അക്ഷരാക്രോശങ്ങളെ പുരസ്‌കരിച്ച് സാഹിത്യ നൊബേല്‍
ഇന്നലെ പ്രഖ്യാപിച്ച സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് ഏറെ സവിശേഷതകളുണ്ട്, സമാനതകളും. മീ റ്റു വിവാദച്ചുഴിയില്‍ സ്വീഡിഷ് അക്കാദമി അകപ്പെട്ടതോടെ, 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല. സാഹിത്യത്തിലെ നോബേല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും സ്‌ളാവോ വംശജരാണ്. ഇരുവരും പൂര്‍വ യൂറോപ്യന്‍ അക്ഷര സാന്നിധ്യങ്ങള്‍.
രാഷ്ട്രീയ അനീതിയ്‌ക്കെതിരെയും വംശീയ ചൂഷണങ്ങള്‍ക്കെതിരെയും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അക്ഷരാക്രോശങ്ങള്‍ നടത്തുന്ന രണ്ട് സുപ്രധാന ശബ്ദങ്ങള്‍. പോളണ്ടുകാരിയായ ഓള്‍ഗ ടൊകാര്‍ചുക്(2018), സൈക്കോളജിസ്റ്റ്. പ്രതിഭാധനനായ ഓസ്ട്രിയന്‍ നോവലിസ്റ്റ് പീറ്റര്‍ ഹാന്‍ഡ്‌കെ(2019), തികഞ്ഞ വലതുപക്ഷ സഹയാത്രികന്‍, തിരക്കഥാകൃത്ത്. സമകാലീന എഴുത്തുകാരില്‍ ഏറ്റവും മുന്തിയ സാഹിത്യ പ്രതിനിധികള്‍ എന്നറിയപ്പെടുന്ന ഈ രണ്ട് എഴുത്തുകാരുടെയും തിരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ഘോഷ യാത്രകള്‍ തന്നെ ഉണ്ടാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല എങ്കിലും, ലോക സാഹിത്യ പരിസരങ്ങളിലൂടെ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ തിളക്കത്തിന് പ്രസ്തുത വിവാദങ്ങള്‍ കൊണ്ട് യാതൊരു കുറവും സംഭവിക്കുകയില്ല.
പീറ്റര്‍ ഹാന്‍ഡ്‌കെ:
നിസ്സഹായന്റെ കുറ്റസമ്മതങ്ങള്‍
തീവ്ര മനുഷ്യാനുഭവങ്ങളുടെ ആഴവും പരപ്പും ഭാഷയുടെ മനോഹാരിതയില്‍ ചാലിച്ചെടുത്ത്, ക്രിയാത്മകമായി ആവിഷ്‌കരിച്ചു എന്ന നിരീക്ഷണങ്ങളിലൂടെയാണ് ഈ വര്‍ഷത്തെ നൊബേല്‍ കമ്മിറ്റി ഓസ്ട്രിയന്‍ നോവലിസ്റ്റായ പീറ്റര്‍ ഹാന്‍ഡ്‌കെയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
സാഹിത്യ നൊബേല്‍ സമ്മാനം നിരോധിക്കണം എന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരു എഴുത്തുകാരനായിരുന്നു ഹാന്‍ഡ്‌കെ. 2014ല്‍ ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ പറഞ്ഞത്, പുരസ്‌കാരങ്ങള്‍ ഒരു നിമിഷത്തെ ശ്രദ്ധ ലഭിക്കാനും പരമാവധി ആറു പേജില്‍ കവിയാതെ പത്രമാധ്യമങ്ങളുടെ കവറേജ് നേടാനും മാത്രമേ സഹായിക്കൂ എന്നായിരുന്നു.
1978ല്‍ റിലീസായ 'ലെഫ്ട് ഹാന്‍ഡഡ് വുമണ്‍' എന്ന ചലച്ചിത്രത്തിലൂടെ ആണ് ഹാന്‍ഡ്‌കെ അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിക്കുന്നത്. അതേ വര്‍ഷത്തില്‍ തന്നെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഗോള്‍ഡന്‍ പാം അവാര്‍ഡിനു വേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ടു.
വലതുപക്ഷ സെര്‍ബിയന്‍ ദേശീയ വാദികള്‍ക്ക് അനുകൂലമായി എന്നും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഹാന്‍ഡ്‌കെ ഭരണവര്‍ഗക്കാരെ എന്നും വിമര്‍ശിച്ച് കൊണ്ടേയിരുന്നു.'സെര്‍ബിയയുടെ നീതിക്കുവേണ്ടി നദികളിലേക്ക് ഒരു യാത്ര' എന്ന യാത്രാവിവരണ കൃതി ഒന്ന് മാത്രം മതി പ്രസ്തുത വിമര്‍ശനങ്ങളുടെ മൂര്‍ച്ചയറിയാന്‍.
'ദ തബലാസ് ഓഫ് ദ മിയാല്‍' എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ച, യുഗോസ്‌ളാവിയന്‍ പ്രസിഡന്റ് സ്ലോബോടാന്‍ മിലോസെവിച്ച്മായുള്ള തര്‍ക്കങ്ങളുടെ സമാഹാരം, സെര്‍ബിയന്‍ വംശജര്‍ക്ക് നിരാകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ ബൃഹദ് ചരിത്രമായി.
മനുഷ്യക്കുരുതികളുടെ നേര്‍ക്ക് നടത്തുന്ന നിസ്സഹായനായ ഒരാളുടെ കുറ്റസമ്മതങ്ങളാണ് ഹാന്‍ഡ്‌കെയുടെ രചനാലോകത്തിന്റെ കാതലായ പ്രമേയം.
ഓള്‍ഗ ടൊകാര്‍ചുക്ക്:
ഭാവനയും ആഖ്യാനവും
തീവണ്ടിയാത്രയ്ക്കിടയിലെ ഉറക്കം... സാനിറ്ററി നാപ്കിനുകളുടെ കവര്‍ ചിത്രങ്ങള്‍... പറക്കുന്നതിനിടയില്‍ അനുഭവപ്പെടുന്ന മനം പിരട്ടലില്‍നിന്നു രക്ഷ നേടാന്‍ ഉപയോഗിക്കുന്ന ഛര്‍ദില്‍ കവറിലെ കുത്തിക്കുറിക്കലുകള്‍... ടൂറിസ്റ്റ് ഗൈഡുകളായി മാറുന്ന മാപ്പുകള്‍... ഒരു ദീര്‍ഘദൂര യാത്രയില്‍ സഞ്ചാരികള്‍ അനുഭവിക്കുന്ന ഇടതടവുകള്‍... മുറിഞ്ഞ മുന്നേറ്റങ്ങള്‍... ഇവയുടെ കഥയുടെയും കഥയില്ലായ്മയുടെയും ആഖ്യാനങ്ങളാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടൊകാര്‍ചുക്കിന് കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നൊബേല്‍ നേടിക്കൊടുത്തത്
ഒരു മുഴുനീള നോവലിന്റെ ഒഴുകുന്ന വായനയ്ക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന തടസം ഓള്‍ഗയുടെ ആഖ്യാനരീതിയെ പരിചയമില്ലാത്തവര്‍ക്ക് അമ്പരപ്പുകള്‍ സമ്മാനിക്കും. പക്ഷെ, ടി.എസ് എലിയറ്റ് തന്റെ ''വെയ്സ്റ്റ് ലാന്റ്'' എന്ന കവിതയില്‍ പറയുന്നത് പോലെ, 'എ ഹീപ് ഓഫ് ബ്രോക്കണ്‍ ഇമേജസ്'എന്നതാണ് ഈ രീതിയെ വിശേഷിപ്പിക്കാനുള്ള എളുപ്പ മാര്‍ഗം. അതെ, മുറിഞ്ഞ ബിംബങ്ങളുടെ ഒരു കൂമ്പാരം! അതിലൂടെ നാം മനുഷ്യരെ അറിയുന്നു... ജീവിതത്തെ അറിയുന്നു... മനുഷ്യ ജീവിതത്തിന്റെ അതിരുകള്‍ ഭേദിക്കുന്നതിനെ കുറിച്ചും അറിയുന്നു.
നിരവധി കഥകള്‍ കോര്‍ത്തിണക്കിയ ഒരു നീണ്ട കഥയാണ് ഓള്‍ഗയുടെ 'ഫ്‌ലൈറ്റ്‌സും' 'ദ ബുക്‌സ് ഓഫ് ജേക്കബും.' പക്ഷെ, ഓരോ കഥയ്ക്കും അതിന്റേതായ ഒരനിതരസാധാരണത്വം വായനക്കാരന് അനുഭവവേദ്യമാകുന്നു. അതിനിടയില്‍ അപ്രതീക്ഷിതമായ ചില മുറിഞ്ഞുപോകലുകള്‍ സംഭവിക്കാം. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ഇടയ്ക്കിടെ മുസ്‌ലിമും ക്രിസ്ത്യാനിയുമായി മതം മാറ്റം നടത്തിക്കൊണ്ടിരുന്ന ഒരു വിഭാഗം ജൂതന്മാരുടെ നേതാവായ ജേക്കബ് ഫ്രാങ്കിനെ അന്വേഷിച്ച് ഹാപ്‌സ്ബര്‍ഗ്, പോളിഷ്, ലിത്വാനിയന്‍, കോമണ്‍ വെല്‍ത്ത് എന്നീ അതിരുകള്‍ കടന്ന് ഓള്‍ഗ നടത്തുന്ന യാത്രയാണ് 'ജേക്കബിന്റെ പുസ്തകങ്ങളു'ടെ ഇതിവൃത്തം. ഓള്‍ഗയുടെ മാസ്റ്റര്‍പീസായിട്ടാണ് ഈ നോവലിനെ സാഹിത്യ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്.
'ഫ്‌ലൈറ്റ്‌സി'ലെ ചോപിന്‍ എന്ന കഥാപാത്രത്തിന്റെ ഹൃദയം ഒരു ജാറില്‍ മൂടപ്പെട്ട് നടത്തുന്ന യാത്ര ഈ നോവലിലെ ഒരു പ്രധാന ഭാഗമാണ്. ഇതിന്റെ യാത്ര അവസാനിക്കുന്നത് പോളണ്ടിലെ യുദ്ധഭീകരതകളുടെ ദുരന്ത ഓര്‍മകള്‍ മാത്രം സമ്മാനിക്കുന്ന വാഴ്‌സാ പട്ടണത്തിലാണ്. അടുത്ത അധ്യായത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് ചോപിന്റെ ഹൃദയത്തിന്റെ പ്രയാണത്തിന്റെ ദിശാമാറ്റങ്ങളെയും അവ സൃഷ്ടിച്ചെടുക്കാന്‍ തയാറെടുക്കുന്ന ജീവിതക്രമങ്ങളെയുമൊക്കെയാണെങ്കിലും മറിക്കപ്പെട്ട താളുകള്‍ നമ്മെ വഞ്ചിക്കുന്നു. കാരണം ആ താളുകളില്‍ നാം പരതി നടന്നാല്‍ കിട്ടുന്നത് ഒരു പ്രവാസി പോളിഷ് ബയോളജിസ്റ്റ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്ന കഥയാണ്. ആ തിരിച്ചു പോക്കിന് അയാളെ പ്രേരിപ്പിക്കുന്നതാവട്ടെ, ഒരു പഴയ സുഹൃത്തിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാനും.
'ഫ്‌ളൈറ്റ്‌സി'ല്‍ അടുത്തതായി 'ബോര്‍ഡ്' ചെയ്യുന്ന കഥ ക്രൊയേഷ്യയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ അപ്രത്യക്ഷരാവുന്ന ഒരു പോളിഷ് സഞ്ചാരിയുടെ ഭാര്യയും മകനുമാണ്. തലസ്ഥാനമായ സാഗ്‌രബില്‍ നിന്നും മാറിയുള്ളൊരു ദിക്കില്‍ അവര്‍ പിന്നീട് തിരിച്ചെത്തുന്നു.
തിമിംഗലവേട്ടക്കാരനായ ഒരു കിറുക്കന്‍ സ്വന്തം വള്ളം തട്ടിയെടുക്കുന്നതാണ് ഈ നോവലിലെ അടുത്ത സംഭവം. അയാള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അയാള്‍ക്കോ വായനക്കാര്‍ക്കോ മനസ്സിലാകുന്നില്ല. ഈ പേജുകളിലൊക്കെയും ഓള്‍ഗ വിതറിയിടുന്ന നര്‍മമാണെങ്കിലോ, അത് ഏറെ അതിശയകരവും ഉജ്വലവുമാണ്.
ആധുനിക കാല യാത്രയുടെ ഭൗതിക തലങ്ങളെ അവതരിപ്പിക്കുന്ന ഈ പോളിഷ് എഴുത്തുകാരി, മനുഷ്യ ശരീരത്തിലെ ഏറ്റവും സുപ്രധാനമായ പേശി, നാവ് എന്നിവയെ പ്രശ്‌നവല്‍ക്കരിക്കുന്നതാണ് ഈ നോവലിന്റെ മറ്റൊരാകര്‍ഷണീയത. ചലനം കൊണ്ട് മനുഷ്യനെ ജീവിക്കുന്ന വസ്തുവാക്കുന്നതില്‍ നിര്‍ണായകമായ സ്ഥാനം വഹിക്കുന്ന നാവും അതിന്റെ ഉപയോഗവും അതിനെക്കുറിച്ചുള്ള വിവരണവുമൊക്കെ അസാധാരണ മിഴിവോട് കൂടിത്തന്നെ നോവലിന്റെ ഇതിവൃത്തത്തെ ശാക്തീകരിക്കുന്നു.
ഓള്‍ഗയുടെ നോവലുകളെക്കുറിച്ച് പൊതുവായും, 'ബെയ്ഗുനി' എന്ന പേരില്‍ 2007ല്‍ പ്രസിദ്ധീകൃതമായ ഈ നോവലിനെക്കുറിച്ച് പ്രത്യേകിച്ചും, സാഹിത്യവിമര്‍ശകര്‍ ഉന്നയിക്കുന്ന പരാതികളാണ് ചില കഥകള്‍ അപൂര്‍ണമാണെങ്കില്‍ മറ്റു ചിലതിന് വ്യക്തത കുറവാണ് എന്നത്. പക്ഷെ, ഈ അപൂര്‍ണതയും അവ്യക്തതയുമാണ് മനുഷ്യരെന്ന നിലയില്‍ നാം നേരിട്ട് കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ വ്യത്യസ്ത മുഹൂര്‍ത്തങ്ങള്‍.
ആ മുഹൂര്‍ത്തങ്ങളെയും അതിന്റെ ഭീകര യാഥാര്‍ഥ്യങ്ങളെയും ഒരു ദീര്‍ഘദൂര യാത്രയ്ക്കിടയിലെ ചില താല്‍ക്കാലിക തുരുത്തുകളാണെന്നും അവ തിരിച്ചറിയുന്ന മനുഷ്യശരീരങ്ങളാണ് ഭൂമിയുടെ അവകാശികളെന്നും ഓള്‍ഗ നമ്മെ ഓര്‍മിപ്പിക്കുന്നു. 'മൈല്‍സ് റ്റു ഗോ, ബിഫോര്‍ ഐ സ്ലീപ്' എന്ന റോബര്‍ട് ഫ്രോസ്റ്റിന്റെ വരികള്‍ കൂടി ഓള്‍ഗയുടെ നോവലുകളെ മിഴിവുറ്റതാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."