പ്രിയതമയ്ക്കായി പണിത താജ്മഹല്‍ പൂര്‍ത്തിയാക്കും മുന്‍പേ ഖാദിരിയെ അപകടം തട്ടിയെടുത്തു
ലഖ്‌നൗ: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച താജ്മഹല്‍ പ്രണയത്തിന്റെ നിര്‍മല സ്മാരകമാണ്. ഇതു ചരിത്രത്തിന്റെ ഭാഗമായെങ്കിലും പിന്നീടൊരിക്കലും ആരും ഇത്തരത്തിലൊരു സ്മാരകം നിര്‍മിച്ചതായി അറിവില്ല. എന്നാല്‍, കഴിഞ്ഞ ദിവസം അന്തരിച്ച ഉത്തര്‍പ്രദേശിലെ ഫൈസുല്‍ ഹസന്‍ ഖാദിരിയും ഷാജഹാനോളം പുകള്‍പെറ്റിരിക്കുകയാണിപ്പോള്‍.
ബുലാന്ദ് ഷാഹിര്‍ ജില്ലാ സ്വദേശിയായ 89കാരനായ ഇദ്ദേഹം തന്റെ പ്രിയ ഭാര്യയുടെ ഓര്‍മയ്ക്കായി നിര്‍മിച്ചുകൊണ്ടിരുന്ന പ്രണയ സ്മാരകത്തിന്റെ പൂര്‍ത്തീകരണം കാണാതെയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
പോസ്റ്റ് മാസ്റ്ററായിരുന്ന ഖാദിരി ഭാര്യ മുല്ലി ബീബിയുടെ ഓര്‍മയ്ക്കായി 2012ലാണ് മിനി താജ്മഹലിന്റെ നിര്‍മാണം തുടങ്ങിയത്. 1953ലാണ് ഇവര്‍ വിവാഹിതരായത്.
വാര്‍ത്ത പുറത്തുവന്നതോടെ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അദ്ദേഹത്തെ സന്ദര്‍ശിച്ചു സഹായം നല്‍കാമെന്നറിയിച്ചു. മാര്‍ബിള്‍ പാകുന്നതടക്കമുള്ള ജോലി പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, പിന്നീട് ഇതിനു പകരം ഖാദിരിയുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു കോളജ് സ്ഥാപിക്കപ്പെടുകയായിരുന്നു. ഇതിനുള്ള സ്ഥലവും ഖാദിരി തന്നെയാണ് നല്‍കിയത്. രണ്ടു ലക്ഷം രൂപ ചെലവഴിച്ചുള്ള മിനി താജ്മഹലിന്റെ നിര്‍മാണം പാതിവഴിയിലാണ്. ഷാജഹാനെ അടക്കിയതു പോലെ, ഖാദിരിയെയും അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്തു തന്നെ മറവുചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."