ഇരുന്നൂറിലധികം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രം!
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ പ്രധാന പ്രാഥമികാരോഗ്യ കേന്ദ്രമായ കാട്ടികുളം ബേഗുര്‍ പി.എച്ച്.സിയില്‍ കുടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി 200 ന് മേല്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കായി ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. അപ്പപ്പാറ പി.എച്ച്.സിയില്‍ നിന്നു ഒരു ഡോക്ടര്‍ ബേഗുര്‍ പി.എച്ച്.സിയില്‍ എത്തി രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഒരു മാസം മുന്‍പ് ഈ ഡോക്ടറെ അപ്പപ്പാറയിലേക്ക് തന്നെ സ്ഥിരമായി നിയമിച്ചതോടെയാണ് രോഗികള്‍ ബുദ്ധിമുട്ടിലായത്. ബസ് സര്‍വിസ് ഉള്ളതിനാല്‍ തന്നെ തിരുനെല്ലി, പാല്‍വെളിച്ചം, ബാവലി, കര്‍ണ്ണാടകയിലെ ബൈരകുപ്പ, മച്ചൂര്, കുട്ട എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളുടെ പ്രധാന ആശ്രയം ഈ ആരോഗ്യ കേന്ദ്രമാണ്. ഇപ്പോഴുള്ള ഡോക്ടര്‍ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ ക്യാംപുകള്‍ക്ക് പോയാല്‍ ഒ.പി മുടങ്ങുന്ന സാഹചര്യമാണിപ്പോള്‍. കാലവര്‍ഷം ആരംഭിക്കുകയും പനി ഉള്‍പ്പെടെയുള്ള വിവിധ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ദിവസേന എത്തുന്ന നൂറുകണക്കിന് രോഗികളെ വിശദമായ പരിശോധന നടത്താന്‍ ആവശ്യമായ സമയം കണ്ടെത്താന്‍ കഴിയാതെ ആകെയുള്ള ഡോക്ടറും വലയുകയാണ്.
പ്രവര്‍ത്തന മികവിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായ കല്‍പ്പം അവാര്‍ഡ് ലഭിച്ച ആരോഗ്യ കേന്ദ്രം കൂടിയാണിത്. അതെ സമയം കുറഞ്ഞ രോഗികള്‍ മാത്രമെത്തുന്ന അപ്പപ്പാറ പി.എച്ച്.സിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും ഒരു ഡോക്ടറെ കൂടി നിയമിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."