ഡോക്ടറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം: യുവാവ് പിടിയില്‍
മഞ്ചേരി: ഡോക്ടറെ ഭീഷണിപെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലിസ് പിടിയില്‍. എടവണ്ണ മൂലക്കോടന്‍ വീട്ടില്‍ മുഹ്‌സിന്‍ (25)നെയാണ് മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മഞ്ചേരിയിലെ പ്രമുഖനായ ഡോക്ടറെ വ്യാജമായി നിര്‍മിച്ച വാട്‌സ് ആപ്പ് വഴി ഭീഷണിപ്പെടുത്തി 10 ലക്ഷം രുപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലിസ് പറഞ്ഞു.
പ്രതിയുടെ ബന്ധുവിനെ ആറ് മാസം മുന്‍പ് ഡോക്ടര്‍ ചികിത്സിച്ചിരുന്നു. ഈ സമയം രോഗിയുടെ കൂടെ കുട്ടിരിപ്പുകാരനായി പ്രതിയും ഉണ്ടായിരുന്നു. ഈ സമയങ്ങളില്‍ ഡോക്ടറുടെ ക്ലിനിക്കില്‍ വെച്ചുള്ള വിവിധ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി എഡിറ്റ് ചെയ്ത ശേഷം വ്യാജമായി നിര്‍മിച്ച വാട്‌സ് ആപ്പ് അക്കൗണ്ട് വഴി ഡോക്ടറുടെ ഫോണിലേക്ക് ഒരാഴ്ച മുന്‍പാണ് പ്രതി മുഹ്‌സിന്‍ അയച്ചുകൊടുത്തത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തിയാണ് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഇതിന് വേണ്ടി വിദേശ നമ്പറുകള്‍ എന്ന് തോന്നിക്കാവുന്ന തരത്തിലുള്ള വിവിധ നമ്പറുകളില്‍ നിന്ന് വിളിക്കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. പ്രതിഫലമായി 10 ലക്ഷം രുപ നല്‍കുകയാണെങ്കില്‍ ആരെയും അറീയിക്കാതെ പ്രശ്‌നം ഒതുക്കി തീര്‍ക്കാമെന്നായിരുന്നു പ്രതി ഡോക്‌റോട് പറഞ്ഞത്.
ഭീഷണി സന്ദേശം കിട്ടിയ ഉടന്‍ ഡോക്ടര്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നെറ്റ് നമ്പറുകളും വെര്‍ച്ചല്‍ നമ്പറും നവമാധ്യമങ്ങളും ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇതിന്റെ മുന്‍പും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം സൈബര്‍ സെല്‍ വികസിപ്പിച്ചിരുന്നു. ഇതിന്റെ സഹായത്തോടേയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ വ്യാജ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് എസ്.പി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്. അഡീഷണല്‍ എസ്.ഐ സത്യസ്ഥന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ്, അസൈനാര്‍ ,സുനില്‍ വഴിക്കടവ്, സൈലേഷ് സൈബര്‍ സെല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."