തം പേരില്‍ അക്കൗണ്ടില്‍ നിക്ഷപിക്കുകയാണ് പ്രതി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."