മലപ്പുറം നഗരസഭയിലെ കൂട്ടസ്ഥലംമാറ്റം: നഗരത്തില്‍ മാലിന്യ സംസ്കരണം നിലച്ചു
മലപ്പുറം: നഗരസഭയിലെ ആരോഗ്യവകുപ്പിലുണ്ടായ കൂട്ടസ്ഥലം മാറ്റം മൂലം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. നിലവിലുണ്ടായിരുന്ന ഹെല്‍ത്ത് സൂപ്പര്‍വൈസറെ സ്ഥലം മാറ്റിയെങ്കിലും ഇതിന് പകരം ചുമതല ഏല്‍പ്പിച്ചയാള്‍ ജോലി ഏറ്റെടുത്ത ഉടനെ ലീവില്‍ പോവുകയായിരുന്നു.
ഇതുമൂലമാണ് ജില്ലാ ആസ്ഥാനം ഉള്‍പ്പെടെയുള്ള നഗരസഭ പരിധിയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതും ഏറെക്കുറേ നിലച്ച മട്ടാണ്.
സ്ഥലംമാറ്റിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ പുതിയ ആളെ സര്‍ക്കാര്‍ നിയോഗിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്ട്രാര്‍ക്ക് ആണ് എച്ച്.എസിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. രജിസ്ട്രേഷന് വിഭാഗത്തിലെ തിരക്ക് കാരണം രജിസ്ട്രാര്‍ക്ക് ആരോഗ്യ മേഖലയിലേക്ക് തിരിഞ്ഞുനോക്കാനായിട്ടില്ല. രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം നഗരസഭ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും ഒഴിവുവന്ന പോസ്റ്റുകളിലേക്ക് ആളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഭരണ കക്ഷി അംഗങ്ങള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."